അനിയന്റെ സംസ്കാരത്തിൽ പങ്കെടുത്ത് തിരികെ വന്ന് കോമഡി സീനിൽ അഭിനയിച്ചു, ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല!
വർഷങ്ങൾക്കുശേഷം ജയറാം- ഉർവശി കോമ്പോ ഒരുമിക്കുന്ന പരിമള ആന്റ് കോ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രശസ്ത സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ചിത്രം ഔട്ട് ആന്റ് ഔട്ട് ഫൺ എന്റർടെയ്നറാണെന്നാണ് ടീസർ നൽകുന്ന സൂചന. ഷൂട്ടിങിനിടെ ഉണ്ടായ ഒരു സംഭവം ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ജയറാം പങ്കുവെച്ചു. അഭിനേത്രി എന്ന രീതിയിൽ തന്റെ പ്രൊഫഷനോട് വളരെ അധികം കമ്മിറ്റ്മെന്റുള്ളയാളാണ് ഉർവശിയെന്ന് ജയറാം പറഞ്ഞു.
വിജയവും പരാജയവും എല്ലാവർക്കും സംഭവിക്കുന്നതാണ്. പക്ഷെ ഒരു ആർട്ടിസ്റ്റാകുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒരു വിഷയം നടന്നതിനെ കുറിച്ച് ഞാൻ പറയാൻ പോവുകയാണ്. ഇവിടെ പറയാമോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല. എങ്കിലും പറയുന്നു.

പരിമള ആന്റ് കോയിലെ ഒരു എപ്പിസോഡ് പാലക്കാട് നടക്കുന്നത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നാല് ദിവസം പാലക്കാട് ഷൂട്ട് ചെയ്യാൻ പ്ലാനിട്ടു. ആ നാല് ദിവസവും എല്ലാ ആർട്ടിസ്റ്റുകളുടേയും കോമ്പിനേഷനാണ്. ലൊക്കേഷന്റെ പെർമിഷൻ വരെ വാങ്ങി വെച്ചിരുന്നു. നാല് ദിവസത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കണം. ഇല്ലെങ്കിൽ പിന്നെ നടക്കില്ല. എല്ലാം പ്ലാൻ ചെയ്ത് എല്ലാ താരങ്ങളുടേയും ഡേറ്റ്സും വാങ്ങി. അങ്ങനെ എല്ലാവരും പാലക്കാട് എത്തി.
ആദ്യത്തെ ദിവസത്തെ ഷൂട്ടിങ് ഹാഫ് ഡെ ആയപ്പോൾ ഉർവശിയുടെ ഇളയ സഹോദരൻ മരിച്ചുവെന്ന് അറിഞ്ഞു. രാത്രി ഫ്ലൈറ്റ് ബുക്ക് ചെയ്ത് തരണം ബാക്കിയുള്ള ആർട്ടിസ്റ്റകളുടെ ക്ലോസപ്പ് അടക്കം എല്ലാം ഷൂട്ട് ചെയ്ത് വെക്കൂവെന്ന് പറഞ്ഞ് ഉർവശി ചെന്നൈയ്ക്ക് പോയി. അനിയന്റെ സംസ്കാരവും മറ്റ് ചടങ്ങുകളും പൂർത്തിയാക്കി പിറ്റേദിവസം ഉച്ചയോടെ ഉർവശി തിരിച്ച് വന്നു.
ശേഷം സിനിമയിലെ ഏറ്റവും തമാശ നിറഞ്ഞ രംഗത്തിൽ ചിരിച്ച് അഭിനയിച്ച് പെർഫോം ചെയ്തയാളാണ് ഉർവശി. ഉർവശിക്ക് വേണ്ടി ഷൂട്ട് നിർത്തിവെക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അതിന് സമ്മതിക്കാതിരുന്നത് ഉർവശിയാണ് എന്നാണ് ജയറാം പറഞ്ഞത്. വേറെ ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പമായിരുന്നു തനിക്ക് അന്ന് കോമ്പിനേഷനെങ്കിൽ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടുമായിരുന്നുവെന്ന് ഉർവശിയും പറഞ്ഞു.
എന്റെ അനിയനുമായി നല്ല അടുപ്പമുണ്ടായിരുന്ന ആളാണ് ജയറാം. എന്റെ സഹോദരന്റെയും ജയറാമിന്റെയും സുഹൃത്തുക്കൾ കോമണാണ്. ജയറാമിന്റെ നാട്ടിലേക്ക് അവൻ ഇടയ്ക്കിടെ വരുമായിരുന്നു. ഞാൻ സംസ്കാരം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ എന്താണ് സംഭവിച്ചത്? എങ്ങനെയാണ് നടന്നത്? എന്നൊന്നും ജയറാം എന്നോട് ചോദിച്ചില്ല.

അതുവരെ എന്തൊക്കെ ഷൂട്ട് ചെയ്തു എന്നതൊക്കെ എനിക്ക് വിവരിച്ച് തന്ന് ചിരിക്കുകയാണ് ചെയ്തത്. ഇതൊന്നും ചെയ്യാതെ അനിയനെ കുറിച്ച് എന്നോട് ജയറാം അന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ അപ്സറ്റാകുമായിരുന്നു. സംവിധായകൻ പാണ്ടിരാജും ഒരു വാക്കും ചോദിച്ചില്ല. ചിലർ ഫോർമലായി എന്തെങ്കിലും ചോദിക്കണമല്ലോയെന്ന് കരുതി വന്ന് ചോദിക്കും. കലാകാരന്മാർ പക്ഷെ അങ്ങനെ ചെയ്യില്ല.
ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കണമെന്ന് അവർക്ക് അറിയാം. നമ്മളുമായി കമ്യൂണിക്കേഷനുള്ള ആർട്ടിസ്റ്റിനൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. ഞാനും ജയറാമും തമ്മിൽ ചില വിഷയങ്ങളൊന്നും കമ്യൂണിക്കേറ്റ് ചെയ്യേണ്ട ആവശ്യം തന്നെയില്ല. വളരെ വർഷങ്ങളായി അറിയാവുന്നവരല്ലേ. ജയറാമും ഞാൻ കടന്ന് പോയിട്ടുള്ള സാഹചര്യങ്ങൾ അനുഭവിച്ചയാളാണ്.
ഞാനും ജയറാമിന്റെ സഹോദരിയും ഒരുപോലെയാണ്. അവളുമായി ഞാൻ സംസാരിക്കാറുണ്ട്. അമ്പതിനായിരം രൂപ കടം ചോദിക്കാൻ പോലും സിനിമാ താരമായാൽ നമുക്ക് കഴിയില്ല. ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും അമ്പതിനായിരം എടുക്കാനില്ലേയെന്നാണ് അവർ ചിന്തിക്കുക എന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications


