ചേട്ടനെ വീട്ടിലെല്ലാവരും അവഗണിച്ചു, വീട് വിട്ട് പോകും മുമ്പ് പറഞ്ഞത്; മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരഞ്ഞില്ല...
അനാഥത്വം നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. അച്ഛന്റെയും അമ്മയുടെയും മരണം. രണ്ട് സഹോദരങ്ങളാണ് ഭാഗ്യലക്ഷ്മിക്ക്. ചേട്ടനെ കാണാതായിട്ട് വർഷങ്ങളായി. അമ്മയുടെ മരണ ശേഷം വല്ല്യമ്മയുടെ സംരക്ഷണയിലായിരുന്നു ഭാഗ്യലക്ഷ്മിയും ചേട്ടനും. ഈ കാലഘട്ടത്തിലാണ് ചേട്ടൻ വീട് വിട്ട് പോകുന്നത്. ഒരിക്കൽ ഇതേക്കുറിച്ച് ഭാഗ്യലക്ഷ്മി സഫാരി ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വീട്ടിൽ സമ്പാദിക്കുന്ന വ്യക്തി ഞാൻ തന്നെയായിരുന്നു. എന്റെ സമ്പാദ്യം ആ വീടിന് താങ്ങും തണലും ആയിരുന്നു. അപ്പോഴേക്കും മൂത്ത ചേച്ചിയുടെ കല്യാണം തീരുമാനിച്ചു. വീണ്ടും ഞങ്ങൾ സഹോദരങ്ങൾ മൂന്ന് പേരുടെ ചോദ്യം ഇവരുടെ ഇടയിൽ വന്നു. വല്ല്യമ്മയ്ക്ക് ഏട്ടൻ ഒരു ഭാരമാകാൻ തുടങ്ങി. അവൻ ജോലിയൊന്നും ചെയ്യുന്നില്ല. അവന് പഠിക്കണം. ഞാനാണെങ്കിൽ അത്യാവശ്യം പെെസ ഉണ്ടാക്കുന്നു. വല്ല്യമ്മയ്ക്ക് ഏട്ടൻ ഒരു ബാധ്യത ആണെന്ന തോന്നൽ വന്ന് തുടങ്ങി.
ഏട്ടന്റെ ഭാഗത്ത് നിന്നും കോംപ്ലക്സുമുണ്ടായി. അങ്ങനെ ഒരു ദിവസം അവൻ ആത്മഹത്യക്ക് ശ്രമിച്ചു. എല്ലാവരും കൂടെ ആശുപത്രിയിൽ കൊണ്ട് പോയി. അമ്മ മരിച്ചാൽ മക്കൾ ജീവിച്ചിരിക്കരുത്. അമ്മയില്ലാത്ത വിഷമം നിന്നേക്കാൾ മനസിലാക്കുന്നത് ഞാനാണ്. നീ സമ്പാദിക്കുന്ന വ്യക്തി ആയത് കൊണ്ട് നിനക്കിവിടെ എല്ലാ സുഖവും സന്തോഷവും ഉണ്ട്. പക്ഷെ ഞാനങ്ങനെയല്ല, എനിക്കാരിമില്ല, ഏറ്റവും അനാഥനായിപ്പോയത് ഞാനാണ് എന്ന് അവനിങ്ങനെ എന്നോട് സങ്കടം പറഞ്ഞു. എന്തോ അതിൽ നിന്നവൻ രക്ഷപ്പെട്ടു. ചേച്ചിയെ കല്യാണം കഴിച്ചപ്പോൾ ഇവന് തോന്നി, വല്ല്യമ്മയുടെ അടുത്ത് ജീവിക്കുന്നതിലും നല്ലത് സ്വന്തം ചേച്ചിയുടെ കൂടെ ജീവിക്കുന്നതാണെന്ന്.

എന്നാൽ ചേച്ചിക്കും എന്നെ മതി. എന്നാൽ വല്ല്യമ്മ വിട്ടില്ല. അവളെ ഞാൻ വിട്ട് തരില്ല, കാരണം വേറൊന്നുമല്ല, പരിചയമില്ലാത്ത പുരുഷൻ, അവളാണെങ്കിൽ പ്രായപൂർത്തിയായ കുട്ടി. ഈ കുട്ടിയെ ഞാനെങ്ങനെ വിട്ട് തരും എന്ന് വല്ല്യമ്മ. ഏട്ടനെ ചേച്ചിയുടെ കൂടെ വിട്ടു. ഞാനും വല്ല്യമ്മയും ചെറിയമ്മയുടെ മകൾ ലളിതയും മാത്രം ഒരു വീട്ടിൽ. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഏട്ടൻ തിരിച്ച് വന്നു. എനിക്കവിടെ ശരിയാകുന്നില്ല, ഞാൻ ഇവിടെ തന്നെ നിന്നോളാം എന്ന് ഏട്ടൻ പറഞ്ഞു. അന്ന് ഞാൻ സാമാന്യം നന്നായി ഡബ് ചെയ്യുന്നു. പൂർണമായിട്ടും ഏട്ടനെ എല്ലാവരും അവഗണിക്കുന്ന അവസ്ഥയിലേക്ക് എത്തി.
അങ്ങനെ ഒരു വ്യക്തി ആ വീട്ടിലുണ്ടെന്ന് പോലും പലപ്പോഴും ആരും ചിന്തിക്കുന്നില്ല. ഏട്ടന് ഫിറ്റ്സ് വരുമായിരുന്നു. സങ്കടമോ ടെൻഷനോ കൂടുന്തോറും ഫിറ്റ്സ് കൂടി വരും. കുറച്ച് നേരം ഞാനവനടുത്തിരുന്ന് സംസാരിച്ചാൽ അവനങ്ങനെ അസുഖം വരില്ല. ഫിറ്റ്സ് വരുന്നതിന്റെയും അമ്മയില്ലാത്തതിന്റെയും ആരുടെയും ശ്രദ്ധ കിട്ടാത്തതിന്റെയും കോംപ്ലക്സ് ഒരുപാട് അവനുണ്ടായിരുന്നു. ഒരു ദിവസം രാത്രി എന്റെയടുത്ത് കിടക്കവെ അവൻ എന്നോട് സംസാരിച്ചു.
ഞാൻ നാട് വിട്ട് പോകും. എന്നെ ആർക്കും വേണ്ട, അമ്മയില്ലാത്ത ലോകത്ത് ജീവിക്കരുതെന്ന് ഞാൻ കൂടുതൽ മനസിലാക്കി വരുന്നു. ഇനി നീയെന്നെ കാണില്ലെന്ന് ഏട്ടൻ. ഞാനത്ര കാര്യമാക്കിയില്ല. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ കാണുന്നില്ല. വല്ല്യമ്മയോട് പറഞ്ഞപ്പോൾ എവിടെയെങ്കിലും പോയിട്ട് വരുമായിരിക്കും എന്ന് പറഞ്ഞു. മൂന്ന് ദിവസമായിട്ടും അവരാരും അവനെ തിരയാൻ പോലും മിനക്കെട്ടില്ലെന്നും ഭാഗ്യലക്ഷ്മി ഓർത്തു.


Click it and Unblock the Notifications
