ഡിവോഴ്സിന് കാരണം വീട്ടുകാർക്ക് ഇന്നുമറിയില്ല, അവർ പരമാവധി ശ്രമിച്ചു; പക്ഷെ...: ഗൗതമി നായർ
സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മോളിവുഡിൽ തുടക്കം കുറിച്ച നടിയാണ് ഗൗതമി നായർ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ശ്രദ്ധേയ വേഷവും ഗൗതമി ചെയ്തു. എന്നാൽ പിന്നീട് കരിയറിൽ വലിയ ഗ്യാപ്പ് വന്നു. ഇതിനിടെ നടി വിവാഹവും ചെയ്തു. ഫിലിം മേക്കർ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. 2017 ൽ വിവാഹം ചെയ്ത ഇരുവരും പിന്നീട് പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ പിരിയുകയായിരുന്നെന്നും ഇപ്പോഴും സൗഹൃദമുണ്ടെന്നും പുതിയ അഭിമുഖത്തിൽ ഗൗതമി പറയുന്നു.
സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളല്ലേയുള്ളൂയെന്ന് അച്ഛനും അമ്മയുമെല്ലാം പറഞ്ഞിരുന്നു. വിവാഹ ബന്ധത്തിൽ രണ്ട് പേരും ട്രെെ ചെയ്തിട്ടും ഹാപ്പിയല്ലെങ്കിൽ രണ്ട് പേരുടെയും സമയം കളയുന്നതിൽ കാര്യമില്ല. മൂവ് ഓൺ ചെയ്ത് മറ്റൊരാളെ കണ്ടെത്തുന്നതിലും കുഴപ്പമില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നമെന്തായിരുന്നെന്ന് വീട്ടുകാർക്ക് ഇപ്പോഴും അറിയില്ല. ഇപ്പോഴും നിങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്തിനാണ് പിരിയുന്നതെന്ന ചോദ്യം വന്നു. ചില സമയത്ത് പിരിയാൻ പ്രശ്നങ്ങൾ വേണ്ടല്ലോ. ജീവിതത്തിൽ ഞങ്ങൾ രണ്ട് പേർക്കും വേണ്ട കാര്യങ്ങൾ വ്യത്യസ്തമായിരിക്കും.

രണ്ട് പേർക്കും അധികം പ്രായമില്ലായിരുന്നു. സുഹൃത്തുക്കളായിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പരമാവധി നോക്കി. കാര്യങ്ങൾ മനസിലായപ്പോൾ അവർ നിർബന്ധിക്കാൻ നിന്നില്ലെന്നും ഗൗതമി നായർ ഓർത്തു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ജീവിതം കുറേക്കൂടി ആസ്വദിച്ച് തുടങ്ങിയത് മുപ്പത് കഴിഞ്ഞപ്പോഴാണെന്നും ഗൗതമി പറയുന്നുണ്ട്. ഇരുപത് വയസായ ആൾക്കാർ ജീവിക്കേണ്ടത് പോലെയല്ല ഞാൻ ജീവിച്ചിരുന്നത്. മുപ്പതുകൾ പൊളിയാണ്. മുപ്പതുകളിൽ ജീവിതത്തിലെ അനുഭവങ്ങൾ കാരണം ബുദ്ധിയുണ്ടാകും. ആലോചിച്ചായിരിക്കും തീരുമാനങ്ങളെടുക്കുന്നത്. നല്ല രീതിയിൽ ലെെഫ് ചോയ്സുകൾ എടുക്കുമ്പോൾ ഭാവിയും നന്നാകും.
ഏറ്റവും അവസാനം ഫഹദുമായി സംസാരിച്ചത് ഫഹദിന്റെ കല്യാണത്തിന്റെ അന്നാണ്. എല്ലാവർക്കും അവരവരുടെ തിരക്കുകളും ജീവിതവുമുണ്ടാകും. ജീവിതത്തിലെടുത്ത തീരുമാനങ്ങൾ തെറ്റായെന്ന് തോന്നിയിട്ടുണ്ട്. അത് തിരുത്താറുമുണ്ട്. സിനിമ ചെയ്താലും പഠിത്തം കളയരുതെന്ന് അമ്മയായിരുന്നു പറഞ്ഞത്. വെറുതെ ഇരിക്കുമ്പോൾ പഠിച്ച് സ്വയം പര്യാപ്തത നേടാൻ പ്രോത്സാഹിപ്പിച്ചത് കുടുംബമാണെന്നും ഗൗതമി പറഞ്ഞു. ഏറെക്കാലത്തിന് ശേഷം ഗൗതമി അഭിനയിച്ച കാക്കി സർക്കസ് എന്ന സീരീസ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഏപ്രിൽ 10 നാണ് സീരിസ് സീ ഫെെവിൽ സ്‌ട്രീം ചെയ്തത്.


Click it and Unblock the Notifications
















