രാധികയെക്കുറിച്ചാലോചിക്കൂ, പാവം പിടിച്ച അമ്മ, അവർക്ക് വേദനിക്കില്ലേ; ഗോകുലിനെ പോലെയല്ല മാധവ്: ഭാഗ്യലക്ഷ്മി
സോഷ്യൽ മീഡിയയിൽ കടുത്ത സെെബറാക്രമണം നേരിടേണ്ടി വരുന്ന യുവ നടനാണ് മാധവ് സുരേഷ്. മാധവ് എന്ത് പറഞ്ഞാലും ട്രോളും കുറ്റപ്പെടുത്തലും വരുന്ന സാഹചര്യം. ഈയടുത്ത് റിവ്യൂവർ അശ്വന്ത് കോക് മാധവിനെ മോശം ഭാഷയിൽ അധിക്ഷേപിച്ചു. അങ്കം അട്ടഹാസം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. അപ്പോഴും മാധവിനെ തള്ളിപ്പറഞ്ഞാണ് കൂടുതൽ കമന്റുകളും പറഞ്ഞത്. ഇപ്പോഴിതാ മാധവ് സുരേഷിനെയും സഹോദരൻ ഗോകുൽ സുരേഷിനെയും അനുകൂലിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മാധവിനെ മാത്രമല്ല, കുറേ നാൾ ഗോകുലിനെ വേട്ടയാടി. പാവം കുട്ടിയായത് കൊണ്ട് അവൻ ഒതുങ്ങി. മാധവ് വേറൊരു ക്യാരക്ടറാണ്. ഗോകുലിനെ പോലെ അത്രയും ഒതുങ്ങിയ കുട്ടിയല്ല. ആ കുടുംബത്തെ എത്രയോ വർഷങ്ങളായി അറിയാം. അതുകൊണ്ടാണ് അന്നൊരു പെൺകുട്ടിയുടെ വിഷയം വന്നപ്പോൾ പോലും ഞാൻ സുരേഷ് ഗോപിക്കൊപ്പം നിന്നത്. സുരേഷ് ഗോപി ഇമോഷണലാണ്. കലാകാരൻമാർ അങ്ങനെയായിരിക്കും. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകരുതായിരുന്നെന്ന് പണ്ടും ഇപ്പോഴും ഞാൻ പറയും.

മാധവ് പാവമാണ്. പാവം കുട്ടികളാണ് അവരെല്ലാം. ഒരു സിനിമ ചെയ്യണമെന്ന് മാധവിന് ആഗ്രഹിച്ച് കൂടേ. ഇവിടെ എത്രയോ ആളുകളുടെ സിനിമകൾ വരുന്നു. പലരുടെയും അഭിനയവും കഥയും മോശമാകുന്നുണ്ട്. അവരെയൊന്നു ഇങ്ങനെ വലിച്ച് കീറാതെ ഈയൊരു വ്യക്തിയെ മാത്രം ഉന്നം വെക്കുമ്പോൾ സുരേഷ് ഗോപിയുടെ മകനായത് കൊണ്ടാണോ എന്ന് സ്വാഭാവികമായും ചിന്തിക്കും. ആ കുട്ടി ഒരു നിമിഷമെങ്കിലും ഞാനെന്തിനാണ് ഈ രാജ്യത്ത് നിൽക്കുന്നതെന്ന് ചിന്തിക്കില്ലേ.
എന്നെ എല്ലാവരും ഇങ്ങനെ വേട്ടയാടുന്നു എന്ന്. രാധികയെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്. രാധിക എത്ര വിഷമിക്കുന്നുണ്ടാകും. അമ്മ എന്ന നിലയിൽ അവരെ കൂടെ നമ്മൾ പരിഗണിക്കേണ്ടേ. അച്ഛനവിടെയിരിക്കട്ടെ, ഒന്നിനും വരാത്ത പാവം പിടിച്ച അമ്മയുണ്ട് ആ വീട്ടിൽ. അവരുടെ മക്കളെ ക്രൂശിക്കുമ്പോൾ അവർക്ക് വേദനിക്കില്ലേ. നമ്മളൊക്കെ മനുഷ്യരാണ്. ചില മാനുഷിക മൂല്യങ്ങൾ നമ്മൾ കെെവിടരുത്. മനോഹരമായി വിമർശിക്കാം. അവരാതം എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ ഒരാളെ അപമാനിച്ച് നാട് വിട്ട് ഓടിക്കുന്നത് പോലെയാണെന്നും ബാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു. നിയോപ്രെെം എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
തന്റെ അച്ഛന് നേരിടേണ്ടി വരുന്ന സെെബർ ആക്രമണങ്ങളെക്കുറിച്ച് നേരത്തെ മാധവ് സുരേഷ് സംസാരിച്ചിരുന്നു. അച്ഛന് ഈ ഹേറ്റ് വന്ന് തുടങ്ങിയത് ബിജെപിയിൽ ജോയിൻ ചെയ്ത ശേഷമാണ്. സാമൂഹ്യ സേവനം അദ്ദേഹം പബ്ലിസിറ്റിക്ക് ചെയ്തതല്ല. പക്ഷെ ബിജെപി എന്ന പാർട്ടിയിലേക്ക് ജോയിൻ ചെയ്തപ്പോൾ ഇവരുടെ മനസിൽ ഈ വ്യക്തി മാറി. വേറൊരാളായി അദ്ദേഹം ഈ പറയുന്നതൊന്നും കാര്യമാക്കുന്നില്ല പക്ഷെ ഞാൻ കാര്യമാക്കുന്നുണ്ട്. കാരണം എന്റെ അച്ഛനെ പറ്റിയാണ് പറയുന്നത്. എന്റെ സഹോദരനും സഹോദരിമാരും കാര്യമാക്കുന്നുണ്ട്. ചില സമയത്ത് ഞങ്ങൾ റിയാക്ട് ചെയ്യുമെന്നും മാധവ് സുരേഷ് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications

