ആയുസ് അധികമില്ലെന്ന് വിധിയെഴുതി, പരിഹാസങ്ങളും വിമർശനവും; ആറ് വർഷമാകുന്നു; കുറിപ്പുമായി ചെമ്പന്റെ മറിയാമ്മ!
നടൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ചെമ്പൻ വിനോദ് ജോസിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലെ ഇൻസ്പെക്ടർ ശരവണൻ എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിൽ ചെമ്പൻ വിനോദ് തുടക്കം കുറിച്ചത്. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സഹനടനായും ഹാസ്യ കഥാപാത്രങ്ങളേയും വില്ലനായും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഫ്രൈഡേ, ആമേൻ, ഓർഡിനറി, ഠമാർ പടാർ, ഇയ്യോബിന്റെ പുസ്തകം, പാവാട, പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളെ ചെമ്പൻ അവതരിപ്പിച്ചു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തേക്കും കടന്ന് വന്നു. ചെമ്പൻ വിനോദ് തന്നെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച ഭീമന്റെ വഴി 2021ൽ പുറത്തിറങ്ങിയതിൽ ഏറെ ശ്രദ്ധനേടിയ സിനിമയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു താരത്തിന്റെ വിവാഹം. സൈക്കോളജിസ്റ്റായ മറിയം തോമസാണ് ചെമ്പന്റെ ജീവിത പങ്കാളി.
കോട്ടയം സ്വദേശിയാണ് മറിയം തോമസ്. ഇരുവരും തമ്മിൽ പതിനേഴ് വയസിന്റെ വ്യത്യാസമുണ്ട്. ആഢംബരമൊന്നുമില്ലാതെ രജിസ്റ്റർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചെമ്പൻ വിനോദ് ചിത്രങ്ങൾ പുറത്തുവിട്ടപ്പോഴാണ് പ്രേക്ഷകർ വിവാഹ വാർത്ത അറിയുന്നത്. നടന്റെ രണ്ടാം വിവാഹമായിരുന്നു. മാത്രമല്ല മറിയം ചെറിയ പെൺകുട്ടിയും.
അതിനാൽ തന്നെ വിവാഹ വാർത്തയും ഫോട്ടോയും അതിവേഗത്തിൽ ചർച്ചയായി. ഇരുവരുടേയും ദാമ്പത്യത്തിന് അധികം ആയുസില്ലെന്നായിരുന്നു ഏറെയും പേർ വിധിയെഴുതിയത്. പരിഹാസങ്ങളും വിമർശനവും വേറെയും കിട്ടി. എന്നാൽ മറിയവും ചെമ്പനും എല്ലാ പ്രതിസന്ധികളേയും മറികടന്ന് വിജയകരമായ ദാമ്പത്യത്തിന്റെ ആറാം വർഷത്തിലേക്ക് കടന്നിരിക്കുന്നു.
വിവാഹ വാർഷിക ദിനത്തിൽ ചെമ്പന് ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പ് മറിയം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആറ് വർഷങ്ങൾ... അനവധി ഓർമ്മകൾ... ഇന്നും നീ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ. സ്നേഹത്തിലും ചിരിയിലും ഞങ്ങളുടെ എല്ലാ സാഹസികതകളിലും എന്റെ പങ്കാളി. നമുക്കായി ഇതാ ഇന്നും എന്നുമെന്നും. ഹാപ്പി ആനിവേഴ്സറി ചെമ്പോസ്ക്കാ... എന്നാണ് മറിയം കുറിച്ചത്.

സിനിമാ ലോകത്തുള്ള നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. ചെമ്പൻ ഭാഗമായ സിനിമകളിൽ മറിയവും ഇടയ്ക്ക് മുഖം കാണിക്കാറുണ്ട്. ആദ്യ വിവാഹത്തിൽ നടനൊരു മകനുണ്ട്. ഞാൻ ജീവിക്കുന്നത് ഇന്ത്യയിലാണ്. എന്റെ മകൻ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ് ജീവിക്കുന്നത്. അവന് ഇപ്പോൾ പത്ത് വയസ്. മകൻ എന്റെ കൂടെ ഒന്നിച്ചില്ല എന്നതിന്റെ വിഷമമുണ്ട്. എന്നാൽ അവിടെ സമ്മർ അവധിക്ക് ഞാൻ അങ്ങോട്ടുപോകും.
ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്.
മകനായാൽ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം എന്നാണ് ആദ്യ വിവാഹമോചനത്തേയും മകനേയും കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.


Click it and Unblock the Notifications