വിവാഹം ചെയ്യാത്തതിന് കാരണം, ഭാര്യക്ക് അതുൾക്കൊള്ളാൻ പറ്റണമെന്നില്ല; മണിക്കുട്ടൻ പറയുന്നു
മലയാള സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടനാണ് മണിക്കുട്ടൻ. നായകനായും സഹനടനായും മണിക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരു പോലെ കണ്ട നടനാണ് മണിക്കുട്ടൻ. ഇന്നും തന്റേതായ സ്ഥാനം മണിക്കുട്ടന് സിനിമാ രംഗത്തുണ്ട്. കരിയറിനെയും ജീവിതത്തെയും കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ചു. ആക്ടിംഗ് മാത്രമല്ല. സിസിഎൽ ക്രിക്കറ്റ് കളിക്കാൻ പോയി. സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. സിനിമയുടെ ഭാഗമായി ഏതെങ്കിലും ചാനൽ ഷോ വന്നാൽ അതും ചെയ്യുന്നുണ്ട്. സിനിമയില്ലാത്ത നാളുകളുണ്ടായിരുന്നു. പക്ഷെ അതെന്നെ ബുദ്ധിമുട്ടിൽ കൊണ്ടെത്തിച്ചിട്ടില്ല. മൂന്ന് നേരം ആഹാരം കഴിക്കാനും വെെകുന്നേരം ജിമ്മിൽ പോകാനുമുള്ള പണം എനിക്ക് സിനിമ തരുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളായ 15 പേരും വിവാഹം ചെയ്തു. കുഞ്ഞുങ്ങളുമായി. പല വിഷമങ്ങളും പറയും. എനിക്ക് സിനിമയുണ്ടാകണം, വെെകുന്നേരം വർക്കൗട്ടൊക്കെ ചെയ്ത് ചിക്കനുമായി ബന്ധപ്പെട്ട എന്തെങ്കിലും കഴിച്ചാൽ എന്റെ അന്നത്തെ ദിവസം അടിപൊളിയായി. അതിൽ ഞാൻ തൃപ്തനാണ്. മുന്നോട്ട് എങ്ങനെയാണെന്ന് അറിയില്ല.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന ചോദ്യത്തിന് മണിക്കുട്ടൻ മറുപടി നൽകി. വിവാഹം കഴിഞ്ഞാൽ പല കാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഇന്ന് രണ്ട് പേരും തുല്യരായി കുടുംബം നോക്കുന്നവരുണ്ട്. പക്ഷെ ഇപ്പോൾ എനിക്ക് അമ്മയോടും ചേച്ചിയോടുമെല്ലാം പെെസ ചോദിക്കാം. പക്ഷെ ഭാര്യയോട് ചോദിക്കുമ്പോൾ അവർക്ക് മനസിലാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് ചിലപ്പോൾ വിഷമമാകും. വർക്കില്ലാതിരിക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയാണ്. സിനിമ കാണും. ഡാൻസ് പഠിക്കാൻ പോകും. സെറ്റിൽഡ് ആകട്ടെ എന്ന് വിചാരിച്ചു. അത് നടന്നില്ല. ഇപ്പോൾ ഈ ലെെഫിൽ ഞാൻ ഓക്കെയാണ്. ഇനി അങ്ങനെയാെരാൾ വന്ന് ചേർന്നാൽ നടക്കട്ടെ എന്നേയുള്ളൂ.
ഇനി പ്രയത്നിക്കുന്നില്ല. സിനിമയ്ക്ക് വേണ്ടി മാത്രമേ പ്രയത്നിക്കുന്നുള്ളൂ. കല്യാണമൊക്കെ വന്ന് ചേരേണ്ട കാര്യങ്ങളാണ്. വീട്ടിൽ കല്യാണക്കാര്യം പറയുമ്പോൾ എനിക്ക് ദേഷ്യം വന്നാൽ ഞാൻ എറണാകുളത്ത് മാറി താമസിക്കും. പിന്നെ തിരിച്ച് വരും. കല്യാണക്കാര്യം പറയുന്നത് തനിക്ക് പൊതുവെ വലിയ ദേഷ്യമുള്ള കാര്യമല്ലെന്നും മണിക്കുട്ടൻ പറഞ്ഞു.


Click it and Unblock the Notifications
















