കുടുംബത്തെ സംരക്ഷിക്കണമെന്ന ഉത്തരവാദിത്തബോധം, അധികാര പ്രകടനമോ അഹങ്കാരമോ അല്ല, കർമ്മം കൊണ്ട് അമ്മയായവൾ!
കൃഷ്ണ കുമാർ കുടുംബത്തിലുണ്ടായ കുടുംബ വഴക്ക് ചർച്ചയായപ്പോൾ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നൊരാൾ നടിയായ അഹാന കൃഷ്ണയാണ്. അമ്മയുടെ അമ്മയെ അശ്ലീല പദപ്രയോഗങ്ങൾക്കൊണ്ട് വിശേഷിപ്പിച്ചു, സൈബർ ബുള്ളിയിങിന് ഇട്ട് കൊടുത്തു എന്നതിന്റെയെല്ലാം പേരിലാണ് അഹാനയ്ക്ക് വിമർശനം ലഭിക്കുന്നത്. ഇതുവരെ ആരാധകർക്ക് മുമ്പിൽ ഉണ്ടായിരുന്ന താരത്തിന്റെ ഇമേജ് തകർന്നടിഞ്ഞു. അഹാനയ്ക്ക് എതിരെ വിമർശനം പെരുകുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അഹാന നൽകുന്ന പാഠം എന്ന തലക്കെട്ടോടെ കുറിപ്പ് പങ്കുവെച്ചത് ഫേസ്ബുക്ക് യൂസറായ ജോസ്ന സാബുവാണ്. ആ കുറിപ്പ് ഇങ്ങനെയാണ്.. ഒരു കുടുംബത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തി ആരാണെന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരം മൂത്ത മകൾ എന്നായിരിക്കും. അവൾ ജനിച്ചത് ഒരു മകളായിട്ടാണ്. എന്നാൽ വളരുന്നതിനൊപ്പം അവൾ അറിയാതെ തന്നെ ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങൾ കൂടി അവൾ ഏറ്റെടുക്കുന്നു.

ഇളയ സഹോദരങ്ങളെ ഭക്ഷണം കഴിപ്പിക്കുന്ന, ഉറക്കുന്ന, പഠനത്തിൽ സഹായിക്കുന്ന, ഇഷ്ടപെട്ട ഒരു പാവയെപോലും അനുജനോ അനുജത്തിക്കോ ആയി വിട്ടുനൽകുന്ന, തനിക്ക് കിട്ടിയ ആകെയുള്ളൊരു ദോശപോലും കുഞ്ഞനുജനെ ഊട്ടി മനസുനിറയ്ക്കുന്ന, അവരുടെ സുരക്ഷയെക്കുറിച്ച് എപ്പോഴും ആശങ്കപ്പെടുകയും ചെയ്യുന്ന ഒരു പാവം പെൺമനസ് ഓരോ മൂത്ത പെൺകുട്ടിയിലുമുണ്ടെന്ന് നാം തിരിച്ചറിയണ. കുടുംബത്തിൽ ആരെങ്കിലും വിഷമിച്ചാൽ ആദ്യം ഓടിയെത്തുന്നത് അവളാണ്.
അതെ ഇതെല്ലാം ചെയ്യാൻ അവൾക്ക് പ്രായമായിരുന്നോ..?. ഇല്ല. അവൾക്കും സ്വന്തം ബാല്യവും സ്വപ്നങ്ങളും വികാരങ്ങളുമുണ്ട്. പക്ഷെം കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി അവൾക്ക് പലപ്പോഴും സ്വന്തം ആഗ്രഹങ്ങൾ മാറ്റിവക്കപ്പെടേണ്ടി വരുന്നു. കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തബോധം കൊണ്ടാണ് ചിലപ്പോൾ അവൾ കർശനമായി പെരുമാറുന്നത്. ചില കാര്യങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. അത് അധികാരപ്രകടനമല്ല. മറിച്ച് സ്നേഹത്തിന്റെ മറ്റൊരു രൂപമാണ്.
