നായികയാകാൻ പാകമായിയെന്ന് കാണിക്കാനുള്ള ശ്രമം ബാലതാരങ്ങളിലുണ്ട്; ഈ അസംബന്ധം നിർത്തിക്കൂടേ; പ്രതികരിച്ച് എസ്തർ!
ബാലതാരങ്ങളായി ശ്രദ്ധ നേടിയശേഷം പിന്നീട് ആ താരങ്ങൾ മോഡേൺ വേഷങ്ങളിലോ ബോൾഡ് ഫോട്ടോഷൂട്ടുകളിലോ പ്രത്യക്ഷപ്പെട്ടാൽ പ്രധാനമായും കേൾക്കുന്ന ആരോപണമാണ് സിനിമയിൽ അവസരങ്ങൾ കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അൽപ്പവസ്ത‍്രധാരിയായി എത്തുന്നത് എന്നത്. ബാലതാരങ്ങളിൽ നിന്ന് പിന്നീട് നായിക വേഷങ്ങളിലേക്ക് എത്തിയവർ മാത്രമല്ല ചില യുവനടിമാർക്കും ഇതേ ആക്ഷേപം സോഷ്യൽമീഡിയയിൽ നിന്നും നേരിടേണ്ടി വരാറുണ്ട്.
കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് യുവനടി എസ്തർ അനിൽ സംസാരിക്കുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ പെൺകുട്ടികൾ വളർന്ന് ലീഡ് റോളിലേക്കൊക്കെ എത്തുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ട് എന്നാണ് എസ്തർ പറഞ്ഞത്.

നടിയുടെ വാക്കുകൾ വൈറലായപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നിരുന്നു. അതിൽ വിമർശിച്ച് വന്ന ചില കമന്റുകൾ ഇങ്ങനെയായിരുന്നു... പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായിയെന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്, സിനിമകൾ കിട്ടാൻ വേണ്ടി ഞാൻ നായികയാവാനുള്ള പ്രായമെത്തിയെന്ന് കാണിക്കാൻ വേണ്ടി അൽപവസ്ത്രം ധരിച്ച് ശരീരഭംഗിയൊക്കെ കാണിച്ച് പോസ് ചെയ്യും.
അവരെ പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും എന്നിങ്ങനെയായിരുന്നു കമന്റുകൾ. ഇത് ശ്രദ്ധയിൽപ്പെട്ട എസ്തർ കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തി. തുണി ഊരുന്നത് റോൾ കിട്ടാനാണ് എന്ന ഈ നാണമില്ലാത്ത വാദം ഒന്ന് അവസാനിപ്പിക്കാമോ?.
ഇന്ന് മലയാള സിനിമയിൽ കഴിവ് കൊണ്ട് ഉയർന്നിട്ടുള്ള നടിമാരിൽ എത്രപേർ സോഷ്യൽ മീഡിയയിൽ സ്വയം ലൈംഗികവൽക്കരിച്ച് ഇവിടെ എത്തിയതാണ്? ആരുമില്ല. ഒരാൾ അങ്ങനെ എത്തിയാലും അതിൽ നമുക്ക് എന്താണ് പ്രശ്നം?. മലയാള സിനിമ ഇന്നും നിലനിൽക്കുന്നതും മുന്നോട്ട് പോകുന്നതും കഴിവും സാധ്യതയുമുള്ളതുകൊണ്ടാണ്. രൂപത്തിനോ നഗ്നതയ്ക്കോ അല്ല. ഹായ്യോ... ചിലർക്കൊക്കെ സത്യത്തിൽ വേറെ ജോലി ഒന്നുമില്ലെന്നാണ് തോന്നുന്നത്. എന്താണ് പ്രശ്നം ബ്രോ?.
അല്ലെങ്കിൽ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ അറ്റൻഷൻ സീക്കിംഗ് ആണോ?. ഹാ എന്തെങ്കിലും ആയിക്കോട്ടേ... സോറി... ഇന്ന് ഇതൊക്കെ പറയണമെന്നൊരു മൂഡ് ആയിരുന്നു. സാധാരണ ഞാൻ പറയാറില്ല. പക്ഷെ ഇന്ന് പറഞ്ഞത് ഫൺ ആയി തോന്നി എന്നാണ് എസ്തർ കമന്റുകൾക്ക് മറുപടിയായി കുറിച്ചത്.

മുതിർന്നശേഷം മോഡേൺ വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യുമ്പോഴെല്ലാം എസ്തറിന് മാത്രമല്ല ബേബി നയൻതാര, ഗായിക ശ്രേയകുട്ടി തുടങ്ങിയവർക്കെല്ലാം വിമർശനം ലഭിക്കാറുണ്ട്. എസ്തർ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്. ശ്രേയ ജയദീപിന്റെ കമന്റ് ബോക്സ് അതിന് ഒരു ഉദാഹരണമാണ്. മലയാളികളിൽ ചിലർ അത്തരത്തിലുള്ളവരാണ്. പക്ഷെ എല്ലാവരേയും അങ്ങനെ കാണരുത് എന്നിങ്ങനേയും എസ്തറിന്റെ പ്രതികരണം വന്നതോടെ ആളുകൾ കുറിച്ചു.
അതേസമയം ചിലർ എസ്തറിന്റെ സിനിമയിലെ നിലനിൽപ്പിനെ പരിഹസിച്ചും കമന്റുകൾ കുറിച്ചുണ്ട്. ഇരുപത്തിനാലുകാരിയായ എസ്തർ നല്ലവൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് മുമ്പ് മോഡലിങിലും സജീവമായിരുന്നു. പിന്നീട് ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ടെയിൽ, ദൃശ്യം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
കൂടാതെ ഓള്, മിൻമിനി തുടങ്ങിയ സിനിമകളിൽ ലീഡ് റോളുകളിൽ അഭിനയിച്ചിട്ടുമുണ്ട്. പഠനവും മറ്റുമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന എസ്തർ ഇനിയങ്ങോട്ട് സിനിമയിൽ തന്നെ ശ്രദ്ധ കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദൃശ്യം ത്രീയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരം.


Click it and Unblock the Notifications


