'സഹായിക്കണമെന്ന് പറഞ്ഞാൽ അത് എങ്ങനെ തെറ്റാകും?, സഹായം വാങ്ങിയവർ തന്നെ സുരേഷിനെ വിഷമിപ്പിച്ചു'
സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന താരങ്ങളിൽ ചിലരെ കുറിച്ച് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. നന്മ ചെയ്യുന്നവരെ കല്ലെറിയുന്നവരാണ് സമൂഹത്തിൽ ഏറെയെന്ന് അദ്ദേഹം പറയുന്നു. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നൂറ് കണക്കിനും ആയിരകണക്കിനും ആസ്തിയുള്ളവർ ചെറിയൊരു സഹായം ആർക്കെങ്കിലും ചെയ്താൽ അത് വലിയൊരു വാർത്തയായി കൊട്ടിഘോഷിക്കപ്പെടാറുണ്ട്.
എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് സഹായം ചെയ്യുന്നവരെ ആരും അറിയാറുമില്ല വാർത്തയാകാറുമില്ല. നടിയായ സീമ ജി നായർ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവൃത്തികളും സ്വാന്ത്വനമേകുന്ന ഒറ്റയാൾ പോരാട്ടവും എങ്ങനെ വിസ്മരിക്കാനാകും. ഒരുപാട് പേരുടെ കണ്ണീർ ഒപ്പിയിട്ടുള്ളവരാണ് അവർ.

സുമനസുള്ള സീമയെപ്പോലുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ എങ്കിലും നമുക്ക് കഴിയണം. കാൻസർ പിടിപെട്ട് വേദന അനുഭവിക്കുന്ന ഒരു സെലിബ്രിറ്റിയാണ് രേണു സുധി. അവരുടെ അവസ്ഥ അറിഞ്ഞ് സാന്ത്വനമേകാൻ സീമ ചെന്നിരുന്നു. കണ്ടിട്ട് വന്നശേഷം അവരുടെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത് വലിയ വാർത്തയുമായി. അപ്പോഴേക്കും സീമയുടെ നേരെ പതിവുപോലെ ചിലർ ചാടി വീണു.
അടുത്ത പിരിവിനുള്ള മാർഗമെന്നാണ് ചിലർ പരിഹസിച്ച് പറഞ്ഞത്. രേണുവിന്റെ പേരിൽ പിരിവ് നടത്താനുള്ള സീമയുടെ തയ്യാറെടുപ്പായിട്ടാണ് ചിലർ ഇതിനെ കണ്ടതും. രേണു ചികിത്സയുടെ ആവശ്യത്തിനായി ആരോടും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ല. വ്യക്തിപരമായ അടുപ്പം വെച്ച് ചിലർ രേണുവിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്.
ഇനി അഥവാ രേണുവിന് സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ അവരെ സഹായിക്കണമെന്ന് സീമ പറഞ്ഞാൽ അത് എങ്ങനെ തെറ്റാകും. അങ്ങനെ സഹായം നൽകാൻ ആരെങ്കിലും തയ്യാറായാൽ അതെല്ലാം രേണുവിന്റെ അക്കൗണ്ടിലാണ് എത്തുക. അല്ലാതെ സീമയുടെ അക്കൗണ്ടിലേക്ക് അല്ല. പലർക്കും വേണ്ടി കൈനീട്ടി യാചിക്കാറുണ്ട് സീമ. അങ്ങനെ പല കാൻസർ രോഗികൾക്കും സഹായം എത്തിച്ചിട്ടുമുണ്ട്.
അങ്ങനെ സഹായം ലഭിച്ചവർ ആരും സീമയെ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടുമില്ല. സീമയുടെ അഭ്യർത്ഥന മാനിച്ച് സുമനസുകൾ രോഗികൾക്ക് വീടുകൾ വെച്ച് കൊടുത്തിട്ടുമുണ്ട്. അതുപോലെ തന്ന മലയാള നടന്മാരിൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്നൊരാൾ സുരേഷ് ഗോപിയാണ്. ഇന്ന് വലിയ നിലയിൽ എത്തിയ പലരുടേയും പ്രതിസന്ധി ഘട്ടങ്ങളിൽ മനസറിഞ്ഞും കൈ അയഞ്ഞും അദ്ദേഹം സഹായിച്ചിട്ടുണ്ട്.

പലരേയും താൻ സഹായിച്ചിട്ടുണ്ടെന്നും ഒരിക്കൽ പോലും അവരാരും അത് പുറത്ത് പറഞ്ഞിട്ടില്ല. താനും പറഞ്ഞിട്ടില്ല. അവരുടെ ഭാഗത്ത് നിന്നും പലവിധ വിഷമങ്ങളും തനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും ഒരു പഴയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നന്മ ചെയ്യുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ വന്നശേഷം നടന് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാൽ അദ്ദേഹത്തിന്റെ പേരിന് കോട്ടം സംഭവിക്കുകയും ചെയ്തു. നല്ല മനസിന്റെ ഉടമയാണെങ്കിലും നാക്ക് പിഴവ് മൂലം അദ്ദേഹത്തിന്റെ ഇമേജിന് പലപ്പോഴും കോട്ടം തട്ടി. ഇതുപോലെ തന്നെ നിർധനരുടെ അവസ്ഥ കണ്ട് മനസ് അലിഞ്ഞ് കിടപ്പാടം പോലും സഹായിച്ച വലിയൊരു മനസിന്റെ ഉടമയാണ് സാജു നവോദയ. 15 വർഷത്തോളം വാടക വീട്ടിൽ താമസിച്ചശേഷമാണ് അദ്ദേഹം സ്വന്തമായി ഒരു വീട് വെച്ചത്.
അതേ വീട് പിന്നീട് വിറ്റ് മറ്റൊരാൾക്ക് അദ്ദേഹം വീട് വെച്ച് കൊടുത്തു. ശേഷം വാടക വീട്ടിലേക്ക് മാറി. സ്വപ്ന ഭവനം യാതൊരു മടിയുമില്ലാതെ വിറ്റ് മറ്റൊരാളെ സഹായിച്ചുവെന്നത് ഓർക്കുമ്പോൾ സാജുവിനോടും സഹധർമ്മിണിയോടും എന്തെന്നില്ലാത്ത ആദരവും ബഹുമാനവുമാണ് തനിക്കെന്നും അഷ്റഫ് പറയുന്നു.


Click it and Unblock the Notifications


