അവസരം ലഭിക്കാൻ എന്നോട് ചെയ്യാൻ പറഞ്ഞത്, ഇങ്ങനെ സിനിമ കിട്ടിയാൽ എനിക്ക് ജീവിക്കാൻ പറ്റില്ല: പ്രിയാമണി
കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി പ്രിയാമണി ഇന്ന് കടന്ന് പോകുന്നത്. അവസരങ്ങൾ തുടരെ പല ഭാഷകളിൽ നിന്നായി ലഭിക്കുന്നു. ഇത്രയും ഓഫറുകൾ പ്രിയാമണി സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് നടിക്ക് സിനിമകൾ നന്നേ കുറവായിരുന്നു. തമിഴിൽ പരുത്തിവീരന് ശേഷം നല്ല സിനിമകൾ പ്രിയാമണിക്ക് ലഭിച്ചില്ല. തെലുങ്കിലും കന്നഡയിലും മുൻനിര നായികയാകാൻ ബുദ്ധിമുട്ടി. അതേസമയം മലയാളത്തിൽ മികച്ച സിനിമകൾ തുടരെ ലഭിച്ചു. സിനിമാ രംഗത്ത് നിന്നും തനിക്ക് ലഭിച്ച മോശം ഉപദേശത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു. കരിയറിൽ മുന്നേറണമെങ്കിൽ ഹീറോയ്ക്കോ സംവിധായകർക്കോ മെസേജ് അയക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു. നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷെ ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയക്കണം എന്നാണ് അയാൾ പറഞ്ഞത്. തനിക്കത് പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ, എന്റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്ക് രാത്രി സമാധാനമായി കിടന്നുറങ്ങണം.
എന്റെ മാതാപിതാക്കളെ നാണം കെടത്തരുത്. ഇങ്ങനെ ചെയ്ത് ഒരു സിനിമ ലഭിച്ചാൽ പിന്നീട് എങ്ങനെ തനിക്ക് ജീവിക്കാൻ പറ്റുമെന്ന് താൻ ചിന്തിച്ചെന്നും പ്രിയാമണി വ്യക്തമാക്കി. തനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ലെന്നും പ്രിയാമണി പറയുന്നു. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷെ തനിക്കത് പറ്റില്ലെന്നും നടി വ്യക്തമാക്കി. മറ്റ് നായികമാർ കാരണം തന്റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി പറഞ്ഞു.

പരുത്തിവീരനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ നടിയാണ് പ്രിയാമണി. തമിഴിൽ പ്രിയാമണി മുൻനിര നായികയാകുമെന്ന് ഏവരും കരുതി. എന്നാൽ അതുണ്ടായില്ല. എന്താണ് പ്രിയാമണിയുടെ കരിയർ വളർച്ചയ്ക്ക് തടസമായതെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. ചില ഹീറോകൾക്ക് തന്നെ നായികയാക്കുന്നതിൽ താൽപര്യമില്ലായിരുന്നെന്നും താൻ പെർഫോമൻസിൽ അവരെ മറികടക്കും എന്ന ചിന്തയാണിതിന് കാരണമെന്ന് കേട്ടിട്ടുണ്ടെന്ന് ഒരിക്കൽ പ്രിയാമണി പറഞ്ഞിരുന്നു. മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്.
കരിയർ ഗ്രാഫ് തകർച്ചയിലായിരുന്ന ഘട്ടത്തിലാണ് ഫാമിലി മാൻ എന്ന സീരീസ് പ്രിയാമണിയെ തേടിയെത്തുന്നത്. ഇതോടെ ബോളിവുഡിലും പ്രിയാമണിക്ക് സ്വീകാര്യത ലഭിച്ചു. ഇന്ന് പല ഭാഷകളിൽ പ്രിയാമണി സാന്നിധ്യം അറിയിക്കുന്നു. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് പ്രിയാമണിക്കൊപ്പമുണ്ട്. 2017 ലായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷമാണ് പ്രിയാമണിക്ക് തുടരെ സിനിമകൾ ലഭിച്ചത്. ഭർത്താവാണ് തന്റെ ഭാഗ്യമെന്നാണ് പ്രിയാമണി പറയാറുള്ളത്.


Click it and Unblock the Notifications
