പിറന്നപടി ആശുപത്രികിടക്കയിൽ, കുഞ്ഞിനെപ്പോലെ നോക്കി, അമ്മയോടാണ് കടപ്പാട്, ജാസ്മിൻ എന്നും കാണാൻ വരും; ഗബ്രി
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈക്ക് അപകടത്തിൽ സംഭവിച്ച പരിക്കുകൾ മൂലം ചികിത്സയിലും വിശ്രമത്തിലും എല്ലാമായിരുന്നു ഗബ്രി. ബൈക്ക് റൈഡിന് പോയി തിരികെ വരുമ്പോഴാണ് ഗബ്രിക്ക് അപകടം സംഭവിച്ചത്. രണ്ട് കൈകൾക്കുമായിരുന്നു പരിക്ക്. സർജറിയും ആശുപത്രി വാസവുമെല്ലാം പ്രയാസമേറിയ ഘട്ടങ്ങളായിരുന്നുവെന്ന് ഗബ്രി പറയുന്നു. അമ്മയോടും സുഹൃത്തുക്കളോടുമാണ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതെന്നും ഗബ്രി പറയുന്നു.
അമ്മയോടാണ് ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്. വേറെ ഈ ഭൂമിയിൽ ആർക്കും ആ അവസ്ഥയിൽ കിടക്കുന്ന എന്നെ നോക്കാൻ കഴിയില്ല. മമ്മി ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ആശുപത്രിയിൽ അങ്ങനൊരു അവസ്ഥയിൽ കിടക്കുമ്പോൾ നമ്മുടെ നാണം പോകും.

ഹോസ്പിറ്റൽ ഗൗൺ പോലും ധരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. പിറന്നപടിയായിരുന്നു കിടന്നിരുന്നത്. അമ്മയാണ് എനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത്. ഒന്ന് ഒന്നര മാസം. അമ്മയോട് ഞാൻ എപ്പോഴും ദേഷ്യപ്പെടുമായിരുന്നു. പക്ഷെ അവർ എത്രത്തോളം വിലപ്പെട്ടതാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. സർജറിക്കുശേഷം കൈയ്യിലെ കെട്ട് അഴിച്ചപ്പോൾ മുറിവിന് ചുറ്റും കുമിളകളായിരുന്നു.
വേദന കാരണം വായിൽ നിന്നും വാക്കുകൾ പോലും വരുന്നില്ലായിരുന്നു. പത്ത് ദിവസം ആശുപത്രിയിലായിരുന്നു. കുളിക്കാൻ പറ്റില്ലായിരുന്നു. നഴ്സുമാർ വന്ന് ശരീരം തുടച്ച് തരും. ഡോക്ടർമാരും നഴ്സുമാരും എന്നെ പൊന്ന് പോലെയാണ് നോക്കിയത്. താരൻ പിടിച്ച എന്റെ തല വീട്ടിൽ വന്നശേഷം ഒരുമാസം കഴുകി തന്നത‍് എന്റെ കൂട്ടുകാരാണ്. ശരീരം മമ്മി കുളിപ്പിക്കും.
രാജകീയ ട്രീറ്റ്മെന്റായിരുന്നു. ജാസ്മിൻ എന്നും എന്നെ വന്ന് കാണുമായിരുന്നു. എനിക്ക് അപകടം സംഭവിച്ച രാത്രി അവൾക്ക് എന്തോ ദിവ്യദൃഷ്ടിയുണ്ടായെന്ന് തോന്നുന്നു. പിറ്റേദിവസം അവൾ എന്റെ അപ്പനെ വിളിച്ചു അപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. ഉടനെ അവൾ ആശുപത്രിയിൽ വന്നു. ആശുപത്രിയിലും എപ്പോഴും വരുമായിരുന്നു. മനപൂർവമാണ് അപകട വാർത്ത പുറത്ത് വിടാതിരുന്നത്. യുട്യൂബിൽ ആളുകൾ അത് ദുർവ്യാഖ്യാനം ചെയ്താലോ.
അവർക്ക് വളച്ചൊടിക്കാൻ അവസരം കൊടുക്കേണ്ടെന്ന് കരുതി. വീട്ടിൽ വന്നശേഷവും ഒരുപാട് മരുന്നുകൾ ഉണ്ടായിരുന്നു. പതിയെ വേദന കുറഞ്ഞു. ജീവിതം തുലഞ്ഞെന്ന് കരുതി. ഇനി ഞാൻ എന്ത് ചെയ്യുമെന്നായിരുന്നു മനസിൽ. വണ്ടി ഓടിക്കാൻ കഴിയുമോ ക്രിക്കറ്റ് കളിക്കാൻ കഴിയുമോ എന്നുള്ള ആശങ്ക വേറെയും.

പിന്നെ നിങ്ങളോട് പറയാനുള്ളത് ജീവിതത്തിൽ എന്ത് നശിച്ച സിറ്റുവേഷൻ വന്നാലും വിശ്വസിച്ചാൽ എല്ലാത്തിൽ നിന്നും കരകയറി വരാൻ കഴിയും. ഹെൽമെറ്റ് ഇല്ലായിരുന്നുവെങ്കിൽ എന്റെ മുഖം പഞ്ചറാകുമായിരുന്നു. വണ്ടി ഓടിക്കുന്നവർ നിർബന്ധമായും നല്ലൊരു ഹെൽമെറ്റ് വാങ്ങി ഉപയോഗിക്കണം. ഹെൽമെറ്റ് ഇല്ലായിരുന്നുവെങ്കിൽ അപകടം നടന്ന സമയത്ത് തന്നെ ഞാൻ മരിച്ചുപോയേനെ. പ്ലാസ്റ്റർ അഴിച്ചിട്ടും വിരലുകൾക്ക് മൂവ്മെന്റ് കുറവായിരുന്നു.
ഇപ്പോൾ മെച്ചപ്പെട്ടു. ഭാരമെടുക്കാൻ കഴിയില്ല. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. പഴയ ആരോഗ്യത്തിലേക്ക് ഞാൻ തിരിച്ച് വരും. ആശുപത്രിയിൽ പത്ത് ദിവസം കിടന്നശേഷം ഞാൻ വീണ്ടും ദൈവത്തോട് അടുത്തു. ആ സമയത്ത് ഏക ആശ്വാസം ദൈവം മാത്രമായിരുന്നു. ആ ദിവ്യശക്തിയിൽ ഞാൻ വിശ്വസിക്കുന്നു.
എനിക്ക് സഹിക്കാൻ പറ്റാത്ത വേദനകൾ ദൈവം എനിക്ക് തരില്ല. അത് എനിക്ക് മനസിലായി എന്നും ഗബ്രി പറയുന്നു. ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിച്ചശേഷമാണ് നടനായി ഗബ്രിയെ മലയാളികൾ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയതും സ്നേഹിച്ച് തുടങ്ങിയതും. ജാസ്മിനുമായുള്ള ഗബ്രിയുടെ സൗഹൃദം ആരംഭിച്ചതും ബിഗ് ബോസ് ഷോയിൽ വെച്ചാണ്.


Click it and Unblock the Notifications


