എല്ലാം തികഞ്ഞവർ മൂന്ന് ദിവസം പോലും തികയ്ക്കാറില്ല; താലികെട്ടിനും റിസപ്ഷനും ജനസാഗരം, ആഘോഷം ഇല്ലാത്തതിന് കാരണം!
ഇക്കഴിഞ്ഞ മാർച്ച് എട്ടിനായിരുന്നു നടനും മിമിക്രി താരവുമായ അജയ് കുമാർ എന്ന ഗിന്നസ് പക്രുവിന്റെയും ഭാര്യ ഗായത്രിയുടേയും ഇരുപതാം വിവാഹ വാർഷികം. വിവാഹവുമായി ബന്ധപ്പെട്ടും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ടും മറക്കാനാവാത്ത നിമിഷങ്ങൾ ഇരുവരും വെഡ്ഡിങ് ആനിവേഴ്സറി സ്പെഷ്യൽ വ്ലോഗിലൂടെ പങ്കുവെച്ചു. പതിനെട്ടര വയസിലാണ് ഗായത്രി പക്രുവിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഇരുവരും ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്.
ഇരുപത് വർഷമായ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത് പക്രുവായിരുന്നു. ഞങ്ങളുടെ ഇരുപതാം വിവാഹ വാർഷികമാണ്. രാവിലെ തന്നെ ക്ഷേത്ര ദർശനം നടത്തി. ഒരുപാട് പേർ സോഷ്യൽമീഡിയ വഴി ആശംസ അറിയിച്ചു. എല്ലാവർക്കും നന്ദി അറിയിക്കുന്നു. കോട്ടയം കുമാരനെല്ലൂർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. അന്ന് ഗായത്രിക്ക് പതിനെട്ടര വയസായിരുന്നു. യാദൃശ്ചികമായി നടന്ന വിവാഹമായിരുന്നു.

ഗായത്രി ചെറിയ കുട്ടിയായതുകൊണ്ട് തന്നെ ഫങ്ഷനുകൾ കുറച്ച് ആളുകളെ മാത്രം വിളിച്ച് നടത്താനായിരുന്നു എന്റെ പ്ലാൻ. മീഡിയ അറ്റൻഷനും കുറയ്ക്കാമല്ലോ. ശേഷം റിസപ്ഷൻ വെക്കാമെന്നും കരുതി. പക്ഷെ ബന്ധുക്കൾ വഴി കാര്യങ്ങൾ ലീക്കായി. താലികെട്ടിന് എല്ലാ മാധ്യമങ്ങളും വന്നു. നല്ലൊരു ക്രൗഡുണ്ടായിരുന്നു. എല്ലാവരേയും കണ്ടപ്പോൾ ഗായത്രിയും ടെൻഷനായി. അതോടെ ചടങ്ങുകൾ വേഗത്തിലാക്കി. പെട്ടന്ന് താലികെട്ടി.
അച്ഛൻ കൈപിടിച്ച് തന്നു. ഉടനെ ഓടി വണ്ടിയിൽ കയറി. കതിർമണ്ഡപം വലം വെയ്ക്കാനൊന്നും നിന്നില്ല. രജിസ്റ്റർ ബുക്കിൽ ഒപ്പിട്ടത് പോലും വണ്ടിയിൽ വെച്ചാണ്. ഓടിച്ചിട്ടൊരു കല്യാണമായിരുന്നു. വീട്ടിലെത്തി സദ്യ കഴിച്ചശേഷം ഫോട്ടോഷൂട്ടിനായി ഇറങ്ങി. എന്റെ വീടിന് സമീപത്ത് കൂടിയാണ് മീനച്ചിലാർ ഒഴുകുന്നത്. അതിന്റെ പടവിലിരുന്ന് ഞങ്ങൾ കുറച്ച് കപ്പിൾ ഫോട്ടോസ് എടുത്തു.
ശേഷം ഫോട്ടോഗ്രാഫറുടെ നിർദേശ പ്രകാരം അവിടെ കെട്ടിയിട്ടിരുന്ന വള്ളത്തിൽ കയറി ഇരുന്ന് ഞങ്ങൾ പോസ് ചെയ്തു. കുറച്ച് കൂടി നല്ലൊരു പോസിന് വേണ്ടി വള്ളത്തിന്റെ കെട്ട് അഴിച്ച് ഫോട്ടോഗ്രാഫർ വെള്ളത്തിലേക്ക് തള്ളി വിട്ടു. പെടുന്നനെ കാറ്റ് പിടിച്ച് വള്ളം നീങ്ങി തുടങ്ങി. ഞാൻ എത്ര ശ്രമിച്ചിട്ടും കരയിലേക്ക് തുഴയാൻ പറ്റിയില്ല. എന്നിട്ടും ധൈര്യം സംഭരിച്ച് തുഴഞ്ഞു. അടുത്തുള്ള ഏതെങ്കിലും കടവിൽ അടുപ്പിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു.
