കരിയറിലെ പ്രെെം ടെെം ഇല്ലാതായി, കരാറുണ്ടെങ്കിൽ ഒഴിവാക്കി ഇനിയെങ്കിലും ആക്ടേർസിനെ വിടൂ; കരിക്കിന് വിമർശനം
കേരളത്തിൽ യൂട്യബ് ചാനൽ കണ്ടന്റുകളിൽ ഏറെ ജനപ്രീതി നേടാൻ കഴിഞ്ഞവരാണ് കരിക്ക് ടീം. ഒരു കാലത്ത് കരിക്ക് ഉണ്ടാക്കിയ തരംഗം ചെറുതല്ല. എന്നാൽ ഇപ്പോൾ കരിക്കിനുള്ള ജനപ്രീതി കുത്തനെ ഇടിഞ്ഞു. വീഡിയോകൾ തുടരെ വരുന്നില്ല, കണ്ടന്റ് മോശമാകുന്നു, കോമഡി പഴയത് പോലെ ക്ലിക്കാകുന്നില്ല എന്നൊക്കെയാണ് പ്രധാനമായും വരുന്ന വിമർശനങ്ങൾ. കരിക്കിനേക്കാൾ മികച്ച കണ്ടന്റ് തരുന്ന പേജുകൾ ഇന്നുണ്ട്. പ്രത്യേകിച്ചും ഇൻസ്റ്റഗ്രാമിൽ. സുഹൃത്തുക്കൾ, ദമ്പതികൾ, സഹപ്രവർത്തകർ എന്നിങ്ങനെ പല കാറ്റഗറിയിലുള്ളവർ രസകരമായ റീലുകൾ ചെയ്യുന്നു.
അര മണിക്കൂറിൽ കൂടുതലുള്ള വീഡിയോകൾ കണ്ട് കോമഡി ആസ്വദിക്കാനുള്ള ക്ഷമ ഇന്ന് പലർക്കുമില്ല. ഇതെല്ലാം കരിക്കിനെ ബാധിച്ചിട്ടുണ്ട്. കരിക്കിന്റെ വീഡിയോ ക്വാളിറ്റി കൂടിയപ്പോൾ കണ്ടന്റിന്റെ ക്വാളിറ്റി കുറഞ്ഞു എന്നാണ് വിമർശനങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം ജയിൽ ചിൽ എന്ന കരിക്കിന്റെ പുതിയ വീഡിയോ പുറത്ത് വന്നു. 40 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു. എന്നാൽ ജയിൽ ചിൽ അത്ര പോര എന്നാണ് റെഡിറ്റിൽ വരുന്ന അഭിപ്രായങ്ങൾ. കരിക്കിലെ അഭിനേതാക്കൾ ഇനി ഈ പ്രൊഡക്ഷനിൽ തന്നെ തുടരാതെ മറ്റ് അവസരങ്ങൾ തേടേണ്ട സമയം അതിക്രമിച്ചെന്നും വാദങ്ങളുണ്ട്.

കരിക്കിന്റെ കരാർ പ്രകാരം അഭിനേതാക്കൾക്ക് മറ്റ് പ്രൊജക്ടുകൾ ചെയ്യാൻ പറ്റുന്നില്ലെന്നും കരിക്കിലെ അഭിനേതാക്കളുടെ കരിയറിലെ പ്രെെം ടെെം പാഴായെന്നും വാദമുണ്ട്. 'പ്രിയപ്പെട്ട നിഖിൽ പ്രസാദ് ( കരിക്ക് പ്രൊഡ്യൂസർ) നിങ്ങളിത് വായിക്കുന്നുണ്ടെങ്കിൽ കരാർ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പിൻവലിച്ച് മോളിവുഡിൽ അവസരങ്ങൾ തേടാൻ കാസ്റ്റിനെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ അവരുടെ പ്രെെം ടെെം നശിപ്പിച്ചു. ഇനി ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന സാഹചര്യമാണ്' റെഡിറ്റിൽ വന്ന കമന്റിങ്ങനെ. 2018 ലാണ് കരിക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. 2019 ൽ ഇവരുടെ സിനിമ പ്രഖ്യാപിച്ചതാണ്. എന്നാൽ പ്രൊജക്‌ട് മുന്നോട്ട് പോയില്ല. കഴിഞ്ഞ വർഷം ഈ സിനിമയുടെ പ്രഖ്യാപനം വീണ്ടും നടന്നതാണ്.


Click it and Unblock the Notifications















