കാണാതായ ചേട്ടൻ എന്നെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, പഴയ ഓർമകളിലേക്ക് പോകാൻ താൽപര്യമുണ്ടാകില്ല: ഭാഗ്യലക്ഷ്മി
ജീവിതത്തിൽ കുട്ടിക്കാലം മുതൽ ഒറ്റപ്പെടൽ നേരിടേണ്ടി വന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അച്ഛന്റെ മരണ ശേഷം ജീവിതം വഴിമുട്ടിയതിനാൽ ഭാഗ്യലക്ഷ്മിയുടെ അമ്മ ഭാഗ്യലക്ഷ്മിയെയും സഹോദരങ്ങളെയും ബാലമന്ദിരത്തിലാക്കി. അനാഥത്വം നിറഞ്ഞ അക്കാലം ഇന്നും ഭാഗ്യലക്ഷ്മിയുടെ മനസിലെ നീറ്റലാണ്. ഇപ്പോഴിതാ കുട്ടിക്കാലത്ത് കഴിഞ്ഞ ബാലമന്ദിരത്തിലെത്തി അവിടത്തെ ഓർമകൾ പുതിയ വ്ലോഗിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
കുട്ടിക്കാലത്തെ വേദനകളുടെ തുടക്കം ഈ നഗരത്തിൽ നിന്നാണ്. അതുകാെണ്ടാകാം ഇന്നുവരെ ഈ നഗരത്തെക്കുറിച്ച് ഓർക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. ഇങ്ങോട്ട് വരണമെന്നും. പിന്നെ ഇപ്പോൾ എന്തിനായിരിക്കും വന്നത്? അറിയില്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇതാ, ഇവിടെ എന്റെ ഒറ്റപ്പെടൽ തീരുകയാണെന്ന്. ഓരോ ഘട്ടവും പിന്നിടുമ്പോഴും ഞാൻ ആ അവസ്ഥയിൽ തന്നെയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിലേക്ക് അമ്മ തന്നെ കൊണ്ട് വന്ന ഓർമയും ഭാഗ്യലക്ഷ്മി പങ്കുവെച്ചു.

ദൂരെ ഒരു സ്ഥലത്തേക്കാണ് പോകുന്നതെന്ന് തലേ ദിവസം തന്നെ അമ്മ പറഞ്ഞിരുന്നു. അവിടെ എന്റെ ചേട്ടനും ചേച്ചിയും വേറെ കുട്ടികളും ഉണ്ടാകുമെന്നും. എന്നെ ഒരു ബെഞ്ചിൽ ഇരുത്തി അമ്മ അകത്തേക്ക് പോയി. അൽപ്പം കഴിഞ്ഞ് അമ്മ തിരിച്ച് വന്നപ്പോൾ കൂടെയൊരു പെൺകുട്ടിയും ചേട്ടനും ഉണ്ടായിരുന്നു. നിനക്ക് മനസിലായില്ലേ ഇത് നിന്റെ ചേട്ടനും ചേച്ചിയും ആണെന്ന് പറഞ്ഞു. എന്നെ അവിടെയാക്കി അമ്മ പോയി. ഞാൻ ചേട്ടനും ചേച്ചിക്കുമൊപ്പം കളിച്ചു. കുറേ കഴിഞ്ഞപ്പോൾ അമ്മയെ കാണുന്നില്ല. ചേച്ചിയും ഉണ്ണിയേട്ടനുമുണ്ട്. അമ്മയെവിടെ എന്ന് ചോദിച്ചപ്പോൾ അമ്മ പോയി എന്ന് അവർ പറഞ്ഞു.
അവിടെ കിടന്ന് ഞാൻ കരഞ്ഞു. അപ്പോൾ അടി കിട്ടി. പിടിച്ച് വലിച്ച് ബിൽഡിംഗിലേക്ക് കൊണ്ട് പോയി. ഞാനും ആ കാലത്ത് അവിടെയുണ്ടായിരുന്നു എന്ന് പറഞ്ഞ് പലരും മെസേജ് അയക്കാറുണ്ട്. പക്ഷെ ആർക്കും ആ പഴയ ഓർമകളിലേക്ക് പോകാൻ താൽപര്യമുണ്ടാകില്ല. കാരണം ഇത് മനോഹരമായ ഓർമയല്ലല്ലോ. ഞാൻ പക്ഷെ മൂന്നോ നാലോ കൊല്ലത്തിനിടയ്ക്ക് ഒന്ന് വരാറുണ്ട്. കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ ഇന്ന് ഇപ്പോൾ ഇവിടെ കുട്ടികളാരും ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഞാനും കാണാതെ പോയ ചേട്ടനും അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ സംസാരിക്കും. എന്തിനാണ് അമ്മ ഇവിടെ ഇട്ട് പോയതെന്ന് ഞാൻ ചോദിക്കും. അമ്മയുടെ സങ്കടങ്ങളും നിവൃത്തികേടും ഉണ്ണിയേട്ടൻ പറഞ്ഞ് മനസിലാക്കി തരാൻ ശ്രമിക്കും. പക്ഷെ ഞാൻ ചെറിയ കുട്ടിയല്ലേ. ഒരു തരം വെറുപ്പും ദേഷ്യവും എനിക്കുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അനാഥത്വം നിറഞ്ഞ ജീവിതത്തിൽ ഭാഗ്യലക്ഷ്മിയെ മുന്നോട്ട് നയിച്ചത് സ്വന്തം പ്രൊഫഷനാണ്. കേരളത്തിൽ ഏറ്റവും പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റായി ഭാഗ്യലക്ഷ്മി മാറി. ഒരു കാലഘട്ടത്തിൽ മിക്ക നായിക നടിമാർക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. ഉർവശി, രേവതി, ശോഭന എന്നിവരുടെയൊക്കെ കഥാപാത്രങ്ങൾക്ക് ഭാഗ്യലക്ഷ്മിയുടെ ശബ്ദം ജീവൻ നൽകി. വിവാഹിതയായെങ്കിലും പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു ഭാഗ്യലക്ഷ്മി. രണ്ട് മക്കളുണ്ട്.


Click it and Unblock the Notifications