അസുഖം ഇതാണ്! കൂടിപ്പോയാല്‍ അഞ്ച് വര്‍ഷം! അമ്മയും കേട്ടു! ആ നിമിഷങ്ങളെക്കുറിച്ച് ജ്യോതിര്‍മയി
ജ്യോതിര്‍മയിയും അമല്‍നീരദും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അവതാരകയായി തുടങ്ങി, പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു ജ്യോതി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും ബോഗന്‍വില്ലയിലൂടെയായിരുന്നു തിരിച്ചെത്തിയത്. ജീവിതത്തില്‍ നിഴലായി കൂടെയുണ്ടായിരുന്ന അമ്മയെ നഷ്ടമായതിനെക്കുറിച്ച് നടി സംസാരിച്ചിരുന്നു. കേരള കാന്‍ പരിപാടിയില്‍ വെച്ചായിരുന്നു അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചും, ചികിത്സയെക്കുറിച്ചും, അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും സംസാരിച്ചത്.
അമ്മയ്ക്ക് ഇടയ്ക്കിടെ കൈ വേദന വരുമായിരുന്നു. ഫിസിയോതെറാപ്പി ചെയ്യും. കുറച്ച് ദിവസം കഴിഞ്ഞാല്‍ പിന്നെയും വേദന. അങ്ങനെയൊരു അവസ്ഥയായപ്പോഴാണ് നമുക്ക് വിദഗ്ദ്ധ ഡോക്ടേഴ്‌സിനെ കാണിക്കാമെന്ന് പറഞ്ഞത്. അങ്ങനെ കുറേ ടെസ്റ്റുകള്‍ നടത്തി. അപ്പോഴാണ് മള്‍ട്ടിപ്പിള്‍ മൈലോമയെക്കുറിച്ച് അറിയുന്നത്. അമ്മയോട് ഡോക്ടറായിരുന്നു അസുഖത്തെക്കുറിച്ച് പറഞ്ഞത്. ഇതാണ് അവസ്ഥ, മാക്‌സിമം പോയാല്‍ അഞ്ച് വര്‍ഷം. ഒറ്റയടിക്ക് ഡോക്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു.

പേഷ്യന്റിന്റെ മുന്നില്‍ വെച്ച് ഇങ്ങനെയൊക്കെ പറയുന്നത്, ഞങ്ങളോട് മാത്രം പറഞ്ഞാല്‍ പോരായിരുന്നോ എന്നൊക്കെയായിരുന്നു ഞങ്ങളുടെ ചിന്ത. അമ്മയാണെങ്കില്‍ ഇപ്പോള്‍ പൊട്ടും എന്ന അവസ്ഥയിലായിരുന്നു. നമുക്കൊരു സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കാം. അമ്മ പാനിക് ആവണ്ട എന്ന് പറഞ്ഞ് അമല്‍ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അമലിന്റെ ഫാദര്‍ കാന്‍സര്‍ സര്‍വൈവറാണ്. അതിന് ശേഷമായിരുന്നു ഗംഗാധരന്‍ ഡോക്ടറിനെ കാണാന്‍ പോയത്. അവിടെ നിന്നും കിട്ടിയ ആശ്വാസവും, പ്രചോദനവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഡോക്ടറുടെ വീട്ടില്‍ പോയാണ് കണ്ടത്. രോഗിയെ പോലെ കൂടെയുള്ളവര്‍ക്കും ഇത് പെട്ടെന്ന് ആസപ്റ്റ് ചെയ്യാനാവില്ല.
ജലദോഷമാണ്, പനിയാണ് എന്ന് പറയുന്ന ലാഘവത്തോടെ ഇതേക്കുറിച്ച് പറയാനോ, ഉള്‍ക്കൊള്ളാനോ നമുക്ക് പറ്റില്ല. അതൊന്നും സാരമില്ല. നമുക്ക് നോക്കാമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതേ അസുഖമുള്ളൊരാളെ വിളിച്ച് കാണിച്ചിരുന്നു ഡോക്ടര്‍. ലൈഫ് സ്റ്റൈലും, മരുന്നുമൊക്കെ കഴിക്കുന്നതിനാല്‍ അയാള്‍ ഇപ്പോഴും ആക്ടീവായി കഴിയുകയാണ്. കൃഷിയൊക്കെ ചെയ്യുന്നുമുണ്ട്. കുഴപ്പമൊന്നുമില്ല ചേച്ചീ, കുറച്ചൊക്കെ ശ്രദ്ധിക്കണം എന്നേയുള്ളൂ എന്നായിരുന്നു ആ ചെറുപ്പക്കാരനും പറഞ്ഞത്. ആറ് വര്‍ഷത്തോളം പിന്നെ ഗംഗാധരന്‍ ഡോക്ടറിനൊപ്പമായിരുന്നു ഞങ്ങളുടെ ജീവിതം. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ എന്റെ എല്ലാ വേദനയും മാറുമെന്നാണ് അമ്മ പിന്നീട് പറഞ്ഞിരുന്നത്.
നല്ല സപ്പോര്‍ട്ടീവായിട്ടുള്ളൊരു ഡോക്ടറും, ടീമും ഉണ്ടെങ്കില്‍ ഈ വേദനകളെല്ലാം എല്ലാവരും മറക്കുമെന്നാണ് ഞാന്‍ മനസിലാക്കിയത്. അമ്മ എപ്പോഴും എന്നോടൊപ്പമുണ്ടാവാറുണ്ട്. നിഴലാണെന്ന് വേണമെങ്കില്‍ പറയാം. എല്ലാവര്‍ക്കും അറിയാവുന്നതാണ് അമ്മയെ. അസുഖത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നതൊന്നും അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങനെയൊരു സിംപതിയുടെ ആവശ്യമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രമേ അമ്മയുടെ അസുഖത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ.
ആശുപത്രിയിലേക്കുള്ള ഓരോ യാത്രയും ഞങ്ങള്‍ക്കൊരു പിക്‌നിക് പോലെയായിരുന്നു. ഒന്നിച്ച് ചെലവഴിക്കാന്‍ കിട്ടുന്ന സമയമായാണ് ഞങ്ങള്‍ അതിനെ കണ്ടിരുന്നത്. ആ സമയത്ത് കൊവിഡായിരുന്നു. ഇമ്യൂണിറ്റി കുറവായതിനാല്‍ അങ്ങേയറ്റം കെയര്‍ ചെയ്യണമായിരുന്നു. അമലിന്റെ പേരന്‍സും, എന്റെ അമ്മയും അങ്ങനെ ഞങ്ങളൊന്നിച്ച് ജോയിന്റ് ഫാമിലി പോലെയാണ് കഴിഞ്ഞത്. ഇപ്പോള്‍ വഴക്കടിക്കാനൊന്നും ആളില്ല. പെട്ടെന്ന് മുതിര്‍ന്ന് പോയത് പോലെ തോന്നും. അമ്മയെ ശരിക്കും മിസ് ചെയ്യാറുണ്ടെന്നുമായിരുന്നു ജ്യോതിര്‍മയി പറഞ്ഞത്.


Click it and Unblock the Notifications