അച്ഛന്റെ ആഗ്രഹം മകള്‍ യാഥാര്‍ത്ഥ്യമാക്കി! ശ്രീലക്ഷ്മി ഡോക്ടറായി! കലാഭവന്‍ മണിയുടെ മകളെക്കുറിച്ച് സഹോദരന്‍
മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് പത്ത് വര്‍ഷം. കലാഭവന്‍ മണിയുടെ പാട്ടോ, ഡയലോഗുകളോ, കാണാതെ, കേള്‍ക്കാതെ ഒരുദിവസം കടന്നുപോവുന്നില്ല. ആ ശൂന്യത ഇപ്പോഴും അറിയുന്നുണ്ടെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വേര്‍പാട്. അന്ന് പാടിയിലെന്താണ് സംഭവിച്ചതെന്നും, അദ്ദേഹത്തിന്റെ മരണ കാരണവുമെല്ലാം ഇന്നും അഞ്ജാതമായി അവശേഷിക്കുകയാണ്. മണിയുടെ ഭാര്യ നിമ്മിയും, മകള്‍ ശ്രീലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കുടുംബത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. ആഗ്രഹിച്ചത് പോലെയൊരു പങ്കാളിയെയാണ് തനിക്ക് കിട്ടിയതെന്നായിരുന്നു നിമ്മിയെക്കുറിച്ച് പറഞ്ഞത്. മകളെക്കുറിച്ചും വാതോരാതെ സംസാരിക്കാറുണ്ട്. ഇടയ്ക്ക് അച്ഛനൊപ്പമായി ചാനല്‍ പരിപാടികളില്‍ മകളും പങ്കെടുത്തിരുന്നു.
അത്യാവശ്യം മിമിക്രിയൊക്കെ അവള്‍ക്കും വശമുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ ചമ്മലാണ്. എന്നാലും ഞാന്‍ പറഞ്ഞാല്‍ ചെയ്യും അല്ലേയെന്നായിരുന്നു ഇടയ്‌ക്കൊരു ഷോയില്‍ മകളോട് ചോദിച്ചിരുന്നു. മകളുടെ പ്രകടനത്തില്‍ കാണികള്‍ കൈയ്യടിച്ചപ്പോള്‍ മണിക്കും സന്തോഷമായിരുന്നു. മകളെ ഡോക്ടറായി കാണാനാണ് ആഗ്രഹം. പാവങ്ങളെ ചികിത്സിക്കാനായി ഒരു ആശുപത്രി പണിയും. അവിടെ മകളായിരിക്കും പ്രധാന ഡോക്ടര്‍. അധികം കാശൊന്നും വാങ്ങാതെ ചികിത്സിക്കണമെന്നായിരുന്നു മകളോട് മണി പറഞ്ഞത്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിനിടയിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു ശ്രീലക്ഷ്മി. ഇപ്പോഴിതാ അച്ഛന്‍ ആഗ്രഹിച്ച പോലെ മകള്‍ ഡോക്ടറായിരിക്കുകയാണ്. മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണനായിരുന്നു ഈ വിശേഷം പങ്കുവെച്ചത്.

മണിച്ചേട്ടന്റെ കുടുംബത്തെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. സോഷ്യല്‍മീഡിയയിലോ, അഭിമുഖങ്ങളിലോ ഒന്നും അമ്മയേയും മകളെയും കാണാറില്ല. ഇടയില്‍ സുഹൃത്തുക്കളാരോ പങ്കുവെച്ചൊരു വീഡിയോയില്‍ ശ്രീലക്ഷ്മിയെ കണ്ടിരുന്നു. എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുകയാണ് പാപ്പ എന്ന ശ്രീലക്ഷ്മി. ചേട്ടന്‍ ആഗ്രഹിച്ചത് പോലെ അവള്‍ ഡോക്ടറായി. പാവങ്ങളുടെ ഡോക്ടറാവണം എന്നാണ് ചേട്ടന്‍ ആഗ്രഹിച്ചത്. ചാലക്കുടിയിലെ മണിക്കൂടാരത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശ്രീലക്ഷ്മിക്കൊപ്പമായി നിമ്മിയും എറണാകുളത്തേക്ക് പോയതോടെയായിരുന്നു വീട് അടച്ചിടേണ്ടി വന്നത്. അവധി കിട്ടുമ്പോള്‍ അവര്‍ ഇങ്ങോട്ടേക്ക് വരാറുണ്ട്. മണിച്ചേട്ടനില്ലെങ്കിലും, മണിക്കൂടാരം കാണാനും, സ്മൃതി മണ്ഡപത്തിലേക്കുമൊക്കെയായി ആളുകള്‍ വരാറുണ്ടെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications