മുൻഭർത്താവിന്റെ വീട്ടിൽ ഭാഗ്യലക്ഷ്മി; 'ഇറങ്ങിപ്പോയ ശേഷം വിളിച്ചിരുന്നില്ല, എന്നാൽ അദ്ദേഹം മരിച്ച ശേഷം...'
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ഓരോന്നായി അതിജീവിച്ച് മുന്നിലേക്ക് വന്ന വ്യക്തിയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അനാഥത്വം നിറഞ്ഞ ബാല്യകാലം. ചെന്നെെയിൽ ചെറിയ പ്രായത്തിലേ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവും ജീവിതം കെട്ടിപ്പടുക്കവും, വിവാഹബന്ധം വേർപിരിഞ്ഞത് തുടങ്ങി പല ഘട്ടങ്ങൾ ഭാഗ്യലക്ഷ്മി അഭിമുഖീകരിച്ചു. ഭർത്താവുമായുള്ള വേർപിരിയലിനെക്കുറിച്ച് ഭാഗ്യലക്ഷ്മി തന്റെ ആത്മകഥയിൽ തുറന്നെഴുതിയിട്ടുണ്ട്. ഈയടുത്ത കാലത്താണ് ഭാഗ്യലക്ഷ്മി യൂട്യൂബ് ചാനലിൽ സജീവമായത്.
പുതിയ വ്ലോഗിൽ മുൻ ഭർത്താവിനൊപ്പം താമസിച്ച വീട് ഭാഗ്യലക്ഷ്മി കാണിക്കുന്നുണ്ട്. മുൻഭർത്താവ് ജീവിച്ചിരിപ്പില്ല. ഇദ്ദേഹത്തിന്റെ ചേച്ചിയെയും ഭർത്താവിനെയും വ്ലോഗിൽ കാണാം. കല്യാണം കഴിഞ്ഞ് വന്ന വീടാണിത്. സ്ഥലം ഇന്ന് കാണുന്നത് പോലെയല്ലായിരുന്നു. ഗേറ്റൊക്കെ ഇങ്ങനെ തന്നെയായിരുന്നു. ഇതിൽ ആരും താമസമില്ല. ചേച്ചി പിന്നെ ഇവിടെ വീട് വെച്ചു. ഞാൻ വീട് വെച്ച സ്ഥലം വിറ്റു. എന്റെ എല്ലാ അധ്വാനവും കൊണ്ട് വെച്ച വീടായിരുന്നു. അത് കൊടുക്കേണ്ടി വന്നു. എനിക്ക് പിന്നെ നഷ്ടപ്പെട്ടതിലൊന്നും ഒരു ദുഖവും ഇല്ല. ഇവിടെ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം പുള്ളിയുടെ ചേച്ചി എന്നെ മിണ്ടാറില്ലായിരുന്നു. വിളിക്കുകയോ അന്വേഷിക്കുകയോ ഇല്ലായിരുന്നു. എന്നാൽ പുള്ളി മരിച്ചതിന് ശേഷം ഞങ്ങൾ വീണ്ടും പഴയത് പോലെ സ്നേഹത്തിലായി.

മദ്രാസിൽ നിന്ന് വന്ന ഞാൻ ഈ പറമ്പൊക്കെ കണ്ടപ്പോൾ ഭയങ്കരമായി സന്തോഷിച്ചു. സ്വന്തമായി പറമ്പൊക്കെയുള്ള വീട് എന്നൊക്കെ വിചാരിച്ച് സന്തോഷത്തോടെ ജീവിച്ച് തുടങ്ങിയതായിരുന്നു. സാരമില്ല ല്ലേ, എന്തൊക്കെയോ ജീവിതത്തിൽ സംഭവിച്ചു. സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്. 2000 ലാണ് ഭർത്താവിന്റെ അച്ഛൻ മരിച്ചത്. 2001 ൽ ഒരു വർഷത്തെ ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാനിവിടെ നിന്നും ഇറങ്ങി. ചേച്ചിക്കൊരു മോനുണ്ടായിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ മരിച്ച് പോയി. ഈ വീട്ടിൽ ചേച്ചിയും ചേട്ടനും മാത്രമാണ് താമസിക്കുന്നത്. ഞാനിവിടെ ഇടയ്ക്ക് വരും. അവരോടൊപ്പം പുറത്ത് പോകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മുൻഭർത്താവിനൊപ്പം താമസിച്ച വീടിന്റെ ഉൾഭാഗവും ഭാഗ്യലക്ഷ്മി വ്ലോഗിൽ കാണിക്കുന്നുണ്ട്.
നേരത്തെ വിവാഹബന്ധം വേർപിരിയേണ്ടി വന്നതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് പോകാൻ പറ്റില്ലെന്ന് വ്യക്തമായപ്പോൾ ഇറങ്ങുകയായിരുന്നു. മുൻ ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് കരഞ്ഞു. ഒരു നിമിഷം നമ്മൾ കഴിഞ്ഞ കാലം ചിന്തിക്കും. എത്ര നമ്മൾ പരസ്പരം ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ മരിച്ചത് നന്നായി എന്ന് പറയില്ലെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി.
മുൻ ഭർത്താവിന്റെ വീട്ടുകാരുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടക്ക് പോകാറുണ്ട്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കാറുണ്ട്. രണ്ട് ദിവസം എന്നെ കണ്ടില്ലെങ്കിൽ എന്തുപറ്റി ലക്ഷ്മി എന്ന് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെയും ആരെയും ഒരു ശത്രുവായി ഞാൻ കണ്ടിട്ടില്ല. എന്നോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നെനിക്ക് വിഷയമല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ബിംഗ് രംഗത്ത് പഴയത് പോലെ സജീവമല്ല ഭാഗ്യലക്ഷ്മി ഇന്ന്. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ഭാഗ്യലക്ഷ്മി.


Click it and Unblock the Notifications

