അനുഭവിച്ചവർക്കറിയാം, ഫഹദിന്റെ അവസ്ഥയറിയാതെ പരിഹസിക്കരുത്; നടനെ പിന്തുണച്ച് ആരാധകർ
സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. സിനിമ കഴിഞ്ഞാൽ തന്റേതായ ലോകത്തേക്ക് ഒതുങ്ങുന്നയാളാണ് ഫഹദ്. ഇവന്റുകളിലോ അഭിമുഖങ്ങളിലോ ഒന്നും അധികം കാണാറേയില്ല. വല്ലപ്പോഴും ചില പരിപാടികൾക്കെത്തുമ്പോൾ ഫഹദ് ചർച്ചാ വിഷയം ആകാറുമുണ്ട്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ പങ്കെടുത്ത ഇവന്റിൽ നിന്നുള്ള ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാമുവൽ വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിൽ പങ്കെടുത്തതായിരുന്നു നടൻ. കണ്ണിമചിമ്മാതെ ഫഹദ് എങ്ങോട്ടോ നോക്കിയിരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഫഹദിന്റെ ചിന്ത മറ്റെവിടെയോ ആണെന്നും നടൻ എന്താണിങ്ങനെ ചിന്തിച്ച് കൂട്ടുന്നതെന്നും ചോദ്യങ്ങൾ വന്നു.
പലരും പരിഹാസ കമന്റുകളുമായെത്തി. എന്നാൽ ഫഹദിന്റെ സാഹചര്യം മനസിലാക്കേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എഡിഎച്ച്ഡിയുള്ളയാളാണ് ഫഹദ്. ഈ അവസ്ഥയുള്ളവർ പെട്ടെന്ന് ചിന്തകളിൽ ആഴ്ന്നിറങ്ങി പോകുന്നത് പതിവാണ്. എല്ലാവരും കളിയാക്കാൻ തുടങ്ങി ആ അവസ്ഥ വന്നാൽ അറിയാം, ഫഹദിന്റെ അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്, ഞാൻ അനുഭവിക്കുന്നതാണിത് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

2024 ലാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഫഹദ് ഫാസിൽ തുറന്ന് പറയുന്നത്. 41ാം വയസിലാണ് എഡിഎച്ച്ഡി ഉണ്ടെന്ന് അറിയുന്നത്. ഞാൻ ക്ലിനിക്കലി എഡിഎച്ച്ഡി ഡയഗ്നോസ്ഡ് ആണ്. ചില രീതിയിലുള്ള ഡിസോർഡറുകൾ എനിക്കുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്. ബോളിവുഡ് നടി ആലിയ ഭട്ടും തനിക്ക് എഡിഎച്ച്ഡിയുള്ള കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ പറ്റുക, അടങ്ങിയിരിക്കാൻ പറ്റാതിരിക്കുക, ചിലപ്പോൾ സംസാരത്തിനിടയിൽ ചിന്തയിലാണ്ട് പോകുക തുടങ്ങിയവയെല്ലാം എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്. ഫഹദിന്റെ ഭാര്യ നടി നസ്രിയ നസീമും കഴിഞ്ഞ വർഷം താൻ നേരിടുന്ന മാനസിക സംഘർഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മാനസികമായി തകർന്നിരിക്കുന്നതിനാൽ കുറച്ച് നാൾ മാറി നിൽക്കുകയാണെന്ന് നടി വ്യക്തമാക്കിയതാണ്. ഇപ്പോൾ വീണ്ടും പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നസ്രിയ നസീം.
എഡിഎച്ച്ഡി ഉള്ളവർ പൊതുവെ ക്രിയേറ്റീവ് ആയിരിക്കും. ഫഹദ് ഫാസിലും ആലിയ ഭട്ടുമൊക്കെ തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ചവരാണ്. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന, ദേശീയ അവാർഡ് നേടിയ, ഹോളിവുഡിൽ വരെ സാന്നിധ്യം അറിയിച്ച നടിയാണ് ആലിയ ഭട്ട്. മറുവശത്ത് ഫഹദ് അഭിനയ മികവ് കൊണ്ട് വൻ പ്രശംസ നേടിയ നടനും. ഫഹദ് മികച്ച നടനാണെന്നും ആവേശം തനിക്കിഷ്ടപ്പെട്ട സിനിമയാണെന്നും ആലിയ ഭട്ട് ഒരിക്കൽ പറഞ്ഞിരുന്നു. ഫഹദ് ഫാസിലിന്റെ വർക്കുകൾ ഞാൻ വളരെ ആരാധിക്കുന്നു. വളരെ മികച്ച നടനാണ് അദ്ദേഹം. ആവേശം എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. എന്നെങ്കിലും ഫഹദിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നെന്നും ആലിയ ഭട്ട് അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











