എന്തിന് വിഷമിക്കുന്നു? എപ്‌സ്റ്റീൻ ഫയൽസിൽ നിങ്ങളുടെ പേരില്ലല്ലോ?; ദയനീയം... കേട്ട് ചിരിക്കാൻ ബേസിലും; വിമർശനം
റിലീസിന് ഒരുങ്ങുന്ന സിനിമകളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് അതിരടി. അതിന് കാരണം ബേസിൽ ജോസഫ്-ടൊവിനോ തോമസ് കോമ്പോയാണ്. ഇവർ ഒരുമിച്ചപ്പോഴെല്ലാം ഹിറ്റുകൾ മാത്രമെ പിറന്നിട്ടുള്ളു. സിനിമയിൽ നായിക സർവംമായയിലൂടെ ശ്രദ്ധേയയായ നടി റിയ ഷിബുവാണ്. പ്രമോഷന്റെ ഭാഗമായി മലയാളത്തിലും തമിഴിലും ബോളിവുഡിലും അടക്കമുള്ള മീഡിയകളിൽ അഭിമുഖവും മറ്റുമായി ഓടി നടക്കുകയാണ് ഇരുവരും.
അക്കൂട്ടത്തിൽ ബേസിലും ടൊവിനോയും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖം ഒരേ സമയം വൈറലും ചർച്ച വിഷയവുമായി. പ്രശസ്ത ഫിലിം ക്രിട്ടികും എഴുത്തുകാരനുമായ ഭരദ്വാജ് രംഗനാണ് ഇരുവരേയും ഗലാട്ട പ്ലസ്സിന് വേണ്ടി ഇന്റർവ്യൂ ചെയ്തത്. അഭിമുഖം പുരോഗമിക്കുന്നതിനിടെയുള്ള ഭരദ്വാജ് രംഗന്റെ അപക്വമായ ഒരു ചോദ്യം ചർച്ചയാവുകയാണ്.

എപ്സ്റ്റീൻ ഫയൽസിനെ കുറിച്ച് ടൊവിനോ പരാമർശിച്ചപ്പോഴായിരുന്നു പരിഹസിക്കുന്ന തരത്തിലുള്ള ഭരദ്വാജ് രംഗന്റെ ചോദ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലായി യുദ്ധവും എപ്സ്റ്റീൻ ഫയൽസ് പോലുള്ളവയും നടക്കുന്നുവെന്നതും ചർച്ചയാകുന്നുവെന്നതും തന്നെ ഉത്കണ്ഠാകുലനാക്കുന്നുവെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. ലോകത്തിന്റെ പല ഭാഗത്തും യുദ്ധമടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം നമ്മളെ ബാധിക്കും.
അതുപോലെ തന്നെ എപ്‌സ്റ്റീൻ ഫയൽസിനെ കുറിച്ച് വായിച്ചപ്പോൾ ഇവിടെ ഇരിക്കുന്ന എനിക്ക് വളരെ അധികം വിഷമം തോന്നി എന്ന് പറയുന്നതിന് ഇടയിലായിരുന്നു ഭരദ്വാജ് രംഗൻ ഇടപെട്ടത്. താങ്കളെന്തിനാണ് എപ്സ്റ്റീൻ ഫയൽസിന്റെ കാര്യത്തിൽ വിഷമിക്കുന്നത്?. താങ്കളുടെ പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഇല്ലല്ലോ? എന്നായിരുന്നു ഭരദ്വാജ് രംഗൻ ഇടപെട്ടുകൊണ്ട് ചോദിച്ചത്.
ഇല്ല എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഭരദ്വാജ് രംഗന്റെ ചോദ്യം കേട്ട് ടൊവിനോയ്ക്ക് ഒപ്പം ഇരുന്ന ബേസിൽ ഇത് കേട്ട് ചിരിക്കുന്നുമുണ്ട്. ഈ ലോകം മനോഹരമായ ഒന്നാണെന്ന് തോന്നലിലാണ് ഞാൻ വളർന്നു വന്നത്. പക്ഷെ ഒരോ വർഷം കഴിയുന്തോറും ഞാൻ മനസിലാക്കുന്നു അങ്ങനെയല്ലെന്ന്. പേര് എപ്‌സ്റ്റീൻ ഫയൽസിൽ ഇല്ലല്ലോ എന്ന് ചോദിച്ചാൽ എനിക്ക് അത്തരം ബന്ധങ്ങളൊന്നുമില്ല എന്നാണ് മറുപടിയെന്നും ടൊവിനോ തോമസ് പറഞ്ഞു.
ഒരു മണിക്കൂറിൽ അധികം ദൈർഘ്യമുള്ള വീഡിയോയിൽ നിന്നും ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതും ഭരദ്വാജ് രംഗന്റെ അപക്വമായ ചോദ്യം തന്നെയായിരുന്നു. ഇത്രയേറെ അറിവും പ്രവർത്തി പരിചയവും ഉണ്ടായിട്ടും ഇത്തരമൊരു ചോദ്യവും ഇടപെടലും ഭരദ്വാജ് രംഗനിൽ നിന്നും ഉണ്ടായത് കണ്ടപ്പോൾ ദയനീയം എന്നാണ് തോന്നിയതെന്ന് ചിലർ കുറിച്ചു.

ഭരദ്വാജ് രംഗന്റെ ചോദ്യത്തെ ചിരിച്ച് പ്രോത്സാഹിപ്പിച്ചതിനാണ് ബേസിനെ സോഷ്യൽമീഡിയ വിമർശിച്ചത്. ഭരദ്വാജ് എന്തൊരു വിഡ്ഢി കോമാളിയാണ്. സത്യമായി പറഞ്ഞാൽ ഇയാളെ കുറിച്ച് എനിക്ക് എപ്പോഴും അങ്ങനെ തന്നെയായിരുന്നു തോന്നിയത്. അത്രയും പൊങ്ങച്ചമായി പറയുന്ന റിവ്യൂകൾ കണ്ടപ്പോൾ പോലും. ആ ജോക്കിന്റെ കാര്യമല്ല ഞാൻ പറയുന്നത്. എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് ആളുകൾ എന്തിന് ആശങ്കപ്പെടുന്നു എന്ന് ചോദിക്കുന്നത് തന്നെ ഒരു മണ്ടത്തരമാണ്.
പണവും അധികാരവും ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സമ്പന്നരുടെ കാര്യമാണ് ഇവിടെ പറയുന്നത്. അങ്ങനെ ഉള്ള കാര്യം എല്ലാവരും തന്നെ ഗൗരവമായി കാണേണ്ട പ്രശ്നമല്ലേ?, ഭരദ്വാജ് രംഗൻ കോമാളിയാണ്. പക്ഷെ ബേസിൽ എന്തിന് ചിരിച്ച് ഒപ്പം നിന്നു? എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.
അതേസമയം ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് അതിരടിയുടെ പ്രൊഡ്യുസേഴ്സ്. ടൊവിനോ തോമസും സമീര്‍ താഹിറുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്. മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫ് അതിരടിയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. വില്ലൻ റോളിലാണ് ടൊവിനോ തോമസ്.


Click it and Unblock the Notifications


