ഇതാണ് കർമ്മ, സ്വന്തം കുടുംബത്തിന് സംഭവിച്ചപ്പോൾ മനസിലായോ; അച്ഛന്റെ മരണത്തിൽ പോലും ജീവയെ വെറുതെ വിടുന്നില്ല?
കഴിഞ്ഞ ദിവസമാണ് നടൻ പ്രമുഖ നിർമാതാവ് ആർബി ചൗധരി വാഹനാപകടത്തിൽ മരിച്ചത്. നടൻ ജീവയുടെ പിതാവാണ് ആർബി ചൗധരി. പിതാവിന്റെ മരണത്തിൽ തകർന്നിരിക്കുകയാണ് ജീവ. നടന് ആശ്വാസ വാക്കുകളുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നുണ്ട്. ജീവ സിനിമാ താരമായി വളർന്നതിൽ വലിയ പങ്ക് ആർബി ചൗധരിക്കുണ്ട്. പ്രിയപ്പെട്ട പിതാവിന്റെ അപ്രതീക്ഷിത മരണം ജീവയ്ക്ക് ഉൾക്കൊള്ളാനാകുന്നില്ല. കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ജീവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇതിൽ മോശം കമന്റുകളിടുന്നവരുമുണ്ട്. ചിലർ ഉന്നയിക്കുന്ന വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 41 പേരുടെ മരണത്തിനിടയാക്കിയ കാരൂർ ദുരന്തത്തെ പരിഹസിച്ച് കൊണ്ടുള്ള ഒരു രംഗം ജീവയുടെ ഒടുവിൽ പുറത്തിറങ്ങിയ തലെെവർ തമ്പി തലെെമയിൽ എന്ന സിനിമയിലുണ്ടായിരുന്നു. ഇത് വലിയ വിവാദമായതാണ്.

നടൻ വിജയുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് തടിച്ച് കൂടിയ ആൾക്കൂട്ടത്തിലെ തിക്കിലും തിരക്കിലും പെട്ടാണ് കാരൂറിൽ 41 പേർ മരിച്ചത്. അന്നത്തെ തമിഴ്നാട് വിദ്യഭ്യാസ മന്ത്രി അൻബിൽ മഹേഷ് മാധ്യമങ്ങൾക്ക് മുന്നിൽ വെെകാരികമായി ഒരു വാക്ക് പറഞ്ഞിരുന്നു. സുരക്ഷയ്ക്കുള്ള നിബന്ധനകൾ പാലിക്കണമെന്ന് ഞാൻ വീണ്ടും വീണ്ടും പറഞ്ഞതല്ലേ എന്നായിരുന്നു ഈ വാചകം.
ഈ വാക്കുകൾ ജീവയുടെ സിനിമയിൽ കോമഡിയായി ഉപയോഗിച്ചു. ദുരന്തത്തെ പരിഹസിക്കുകയും മരണപ്പെട്ടവരുടെ കുടുംബത്തെ വേദനയെ നിരാകരിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഈ കോമഡി ഡയലോഗ്. അന്ന് വ്യാപക വിമർശനം ജീവയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ നടൻ സിനിമയുടെ പ്രൊമോഷണൽ ഇവന്റിലും തമാശയായി ഈ ഡയലോഗ് പറഞ്ഞു. വിജയുടെ ടിവികെ പാർട്ടിയെ പിന്തുണയ്ക്കുന്നയാളാണ് ജീവ. സ്വന്തം കുടുംബത്തിലെ ഒരാൾ മരിച്ചപ്പോൾ അതുണ്ടാക്കുന്ന ആഘാതവും വേദനയും ആഘാതവും മനസിലായോ, ഇതാണ് ഉടനടിയുള്ള കർമ്മ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് വന്നിട്ടുണ്ട്. ഈ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുണ്ട്.
ജീവ ചെയ്തത് തെറ്റാണ്. പക്ഷെ ഈ സമയത്ത് ഈ വിഷയം ചർച്ചയാക്കുന്നതും ജീവയെ കുറ്റപ്പെടുത്തുന്നതും ശരിയല്ലെന്ന് കമന്റുകളുണ്ട്. എന്നാൽ താൻ ചെയ്ത തെറ്റ് മനസിലാക്കാനുള്ള അവസരമാണ് ജീവയ്ക്കിതെന്നും അഭിപ്രായങ്ങളുണ്ട്. പൊട്ടിക്കരയുന്ന ജീവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽ വെച്ചാണ് ആർബി ചൗധരി വാഹനാപകടത്തിൽ മരിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 99 സിനിമകളോളം ആർബി ചൗധരി നിർമ്മിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം സിനിമാന നിർമാണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി നിൽക്കാൻ ആർബി ചൗധരിക്ക് കഴിഞ്ഞു. സിനിമാ രംഗത്തെ നിരവധി പേർ ആർബി ചൗധരിക്ക് ആദരാഞ്ജലി അർപ്പിച്ചു.


Click it and Unblock the Notifications

