ഫങ്ഷന് ലക്ഷങ്ങൾ പൊടിക്കും, ആർഭാടം കാണിക്കാൻ സ്വർണ്ണം തന്നെ വേണമെന്നില്ല, എല്ലാം പ്രഹസനം; ഗംഗയ്ക്ക് വിമർശനം!
ബ്യൂട്ടി വ്ലോഗറായ ഗ്ലാമി ഗംഗ സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ്. തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിയഞ്ചുകാരി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. സുഹൃത്തായ വിഷ്ണുവിനെയാണ് ഗംഗ പങ്കാളിയായി സ്വീകരിക്കാൻ പോകുന്നത്. കുട്ടിക്കാലത്ത് അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ അമ്മയേയും അനിയത്തിയേയും നോക്കുന്നതും കുടുംബനാഥന്റെ റോളും ഗംഗയാണ് നിർവഹിക്കുന്നത്.
അടുത്തിടെയായിരുന്നു ഗംഗയുടേയും വിഷ്ണുവിന്റേയും എൻഗേജ്മെന്റ്. വിവാഹം വൈകാതെ ഉണ്ടാകും. അതേസമയം തന്റെ ഫോളോവേഴ്സുമായി സംവദിക്കവെ തന്റേത് നോ ഗോൾഡ് മാരേജായിരിക്കുമെന്ന് ഗംഗ പറഞ്ഞിരുന്നു. നോ ഗോൾഡ് മാരേജ് ആയിരിക്കും എന്റേത്. ഇരുപത്, ഇരുപത്തൊന്ന് വയസ് പ്രായം ആയിരുന്നപ്പോൾ മുതൽ എന്റെ മനസിലുണ്ടായിരുന്നു വിവാഹത്തിന് സ്വർണ്ണം ഉപയോഗിക്കില്ലെന്നത്.

ഇടുന്നുണ്ടെങ്കിൽ തന്നെ അത് ഞാനായിട്ട് പണം മുടക്കി വാങ്ങിച്ച കമ്മലും മൂക്കൂത്തിയുമെല്ലാമാകും. അതല്ലാതെ കല്യാണത്തിനായി സ്വർണ്ണം വാങ്ങാൻ പ്ലാനില്ല. ഏഴ് പവന്റെ താലിയോ പട്ടി തൊടൽ പോലുള്ള ചെയിനോ ഒന്നും ഞാൻ ധരിക്കുകയില്ല. സ്ത്രീധനത്തിന്റെ പേരിൽ പിന്നീട് ആളുകളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മൾ എല്ലാവരും കണ്ട് കാണുമല്ലോ. അത്തരം സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
പെൺമക്കളെ കെട്ടിക്കാനായി കഷ്ടപ്പെട്ട് ലോൺ എടുത്ത് സ്വർണ്ണം വാങ്ങി മാതാപിതാക്കൾ ചടങ്ങ് നടത്തും. പിന്നീട് വയസാം കാലത്ത് അവർ മരിക്കുന്നത് വരെ ആ ലോൺ തീർക്കാൻ വേണ്ടി മാതാപിതാക്കൾ കഷ്ടപ്പെടും. അതുകൊണ്ട് തന്നെ അത്തരത്തിൽ സ്വർണ്ണം വാങ്ങി ധരിച്ച് വിവാഹം കഴിക്കുന്നതിനോട് എനിക്ക് യാതൊരു താൽപര്യവുമില്ല എന്നാണ് ഗംഗ പറഞ്ഞത്.
പക്ഷെ താരത്തിന്റെ വാക്കുകൾ വൈറലായപ്പോൾ വിമർശനമാണ് ഏറെയും ഉയർന്നത്. ആർഭാടം കാണിക്കാൻ സ്വർണ്ണം തന്നെ വേണമെന്നില്ലെന്നും ഹൽദി, മെഹന്ദി, സംഗീത്, വിവാഹം, റിസപ്ഷൻ എന്നിങ്ങനെയെല്ലാമായി നിങ്ങൾ ലക്ഷങ്ങൾ പൊടിക്കുമെന്ന് അറിയാം എന്നായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. കുറേ ഫങ്ഷൻസ് വെച്ച് പണം പൊടിക്കുമല്ലോ. അതും ഒരു പ്രഹസനം.
രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം കഴിച്ചിട്ട് വന്നിട്ടാണ് ഇതൊക്കെ പറയുന്നതെങ്കിൽ പിന്നേയും അംഗീകരിക്കാമായിരുന്നു, നിരവധി ഫങ്ഷൻസ് വെച്ച് പൈസ പൊട്ടിച്ച് കളയുന്നതിനെക്കാൾ നല്ലത് ആ പൈസക്ക് ഗോൾഡ് വാങ്ങി വെയ്ക്കുന്നതാ. ഗംഗയ്ക്ക് സ്വർണ്ണം താൽപര്യമില്ലെങ്കിൽ വേണ്ട. ധരിക്കുകയും ചെയ്യേണ്ടതില്ല. പക്ഷെ ഇടുന്നവരെ ജഡ്ജ് ചെയ്യാനും നിൽക്കേണ്ടതില്ല.

അത് ഓരോരുത്തരുടെ ഇഷ്ടമാണ് ഗോൾഡ് ഇടണോ വേണ്ടയോ എന്നത്, നോ ഗോൾഡ് മാരേജാകും തന്റേതെന്ന് പറയും പക്ഷെ ലക്ഷങ്ങൾ വരുന്ന ഡയമണ്ട് ആഭരണങ്ങൾ, വസ്ത്രം, ചെരുപ്പ്, ഫുഡ്, ആർഭാട ഫങ്ഷൻസ് എല്ലാം ഉണ്ടാകും, ഗോൾഡ് വാങ്ങിക്കാനുള്ള പണത്തിനേക്കാൾ കൂടുതൽ നിങ്ങൾ ചടങ്ങുകൾക്കായി പൊടിക്കും, സ്വർണ്ണം ആഗ്രഹത്തിന്റെ കൂടെ ഭാഗമാണ്.
ഇഷ്ടമുള്ളവർ ഇടട്ടേ. അല്ലാത്തവർ ഇടേണ്ട. പക്ഷെ സ്വർണ്ണം ധരിക്കുന്നവരെ പരിഹസിക്കേണ്ട എന്ന തരത്തിലും കമന്റുകളുണ്ട്. ഗംഗ തന്നെയാണ് വിവാഹത്തിനുള്ള ചിലവുകൾ എല്ലാം വഹിക്കുന്നത്. സ്വന്തം അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ അമ്മയുടെയും അനിയത്തിയുടെയും കൂടെ വീട് വിട്ടിറങ്ങിയ ഗംഗ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇപ്പോൾ കാണുന്ന വിജയം സ്വന്തമാക്കിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു വീടിന്റെ പാല് കാച്ചൽ ചടങ്ങ്.
വിഷ്ണുവും ഗംഗയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. മുമ്പും പ്രണയങ്ങൾ ഗംഗയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം കൈപ്പേറിയ അനുഭവങ്ങളാണ് താരത്തിന് സമ്മാനിച്ചത്. വിവാഹം തന്നെ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്ന സമയത്താണ് വിഷ്ണു ഗംഗയുടെ ജീവിതത്തിലേക്ക് വന്നത്.


Click it and Unblock the Notifications

