അങ്ങനെ ശ്രമം ഫലം കണ്ടു. രണ്ട് കടവിന് അപ്പുറം എത്തിയപ്പോൾ വള്ളം കരയ്ക്കടുത്തു. ഞങ്ങളും ഫോട്ടോഗ്രാഫേഴ്സും ബന്ധുക്കളും എല്ലാം വല്ലാതെ ഭയന്ന കുറച്ച് സമയം ആയിരുന്നു അത്. വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ വകയും ഒരുപാട് ശകാരം കിട്ടി. ആലുവയിൽ നടന്ന വിവാഹറിസപ്ഷന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് തന്നത‍് ടിനി ടോമായിരുന്നു. അന്നും ഒരുപാട് ജനം കണ്ട് കേട്ട് റിസപ്ഷന് വന്നു.

ഭക്ഷണം തികയാത്ത അവസ്ഥയായി. വിവാഹശേഷം യാത്രകളോ ഹണിമൂണുകളോ ഉണ്ടായിട്ടില്ല. അത്ഭുതദ്വീപിന് കിട്ടിയ സ്റ്റേറ്റ് അവാർഡ് വിവാഹത്തിന് തലേദിവസം പോയാണ് ഏറ്റുവാങ്ങിയത്. ഷൂട്ടിങ് സ്ഥലങ്ങളിൽ എനിക്കൊപ്പം ഗായത്രിയെ ഞാൻ കൊണ്ടുപോകുമായിരുന്നു. പിന്നീട് കുറേ നാളുകൾക്കുശേഷം ഒരുപാട് ഇന്റർനാഷണൽ ട്രിപ്പുകൾ പോയി. മൂത്ത മോൾക്ക് അതിൽ അതൃപ്തിയുണ്ട്. അവൾ അന്നുണ്ടായിരുന്നില്ല.
പിന്നീട് അവളേയും കൂട്ടി ട്രിപ്പ് പോകണമെന്ന് കരുതിയിരുന്നപ്പോഴാണ് പുതിയ ഒരു അതിഥി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. ഞങ്ങളുടെ വലിയ സങ്കടം ഒരു മകളെ നഷ്ടപ്പെട്ടുവെന്നതാണ്. ആ കുഞ്ഞ് പതിനെട്ട് ദിവസം മാത്രമെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുള്ളു. മാർച്ച് ആറിനാണ് ആ കുഞ്ഞ് പോയത്. മാർച്ച് എട്ടിനാണ് ഞങ്ങളുടെ വിവാഹ വാർഷികം. അതുകൊണ്ട് പിന്നീട് കേക്ക് കട്ട് ചെയ്ത് വിപുലമായി വിവാഹ വാർഷികം ഞങ്ങൾ ആഘോഷിക്കാതെയുമായി. ക്ഷേത്ര ദർശനത്തിൽ ഒതുങ്ങും.
മൂത്തമകൾ ദീപ്ത കീർത്തിയുടെ വരവ് ഒരു വെളിച്ചം പോലെയായിരുന്നു. അതുപോലെ ഒട്ടുപ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്ന കുഞ്ഞാണ് രണ്ടാമത്തെ മകൾ. മൂത്തമകൾ രണ്ടാമത്തെ കുഞ്ഞിനെ അമ്മയെപ്പോലെയാണ് നോക്കുന്നത്. മറ്റൊന്ന് എന്റെ കല്യാണശേഷം എന്നെപോലെയുള്ള ഒരുപാട് പേരുടെ വിവാഹം നടന്നു. ഒരു തുടക്കം കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നും പക്രു പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്.
എല്ലാം തികഞ്ഞവർ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിയും മുന്നേ ഓരോ കാരണങ്ങൾ പറഞ്ഞ് ഡിവോഴ്സ് ആകുന്ന ഈ കാലത്തിൽ പൊക്കക്കുറവൊന്നും ഒരു കാരണമല്ലെന്ന് തെളിയിച്ച് പരസ്പരം ജീവിതത്തെ ചേർത്ത് പിടിച്ച് സന്തോഷമായി ജീവിക്കുന്ന നിങ്ങൾ അനേകർക്ക് മാതൃകയാണ് എന്നാണ് ആശംസകൾ നേർന്ന് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications

















