മദ്യപിച്ച് വാഹനമോടിച്ചു, ഹെലൻ ഓഫ് സ്പാർട്ട പൊലീസ് പിടിയിൽ; ഇൻഫ്ലുവൻസർക്ക് വ്യാപക വിമർശനം
പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലറിയപ്പെടുന്ന എസ്ആർ ധന്യ പൊലീസ് പിടിയിൽ. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ധന്യയെ കാസർകോട് വെച്ച് പൊലീസ് പിടികൂടിയത്. നാഷണൽ ഹെെവേ 66 ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു ധന്യ. ഇത് ശ്രദ്ധയിൽപെട്ട് പൊലീസ് അടുത്തേക്ക് എത്തിയപ്പോഴേക്കും ധന്യ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോയി. അണങ്കൂരിൽ വെച്ച് പൊലീസ് കെെ കാണിച്ചിട്ടും ഇവർ വണ്ടി നിർത്തിയില്ല.
തുടർന്ന് പൊലീസ് സംഘം ഈ കാറിനെ പിന്തുടർന്നു. ഒടുവിൽ അണങ്കൂരിൽ നിന്നും കിലോ മീറ്ററുകൾ അകലെയുള്ള ബന്തിയോട് ഭഗവതി നഗറിൽ പൊലീസ് ധന്യയെയും കാറിനെയും വളഞ്ഞ് പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിൽ ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായി. എഫ്ഐആറിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് പിഴയീടാക്കിയ ശേഷമാണ് ധന്യയെ വിട്ടയച്ചതെന്നാണ് വിവരം. സംഭവത്തിൽ ധന്യക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ധന്യ. ചിലർക്കെതിരെ മോശം ഭാഷയിൽ റിയാക്ഷൻ വീഡിയോ ചെയ്തതിന് അടുത്ത കാലത്തായി ധന്യക്ക് നേരെ വ്യാപക വിമർശനം വന്നിരുന്നു.



Click it and Unblock the Notifications
