രമ പോയിട്ട് മൂന്ന് വർഷം, നല്ലൊരു പെണ്ണിനെ കെട്ടണ്ടേ?; ജഗദീഷിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ; അപ്പ ഹാജ
സിനിമയിൽ നിന്നും അപ്പ ഹാജയ്ക്ക് ലഭിച്ച പ്രിയപ്പെട്ട സൗഹൃത്തുക്കളിൽ ഒരാളാണ് നടൻ ജഗദീഷ്. ഇൻ ഹരിഹർ നഗർ അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിക്ക സിനിമയിലും എതിർപക്ഷത്തായിരുന്നുവെങ്കിലും സിനിമയ്ക്ക് പുറത്ത് ഇരുവർക്കും ഇടയിൽ നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്നു. ജഗദീഷുമായി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു താനെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്പ ഹാജ പറഞ്ഞു.
രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ജഗദീഷ് നൽകിയ മറുപടിയും നടൻ വെളിപ്പെടുത്തി. സിനിമയിൽ കാണുന്നതുപോലെ ഒരു കൊമേഡിയൻ അല്ല ജഗദീഷ്. വളരെ സീരിയസായി ജീവിതത്തെ കാണുന്ന വ്യക്തിയാണ്.

ഭാര്യ ഫോറൻസിക്ക് ഹെഡ്ഡായിരുന്നു. ഒരുപാട് റെസ്പെക്ട് കിട്ടികൊണ്ടിരുന്ന സ്ത്രീയാണ്. ഞാൻ ജഗദീഷിനേയും കുടുംബത്തേയും പരിചയപ്പെടുമ്പോൾ മക്കൾ ചെറിയ പിള്ളേർ ആയിരുന്നു. ഇപ്പോൾ വളർന്ന് രണ്ടുപേരും വെൽസെറ്റിൽഡായി മാറി. ജഗദീഷിന്റെ ഭാര്യയുടെ അമ്മയൊക്ക എന്നെ നന്നായി ടെയ്ക്ക് കെയർ ചെയ്യുമായിരുന്നു.
ഫ്രീയാകുമ്പോൾ ഹാജയെ വിളിക്കെന്ന് പറയുമായിരുന്നുവെന്ന് തോന്നുന്നു. സമയം കിട്ടുമ്പോഴെല്ലാം ഊണ് കഴിക്കാൻ എന്നെ അവർ വിളിക്കുമായിരുന്നു. ഹാജ ഫ്രീയാണെങ്കിൽ ഉച്ചയ്ക്ക് വരൂ ഊണ് കഴിക്കാം എന്നൊക്കെ പറയുമായിരുന്നു. അവരുടെ കൂടെയുള്ള ഭക്ഷണം കഴിക്കലൊക്കെ ഇപ്പോഴും ഓർമയുണ്ട്. രമയുടെ അമ്മയും ഒരു സ്കൂളിലെ പ്രിൻസിപ്പലായിരുന്നു. അവരെല്ലാമായി എനിക്ക് നല്ല അടുപ്പമായിരുന്നു.
രമയും അമ്മയും പോയി. ഇടയ്ക്ക് ഞാൻ ജഗദീഷിനോട് പറയും നമുക്ക് നല്ലൊരു പെണ്ണിനെ കെട്ടണ്ടേയെന്ന്. പുള്ളി അത് സീരിയസായി എടുക്കാറില്ല. ചിരിക്കും. എപ്പോഴും ഭയങ്കര എനർജറ്റിക്കായ മനുഷ്യനാണ്. ഈസിയായി സിനിമയിലേക്ക് വന്നയാളല്ല. സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. സംവിധാനം ചെയ്യാൻ കഴിവുണ്ട്. ഇപ്പോൾ കത്തി നിൽക്കുകയാണല്ലോ. ഒരു ദിവസം പോലും വീട്ടിൽ ചെലവഴിക്കാൻ അദ്ദേഹത്തിന് സമയം ഇല്ല.
എല്ലാ പടത്തിലുമുണ്ട് അപ്പ ഹാജ പറഞ്ഞു. 2022 ഏപ്രിലിലാണ് രമയുടെ വേർപാട് സംഭവിച്ചത്. മരിക്കുമ്പോൾ 61 വയസായിരുന്നു പ്രായം. മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്നു. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകമായിരുന്നു. പാർക്കിസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു.

മരിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് സർവീസിൽ നിന്ന് സ്വയം വിരമിച്ചത്. രമയുടേയും ജഗദീഷിന്റെയും മക്കളായ ഡോ.രമ്യ ജഗദീഷ് നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രഫസറാണ്. മറ്റൊരു മകൾ ഡോ. സൗമ്യ ജഗദീഷ് സൈക്യാട്രിസ്റ്റാണ്. ഭാര്യയെ കുറിച്ച് എല്ലാ വേദിയിലും ജഗദീഷ് വാചാലനാകാറുണ്ട്. ഇൻ ഹരിഹർനഗറിൽ മറ്റൊരു പ്രധാന വേഷം ചെയ്ത മുകേഷുമായുള്ള സൗഹൃദത്തെ കുറിച്ചും അപ്പ ഹാജ മനസ് തുറന്നു.
മുകേഷുമായും നല്ല അടുപ്പമുണ്ട്. ഷൂട്ടിങിന്റെ ഭാഗമായി പോകുമ്പോൾ റൂം ഷെയർ ചെയ്തിട്ടുണ്ട്. മാസങ്ങളോളം ഒരുമിച്ച് താമസിച്ചിട്ടുള്ള അടുപ്പമുണ്ട്. സരിതയുമായി മുകേഷ് പ്രണയത്തിലായിരുന്ന സമയത്ത് ഞാനും ഒപ്പമുണ്ടായിരുന്നു. വൈകുന്നേരം ഇവർ ഡിന്നറിന് പോകുമ്പോൾ എന്നേയും ഒപ്പം കൂട്ടും. ഞാനും സരിതയും മുകേഷും ഒരുമിച്ച് പോയി ഒരുപാട് സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.
ചെന്നൈയിൽ ഉണ്ടാകുമ്പോൾ ഞങ്ങൾ സരിതയുടെ വീട്ടിൽ പോകും. അവർ നല്ല ബിരിയാണി ഞങ്ങൾക്ക് രണ്ടുപേർക്കും വെച്ച് തരുമായിരുന്നു. ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തു. അവൻ എന്നെ കുറിച്ച് ഒരുപാട് കഥകൾ ഉണ്ടാക്കും എന്നും അപ്പ ഹാജ പറയുന്നു.


Click it and Unblock the Notifications

















