ആ സ്ഥാനം ഇന്ന് ജേക്ക്സ് ബിജോയ്ക്ക്; സുഷിൻ തിരിച്ച് വന്നിട്ടും...; അനിരുദ്ധിന്റെ അവസ്ഥ സുഷിൻ ശ്യാമിനും?
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ സുഷിൻ ശ്യാം സംഗീത ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മൾട്ടി സ്റ്റാർ ചിത്രമാണ് പാട്രിയോട്ടിലെ സുഷിൻ ചെയ്ത ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പാട്രിയോട്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രം. ഇതിനാെപ്പം സുഷിൻ ശ്യാമിന്റെ മ്യൂസിക് കൂടിയാണെന്ന് അറിഞ്ഞപ്പോൾ ആവേശം കൂടി.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാറ്റ് തോറ്റപ്പോൾ എന്ന ഗാനം ഇതുവരെയും വലിയ ഹെെപ്പുണ്ടാക്കിയിട്ടില്ല. പതിവ് സുഷിൻ മാജിക്ക് വന്നില്ലെന്നും ഗാനങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടെന്നും അഭിപ്രായമുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിൽ മറ്റ് ചില ചർച്ചകളും നടക്കുന്നുണ്ട്. സുഷിന്റെ സ്ഥാനം ഇന്ന് മോളിവുഡിൽ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിലേക്ക് എത്തിയെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

സുഷിൻ മാറി നിന്ന ഒന്നര വർഷത്തിനുള്ളിൽ വലിയ ഹിറ്റുകൾ ജേക്ക്സ് ബിജോയ്ക്കുണ്ടാക്കാനായി. തുടരും, ലോക, നരിവേട്ട എന്നീ സിനിമകളിലെ ഗാനങ്ങൾ ഉദാഹരണം. വൻ ഹിറ്റായ ഗാനങ്ങളാണ് ജേക്ക്സ് ബിജോയ് സൃഷ്ടിച്ചത്. കേട്ടവരുടെ ആത്മാവിൽ തൊട്ട ഗാനങ്ങളായിരുന്നു ഇവ. ഈ ഗാനങ്ങൾ ജേക്ക്സ് ബിജോയുടെ മാർക്കറ്റിലുണ്ടാക്കിയ ഉയർച്ച ചെറുതല്ല. ഇതിനിടെയാണ് സുഷിൻ ശ്യാമിന്റെ പാട്ടുകളിൽ ആവർത്തനം തോന്നുന്നെന്ന അഭിപ്രായങ്ങൾ വരുന്നത്.
തമിഴകത്ത് അനുരുദ്ധ് രവിചന്ദറിന് സംഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലേക്കാണോ സുഷിന്റെയും പോക്കെന്ന ചോദ്യം വരുന്നുണ്ട്. അടുത്ത കാലത്തായ അനിരുദ്ധിന്റെ മ്യൂസിക്കിൽ പഴയ ഊർജമില്ലെന്ന അഭിപ്രായങ്ങൾ വന്നിരുന്നു. ഒരേ തരത്തിലുള്ള മ്യൂസിക്കാണെന്നായിരുന്നു വിമർശനം. ഇതിനിടെ സായ് അഭ്യങ്കർ തമിഴ് മ്യൂസിക് രംഗത്ത് പുതുതരംഗമായി. അനിരുദ്ധിന് മുകളിലാണ് ഇന്ന് സായ് അഭ്യങ്കർക്ക് ലഭിക്കുന്ന ഹെെപ്പ്. വലിയ പ്രൊജക്ടുകളാണ് യുവ മ്യുസീഷനെ തേടിയെത്തുന്നത്. അതേസമയം അനിരുദ്ധിന്റെ പാട്ടുകൾക്ക് ലഭിക്കുന്നത്രയും വിമർശനം സുഷിൻ ശ്യാമിന് ഇപ്പോൾ ലഭിക്കുന്നില്ല. മാത്രമല്ല വരാനിരിക്കുന്ന പ്രൊജക്ടുകളിൽ ആരാധകർക്ക് പ്രതീക്ഷയുമുണ്ട്.


Click it and Unblock the Notifications