ചെയ്തതൊന്നും മറക്കില്ല! ഇനി മത്സരിക്കാനോ സ്ഥാനം വഹിക്കാനോ ഞാനില്ല! തുറന്നുപറഞ്ഞ് അന്‍സിബ
ശ്വേത മേനോന്റെ നേതൃത്വത്തില്‍ അമ്മയില്‍ പുതിയ നേതൃത്വം വന്നപ്പോള്‍ വന്‍പ്രതീക്ഷയായിരുന്നു പലര്‍ക്കും. ആദ്യമായിട്ടായിരുന്നു വനിത പ്രസിഡന്റ്. ജീവിതത്തില്‍ വളരെയധികം ബോള്‍ഡായിട്ടുള്ള വ്യക്തിയായ ശ്വേതയില്‍ ഈ റോളും നന്നായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഭരണ സമിതിയിലെ അംഗങ്ങളെപ്പോലും ചേര്‍ത്തുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നുമാത്രമല്ല സംഘടനയക്ക് അകത്ത് തീര്‍ക്കേണ്ടിയിരുന്ന വിഷയങ്ങള്‍ പോലും കൈവിട്ട് പോവുകയായിരുന്നു. തുടക്കത്തില്‍ പിന്തുണച്ചവര്‍ പോലും പിന്നീട് ശ്വേതയെ വിമര്‍ശിക്കുകയായിരുന്നു. അമ്മയില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ പരാതിപ്പെട്ടപ്പോള്‍ ഇതില്‍ അമ്മയ്ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ശ്വേതയുടെ മറുപടി. അമ്മയിലെ തന്നെ മറ്റ് അംഗവുമായുള്ള വിഷയമായിരുന്നിട്ട് കൂടി അവരത് പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍.
മതപരിവര്‍ത്തനത്തിന് ശ്രമിച്ചു, ജിഹാദിയെന്ന് വിളിച്ചു തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു അന്‍സിബ നേരിട്ടത്. തന്റെ കുടുംബത്തെ പോലും അപമാനിക്കുന്ന തരത്തില്‍ വരെയുള്ള സംഭവങ്ങള്‍ നടന്നതായും അന്‍സിബ പറഞ്ഞിരുന്നു. നിയമപരമായി നീങ്ങാനാണ് തന്റെ തീരുമാനമെന്നും അവര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉച്ചയ്ക്ക് ശേഷം സമയം ചോദിച്ച് വാങ്ങിച്ചായിരുന്നു അന്‍സിബ സംസാരിച്ചത്. കൃത്യമായ തെളിവോടെയായിരുന്നു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഇതില്‍ ഒരു മറുപടി പോലും പറയാതെയായിരുന്നു ശ്വേത മേനോന്‍ നിലവിലെ ഭരണസമിതി രാജി വെക്കുന്നു എന്നും, താന്‍ പ്രാഥമിക അംഗത്വം വരെ റദ്ദാക്കുകയാണെന്നും അറിയിച്ചത്. ഇവിടെ നില്‍ക്കണമെങ്കില്‍ പാവയാവണം, അങ്ങനെയാവാന്‍ എനിക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

നേരത്തെ ശ്വേതയെ പിന്തുണച്ചവര്‍ പോലും പിന്നീട് അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ശരി വെക്കുകയായിരുന്നു. താല്‍ക്കാലികമായി രൂപം കൊണ്ട അഡ്‌ഹോക് കമ്മിറ്റിയില്‍ അന്‍സിബയെ പരിഗണിച്ചെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു ചിലര്‍. അഡ്‌ഹോക് കമ്മിറ്റിയിലുള്ളവര്‍ പിന്നീട് മത്സരിക്കരുതെന്നുണ്ട്. അതിനാലാണ് അന്‍സിബയെ ആ കമ്മിറ്റിയിലേക്ക് നിര്‍ദേശിക്കാതെയിരുന്നതെന്നായിരുന്നു വിശദീകരണം. ഇപ്പോഴിതാ ഫേസ്ബുക്കിലൂബടെയായി അന്‍സിബ തന്നെ കാര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തിയിരിക്കുകയാണ്.
എന്റെ ജീവിതയാത്രയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം. അമ്മ സംഘടനയുമായി ബന്ധപ്പെട്ട്, ഇനിയൊരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ, സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും,ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നുമായിരുന്നു അന്‍സിബ കുറിച്ചത്.


Click it and Unblock the Notifications