കണക്ക് തീർക്കാൻ ഹൻസികയെത്തുന്നു, വെല്ലുവിളി അനശ്വരയ്ക്ക്; നായികമാർക്കിടയിൽ ഇനി മത്സരം കടുക്കും
സിനിമാ രംഗത്ത് നായികയായി കടന്ന് വരികയാണ് സോഷ്യൽ മീഡിയ താരം ഹൻസിക കൃഷ്ണ. അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിലാണ് ഹൻസികയെത്തുന്നത്. നസ്ലന്റെ നായികയായാണ് ചിത്രത്തിൽ ഹൻസികയെത്തുക. കൃഷ്ണകുമാർ കുടുംബത്തിലെ ആർക്കും ഇതുവരെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ ഹൻസികയെ അവഗണിക്കാൻ സിനിമാ ലോകത്തിനാകില്ലെന്നാണ് വിലയിരുത്തൽ. മികച്ച സ്ക്രീൻ പ്രസൻസുള്ളയാളാണ് ഹൻസിക. അഭിനയ മികവുണ്ടെന്നാണ് ഹൻസികയുടെ പരസ്യ ചിത്രങ്ങൾ കണ്ടവരുടെ വിലയിരുത്തൽ.
മാത്രമല്ല മലയാളത്തിൽ ഹൻസികയെ പോലൊരാൾ ഇപ്പോൾ ആവശ്യവുമാണ്. നസ്ലിൻ, സംഗീത പ്രദീപ്, മാത്യു തോമസ് തുടങ്ങിയവരാണ് മലയാളത്തിലെ ഇന്നത്തെ യുവതാരങ്ങൾ. ഇവരൊക്കെയും പ്രായം കൊണ്ടും കാഴ്ചയിലും ചെറുപ്പമാണ്. പക്ഷെ ഇവർക്ക് പറ്റിയ നായിക നടിമാർ ഇന്ന് മലയാളത്തിൽ കുറവാണ്. മമിത ബെെജു, അനശ്വര രാജൻ എന്നിവരാണ് ഇവരോടാെപ്പം കരിയറിൽ വളർന്ന് വന്ന നായിക നടിമാർ. പക്ഷെ മമിത ഇതിനോടകം സീനിയർ താരങ്ങളുടെ നായികയായി മാറിക്കഴിഞ്ഞു.

അനശ്വരയ്ക്കായിരിക്കും ഹൻസിക വെല്ലുവിളിയാകുക എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ. അനശ്വരയെ പരിഗണിക്കാവുന്ന റോളുകൾ ഒരുപക്ഷെ ഇനി ഹൻസികയിലേക്ക് എത്തിയേക്കും. സിനിമകൾ ചെയ്തില്ലെങ്കിലും അനശ്വരയെ പോലെ പ്രശസ്തയാണ് ഹൻസിക. ഹൻസികയുടെ വരവ് നായിക നിരയിലുണ്ടാക്കാനിടയുള്ള മാറ്റങ്ങൾ ഉറ്റ് നോക്കുകയാണ് പ്രേക്ഷകർ.
അനശ്വരയ്ക്ക് വെല്ലുവിളിയാകുക
ഒരു നായിക നടിയെയും അധിക കാലം വാഴിക്കാത്തയിടമാണ് ഇന്ന് മോളിവുഡ്. പേരെടുക്കുന്ന നായിക നടിമാരെ തഴഞ്ഞ് പുതുമുഖങ്ങളെ ഒന്നിന് പിറകെ ഒന്നായി കൊണ്ട് വരുന്നു. ഒറ്റ നോട്ടത്തിൽ പുതിയ ആളുകൾക്ക് അവസരം നൽകുകയാണെന്ന് തോന്നുമെങ്കിലും കുറഞ്ഞ പ്രതിഫലം, ഒരു നായിക നടിയുടെ സ്ഥാനം അംഗീകരിക്കാനുള്ള മടി എന്നിവയെല്ലാം ഇതിന് കാരണമാണ്. ഈ സ്ഥിതി ഒരുപക്ഷെ മലയാളത്തിൽ തന്നെ തുടർന്നാൽ അനശ്വര രാജൻ നേരിടേണ്ടി വരും. പകരം ഈ സ്ഥാനത്തേക്ക് ഹൻസിക വന്നേക്കും.
ഹൻസികയ്ക്കുള്ള തടസങ്ങൾ
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഹൻസികയെ മാറ്റി നിർത്താനുള്ള സാധ്യതകളുണ്ട്. നേരത്തെ ഹൻസികയുടെ ചേച്ചി അഹാന കൃഷ്ണയ്ക്ക് ഈ സാഹചര്യമുണ്ടായിട്ടുണ്ട്. മറ്റൊന്ന് ഹൻസികയുടെ സ്ക്രീൻ പ്രസൻസ് തന്നെയാണ്. സ്റ്റാർ മെറ്റീരിയൽ നായിക നടിമാർ ഇന്ന് മോളിവുഡിൽ വിരളമാണ്. പകരം നെക്സ്റ്റ് ഡോർ ഇമേജുള്ളവരാണ് കൂടുതൽ. ഇത്തരം നടിമാർക്കാണ് ഇന്ന് മോളിവുഡിൽ കൂടുതൽ അവസരം. 'മസ്തിഷ്ക മരണം' എന്ന സിനിമ കണ്ട പ്രേക്ഷകരിൽ പലരും മലയാളത്തിൽ സ്റ്റാർ മെറ്റീരിയലായ യുവ നടിമാരില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സിനിമകൾക്ക് അനുയോജ്യമായ സ്ക്രീൻ പ്രസൻസുള്ളയാളാണ് ഹൻസിക കൃഷ്ണ.


Click it and Unblock the Notifications
















