വീട്ടിലെത്തിയത് ഇന്നലെ, ചലനമറ്റ നിലയില്‍ മുറിയില്‍; ഇങ്ങനെ ചെയ്യരുതായിരുന്നു...; വിങ്ങിപ്പൊട്ടി സീമയും!
ഒരു സമയത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന ബാലതാരമായിരുന്നു നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട ഹരി മുരളി. നാല് വയസ് മുതൽ അഭിനയിച്ച് തുടങ്ങി. ഹരി മുരളി എന്ന പേരിനേക്കാൾ രസികൻ സിനിമയിൽ ദിലീപിന്റെ മരുമകനായിരുന്ന പയ്യനെന്ന് പറഞ്ഞാലാകും മലയാളികൾക്ക് ഹരി മുരളിയുടെ മുഖം പെട്ടന്ന് മനസിലേക്ക് വരിക. രസികനിൽ ദിലീപിനോളം തന്നെ സ്കോർ ചെയ്ത കഥാപാത്രമായിരുന്നു ഹരി മുരളി അവതരിപ്പിച്ച കഥാപാത്രത്തിന്റെയും.
ഇന്നും ആ സിനിമയിൽ താരം പറഞ്ഞ ഡയലോഗുകൾ ക്ലാസിക്കായി തുടരുന്നുണ്ട്. പലരും നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതുമാണ്. പയ്യന്നൂർ സ്വദേശിയായ ഹരി മുരളിയുടേത് കലാകുടുംബമാണ്. അച്ഛൻ മുരളി പയ്യന്നൂർ നാടക രംഗത്ത് സജീവമാണ്.

സ്വന്തമായി അദ്ദേഹത്തിന് ട്രൂപ്പുമുണ്ട്. നാടക റിഹേഴ്സലുകൾ നടന്നിരുന്നതും വീട്ടിലാണ്. അതിനാൽ ഹരിക്ക് കുട്ടിക്കാലം മുതൽ അഭിനയത്തോട് താൽപര്യമായിരുന്നു. സഭാഗംഭം പോലുള്ളവയൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലേക്കും സീരിയലിലേക്കും എത്തിയപ്പോൾ അത് ഹരിയെ കൂടുതൽ ശോഭിക്കാൻ സഹായിച്ചു. നാല് വയസിലും കൃത്യമായ ഡയലോഗ് ഡെലിവറിയും അഭിനയ പ്രകടനവും കൊണ്ട് ഹരി ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഒട്ടനവധി സിനിമകളിൽ കണ്ടിട്ടുള്ള മുഖമായതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത പ്രേക്ഷകർക്കും മലയാള സിനിമ ലോകത്തുള്ളവർക്കും ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്. ഇരുപത്തിയേഴ് വയസ് മാത്രമാണ് ഹരി മുരളിയുടെ പ്രായം. മരണ വാർത്ത അറിഞ്ഞശേഷം സീമ ജി നായർ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്...
പ്രശസ്ത നാടക-സീരിയൽ നടൻ പയ്യന്നൂർ മുരളി ചേട്ടന്റെ മകൻ ഹരി മുരളി അന്തരിച്ചു. അപ്പൂസ്... എന്റെ കൂടെയും അവൻ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി.. മിടുക്കനായ മോൻ. എന്തിനാണ് നീ ഇത് ചെയ്തത്?. ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോൾ സഹോദരിയാണ് ഫോൺ എടുത്തത്. സത്യം ആണെന്ന് സ്ഥിരീകരിച്ചു. എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു.
എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും ബന്ധുക്കളും. എന്തോ മനസ് പതറുന്നു. മിടുക്കനല്ലായിരുന്നോഎന്റെ അപ്പൂസേ നീ. നിന്നെയും അച്ഛനെയും അമ്മയെയും അറിയുന്ന എത്ര പേർ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നു. ആർക്കും വിശ്വസിക്കാൻ ആവുന്നില്ലല്ലോ അപ്പൂസേ എന്നായിരുന്നു സീമ വിങ്ങുന്ന ഹൃദയത്തോടെ സോഷ്യൽമീഡിയയിൽ കുറിച്ചത്.

അമർ അക്ബർ ആന്റണി എന്ന സിനിമയിലാണ് ഹരി മുരളി അവസാനമായി അഭിനയിച്ചത്. ശ്രീമുരളി എന്നൊു സഹോദരൻ കൂടിയുണ്ട്. നടൻ ഗണപതി, സംവിധായകൻ ചിദംബരം നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്. ബെംഗളുരുവിൽ നിന്ന് ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആന്റ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു.
ജോലി സ്ഥലത്ത് നിന്നും ഇന്നലെയാണത്രെ ഹരി മുരളി വീട്ടിലെത്തിയത്. രാവിലെ എഴുന്നേറ്റ് വരാതായതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എ.എം നസീർ വഴിയാണ് ഹരി സീരിയലിലേക്ക് എത്തുന്നത്.
രസികൻ ആയിരുന്നു ആദ്യ സിനിമ. അത് ചെയ്യും മുമ്പ് തന്നെ ഹരി ചില സീരിയലുകളിൽ അഭിനയിച്ച് കഴിഞ്ഞിരുന്നു. അണ്ണൻ തമ്പി, മാടമ്പി, ഡോൺ, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിഭൻ തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. കുട്ടിച്ചാത്തൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു. അഭിനയത്തിൽ സജീവമായപ്പോൾ പഠനത്തെ അത് ബാധിച്ചു. അതോടെയാണ് ഹരി അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്.


Click it and Unblock the Notifications

















