വധുവിന് പ്രായപൂർത്തിയായില്ല, വിവാഹം മുടങ്ങുമെന്നായപ്പോൾ രേഖകൾ തിരുത്തി ജൂനിയർ എൻടിആർ; അന്ന് സംഭവിച്ചത്!
ബ്രാഹ്മാണ്ഡ സിനിമകളിലെ നായക വേഷങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് ഒരു വികാരമായി മാറിയ സൂപ്പർ താരമാണ് ജൂനിയർ എൻടിആർ. ആർആർആറിലെ പ്രകടനത്തിനുശേഷം കേരളത്തിലും നടന് സ്വീകാര്യത ലഭിച്ച് തുടങ്ങി. നടൻ മാത്രമല്ല നർത്തകനും അവതാരകനുമെല്ലാമായ ജൂനിയർ എൻടിആർ കുട്ടിക്കാലം മുതൽ തെലുങ്ക് സിനിമയുടെ ഭാഗമാണ്. അഭിനയം, മികച്ച ഡാൻസ്, ആക്ഷൻ രംഗങ്ങൾ എന്നിവ കൊണ്ടാണ് അദ്ദേഹം ആരാധകരുടെ പ്രിയതാരമായി മാറിയത്.
ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന തെലുങ്ക് നടൻ എൻ. ടി രാമ റാവുവിന്റെ ചെറുമകനുമായ നടന്റേത് സിനിമാ കുടുംബമാണ്. അതിനാൽ ബാല്യകാലം മുതൽ ജൂനിയർ എൻടിആറിന്റെ ജീവിതത്തിന്റെ ഭാഗമാണ് സിനിമ. തെലുങ്കിലെ അറിയപ്പെടുന്ന താരകുടുംബത്തിലെ അംഗമായ നടന്റെ വിവാഹം 2011ൽ ആയിരുന്നു.

നൂറ് കോടിക്ക് മുകളിൽ മുടക്കി അതുവരെ തെന്നിന്ത്യൻ സിനിമാ ലോകം കണ്ടിട്ടില്ലാത്ത തരത്തിൽ അത്യാഢംബര പൂർവമായിരുന്നു വിവാഹം നടന്നത്. ബിസിനസുകാരനായ നർനെ ശ്രീനിവാസ് റാവുവിന്റെ മകളായ ലക്ഷ്മി പ്രണതിയെയാണ് നടൻ വിവാഹം ചെയ്തത്. 2011 മെയ് അഞ്ചിന് ഹൈദരാബാദ് മാധാപൂരിലുള്ള ഹൈടെക്‌സ് എക്സിബിഷൻ സെന്ററിൽ വമ്പിച്ച രീതിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
അന്നത്തെ കാലത്ത് തെലുങ്ക് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാഹങ്ങളിലൊന്നായിരുന്നു അത്. രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖർ അടക്കം ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്തു. വിവാഹത്തിനായി പ്രത്യേകമായി വൻ സെറ്റ് നിർമ്മിക്കുകയും സുരക്ഷയ്ക്കായി വലിയ ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ആന്ധ്രപ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ജൂനിയർ എൻടിആർ-ലക്ഷ്മി പ്രണതി വിവാഹം നടക്കുമോ ഇല്ലയോ എന്ന ആശങ്ക നിലനിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് കാരണം വധുവിന്റെ പ്രായമായിരുന്നു. ഇരുവരുടേയും വിവാഹനിശ്ചയം കഴിയുമ്പോൾ പതിനേഴുകാരിയായ ലക്ഷ്മി പ്രണതി പ്ലസ് ടു പഠനം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു.
ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാണ്. അങ്ങനെ നോക്കുമ്പോൾ ജൂനിയർ എൻടിആർ-ലക്ഷ്മി വിവാഹം നടന്നാൽ താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും. നിയമപരമായി നടപടികൾ ഉണ്ടാകും. വധുവിന്റെ പ്രായം ചർച്ചയാകും മുമ്പ് വിവാഹം നടത്താമെന്ന രീതിയിൽ വധുവിന്റെയും വരന്റെയും കുടുംബങ്ങൾ നീങ്ങുകയായിരുന്നു.

അതിനിടയിൽ ഈ വിഷയത്തിൽ അഭിഭാഷകനായ എസ്. ശാന്തി പ്രസാദ് മചിലിപട്ടണത്തെ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ച് ലക്ഷ്മിയുടെ വിവാഹം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ലക്ഷ്മി പ്രണതി പ്രായപൂർത്തിയാകുന്നതുവരെ വിവാഹം നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഹർജി ലഭിച്ചതിനെ തുടർന്ന് അധികാരികൾ വിഷയത്തിൽ വിശദീകരണം തേടി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. ജൂനിയർ എൻടിആറിന്റെ പിതാവും എംപിയുമായ നന്ദമൂരി ഹരികൃഷ്ണ കൂടാതെ വധുവിന്റെ പിതാവ് നർനെ ശ്രീനിവാസ് റാവു എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എന്നാൽ പെൺകുട്ടിക്ക് പതിനെട്ട് പൂർത്തിയായശേഷമാണ് വിവാഹമെന്ന് ഇരുവരും കോടതിയെ അറിയിക്കുകയും വിവാഹം നടത്തുകയുമായിരുന്നു.
നിശ്ചയിച്ച അതേ ദിവസം വിവാഹം നടക്കാൻ രാഷ്ട്രീയ സ്വാധീനവും പിന്തുണയും ഉപയോഗിച്ച് ജൂനിയർ എൻടിആർ രേഖകൾ തിരുത്തി ലക്ഷ്മി പ്രണതിയുടെ പ്രായം ഒരു വർഷം കൂട്ടി കാണിച്ചുവെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ് വ്യത്യാസമുണ്ട്. പ്രണതി ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് 23 വയസിലാണ്. വിവാഹിതനാകുമ്പോൾ 27 വയസായിരുന്നു ജൂനിയർ എൻടിആറിന്റെ പ്രായം.


Click it and Unblock the Notifications

