എന്നാൽ പലരും ആ കരുതലിനെ അഹങ്കാരമായോ അമിത ഇടപെടലായോ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നതും അവൾക്കാണ്. കാരണം അവൾ അമ്മയാകുന്നതിന് മുമ്പെ ഒരു അമ്മയുടെ ചുമതലകൾ ഏറ്റെടുത്തവളാണ്. ആരും പഠിപ്പിക്കാതെ അവൾ ത്യാഗം പഠിച്ചവളാണ്. ആരും പറയാതെ അവൾ ഉത്തരവാദിത്തം ഏറ്റെടുത്തവളാണ്. ആരും കാണാതെ പല രാത്രികളിലും ഉറക്കമില്ലാതെ ആശങ്കപ്പെടുന്നവളാണ്.
എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അവൾ സ്വന്തം ജീവിതത്തെ കുറിച്ച് പോലും ചിന്തിക്കുന്നത്. ഒരു ദിവസം അവൾ വിവാഹിതയാകുമ്പോഴും ഈ സ്വഭാവം മാറുന്നുണ്ടോ... ഇല്ല. മാറുന്നില്ല. ഭാര്യ ഭർത്താവിനെ കരുതുകയും ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും മകൾ മാതാപിതാക്കളേയും സഹോദരങ്ങളേയും സംരക്ഷിക്കുമ്പോഴും ആ മാതൃസ്നേഹം പ്രകടമാകുന്നു. പുതിയ കുടുംബത്തെ ചേർത്ത് നിർത്തുന്നതിലും സ്വന്തം വീട്ടിലെ എല്ലാവരെയും മനസിൽ സൂക്ഷിക്കുന്നതിലും അവൾ അതേ സ്നേഹം തുടർന്നുകൊണ്ടിരിക്കുന്നു.

അവളുടെ ഹൃദയം എപ്പോഴും മറ്റുള്ളവർക്കായി മിടിക്കുന്നു. മൂത്ത മകൾ... അവൾക്ക് വേണ്ടത് പ്രശംസയല്ല. ഞങ്ങൾ നിന്നെ മനസിലാക്കുന്നു എന്നൊരു ചേർത്ത് പിടിക്കലാണ്. കാരണം ഏറ്റവും ശക്തരായി തോന്നുന്നവർ തന്നെയാണ് പലപ്പോഴും ഏറ്റവും നിശ്ശബ്ദമായി തകരുന്നതും. അതുകൊണ്ട് നിങ്ങളുടെ വീട്ടിലെ മൂത്ത മകളെ ഒന്ന് ശ്രദ്ധിക്കൂ. അവൾ ദേഷ്യപ്പെടുമ്പോൾ അതിന് പിന്നിൽ സ്നേഹമുണ്ടാകാം.
അവൾ ശാസിക്കുമ്പോൾ അതിന് പിന്നിൽ കരുതലുണ്ടാകാം. അവൾ മിണ്ടാതിരിക്കുമ്പോൾ പറയാനാകാത്ത ഒരുപാട് വേദനകൾ ഉണ്ടാകാം. കാരണം അവൾ ജനിച്ചത് ഒരു മകളായിട്ടാണ്. പക്ഷെ ജീവിതം പലപ്പോഴും അവളെ വളരെ ചെറുപ്പത്തിൽ തന്നെ ഒരു അമ്മയാക്കി. അവളുടെ ത്യാഗങ്ങൾക്ക് പേരുകളോ അവളുടെ സ്നേഹത്തിന് അതിരുകളോ ഇല്ല. അവളുടെ കണ്ണീരിന് സാക്ഷികളോ അവളുടെ ത്യാഗങ്ങൾക്ക് പലപ്പോഴും കൈയ്യടികളോ അവളുടെ കണ്ണീരിന് സാക്ഷികളോ ഇല്ല.
എങ്കിലും കുടുംബത്തിന്റെ ശക്തിയായി അവൾ എന്നും നിലകൊള്ളുന്നു. മൂത്ത മകളെ മനസ്സിലാക്കാൻ ശ്രമിക്കൂ. അവളുടെ സ്നേഹത്തെയും കരുതലിനെയും വിലമതിക്കൂ. കാരണം അവൾ ചോദിക്കുന്നത് വലിയൊരു പ്രതിഫലമല്ല. എന്നെ ഒന്ന് മനസിലാക്കൂ... എന്നൊരു ചെറിയ അംഗീകാരം മാത്രമാണ് എന്നുമായിരുന്നു കുറിപ്പ്. അതേസമയം അമ്മ സിന്ധുവും ഭാവി വരൻ നിമിഷുമെല്ലാം അഹാനയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications


