ചേട്ടന്റെ സാമ്പത്തികം പലരുടെ കയ്യിലും, മരിച്ച ശേഷം വന്ന കോളുകൾ; സുഹൃത്തുക്കൾ ചെയ്ത തെറ്റ്: ആർഎൽവി രാമകൃഷ്ണൻ
കലാഭവൻ മണിയുടെ വിയോഗം ഇന്നും മലയാളികളെ വിഷമിപ്പിക്കുന്ന കാര്യമാണ്. കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു കലാഭവൻ മണി. ആശുപത്രിയിലാകുന്നയന്ന് ബിയർ ആവശ്യപ്പെട്ട മണിക്ക് ഒപ്പം പെപ്സി വാങ്ങി ബിയർ കുപ്പിയിൽ ഒഴിച്ച് നൽകിയെന്നും ആരോഗ്യം വഷളായപ്പോൾ ബെൻസോഡെെസ്പിൻ കുത്തി വെച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നുണ്ട്. കലാഭവൻ മണിയുടെ ഒപ്പമുണ്ടായിരുന്നവർ ചെയ്ത കാര്യങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇദ്ദേഹം പറയുന്നു. സഫാരി ചാനലിൽ മണിയുടെ സാമ്പത്തികപരമായ ചില കാര്യങ്ങളും ആർഎൽവി രാമകൃഷ്ണൻ സംസാരിക്കുന്നുണ്ട്.
ചേട്ടന് ലിവർ സിറോസിസ് ഉണ്ടെന്ന് ഞാനറിയുന്നത് വിത്ഡ്രോവൽ സിൻഡ്രം കാരണം അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ്. ആ സമയത്തും ചേട്ടന്റെ സുഹൃത്തുക്കളായ ആളുകൾ എന്നെ ഡോക്ടറോട് സംസാരിക്കുന്നതിൽ നിന്നും തടഞ്ഞു. നീ അകത്തേക്ക് കയറേണ്ട, ഇവിടെ നിന്നോ എന്ന് പറയും. ഞാൻ നിർബന്ധിച്ചിട്ട് പോലും എന്നെ സമ്മതിച്ചില്ല. അസുഖമുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും കൃത്യമായി എനിക്കറിയാമായിരുന്നു. മറ്റുള്ളവർക്ക് മദ്യം കഴിക്കാൻ വേണ്ടി സാഹചര്യങ്ങളും ഉണ്ടാക്കിയ സ്ഥിതിയുണ്ട്. അതിന്റെ പേരിൽ ചേട്ടന്റെ സുഹൃത്തുക്കളോട് കശപിശ ഉണ്ടാക്കേണ്ടി വന്നു. അതിന് എന്നെ ചേട്ടൻ ചീത്ത പറഞ്ഞു. ചേട്ടൻ മദ്യപാനം വേണ്ടെന്ന് വെച്ച് മാറിയിരുന്നാലും അദ്ദേഹത്തെ ഇതിലേക്ക് കൊണ്ട് വരാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ അവിടെ (പാഡി) നടന്നിരുന്നു എന്നതാണ് വാസ്തവം.

സിനിമയിൽ അഭിനയിച്ച പ്രതിഫലം ചേട്ടൻ ഭാര്യക്കും മറ്റും നൽകിയിരുന്നു. പക്ഷെ അതിനപ്പുറത്ത് പരിപാടിക്ക് പോകുന്നതും മറ്റ് സാമ്പത്തിക കാര്യങ്ങളും കൃത്യമായി എന്താണ് നടന്നതെന്ന് അറിയില്ല. പല സമയത്തും അവിടെ പെെസ മോഷണം പോയെന്നും കാണാനില്ലെന്നും പറഞ്ഞ് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പലർക്കും പെെസ കടം കൊടുത്തിട്ടുണ്ടെന്ന് പറയുന്നു. ചേട്ടൻ മരിച്ച ശേഷം പല കോളുകളും നമ്മൾക്ക് വന്നു. അദ്ദേഹത്തിന് പലയിടങ്ങളിലും സ്ഥലങ്ങൾ ഉണ്ടായിരുന്നെന്നും സാമ്പത്തികമായി പലർക്കും കൂടുതൽ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ നേരിട്ട് ഇതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.
അവിടെയുണ്ടായിരുന്ന കുറേ ആളുകളുമായി സംസാരിച്ച് നമുക്ക് വിവരം തന്നു. പലരുടെ കയ്യിലും അദ്ദേഹത്തിന്റെ സാമ്പത്തികം ഉണ്ടെന്നാണ് നമുക്കറിയാൻ കഴിഞ്ഞത്. പിന്നീട് ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് പോയപ്പോൾ അവരൊക്കെ എതിരാകുകയും നമ്മളെ വളരെ മോശമായ രീതിയിൽ ഞങ്ങൾ സാമ്പത്തികം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് പറയുകയും ചെയ്തു. വളരെയധികം മാനസികമായി വേദനിച്ചു.
മണി ചേട്ടൻ എങ്ങനെ പോയി എന്നാണ് ഞങ്ങൾക്ക് അറിയേണ്ടിയിരുന്നത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പോലും സാമ്പത്തികമായ ആവശ്യങ്ങൾക്ക് ചെല്ലാതിരുന്ന വ്യക്തിയാണ് ഞാൻ. ഇങ്ങനെയാെക്കെ പറഞ്ഞുണ്ടാക്കുമ്പോൾ വളരെ വിഷമത്തിലേക്ക് പോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെച്ചാണ് കേസിനെ ഞങ്ങൾ കണ്ടത്. അല്ലാതെ വായുവിൽ നിന്നും കഥ പറഞ്ഞ് അവതരിപ്പിച്ചതല്ല. ഫോറൻസിക് റിപ്പോർട്ടുകളൊക്കെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതൊക്കെ വെച്ചാണ് അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടതെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications
