ഓർമകളിൽ നിന്ന് കരകയറണം... മക്കൾക്ക് വേണ്ടി ജീവിക്കണം; പുതിയ തീരുമാനവുമായി രഹ്ന നവാസ്! രേണുവിനും മാതൃകയാക്കാം!
കഴിഞ്ഞ വർഷം എല്ലാവരേയും വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു നടനും മിമിക്രി കലാകാരനും ഗായകനുമെല്ലാമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാട്. സിനിമാ ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയിൽ എത്തിയ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് താരം അന്ന് എത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
അമ്പതുകളോട് അടുക്കുന്നതേ ഉണ്ടായിരുന്നുള്ളു നടൻ. അതിനാൽ തന്നെ പെട്ടന്നുള്ള മരണം കുടുംബത്തിന് മാത്രമല്ല സിനിമാപ്രേമികൾക്കും തീരാവേദനയായി. നവാസിന്റെ വേർപാട് ഏറ്റവും കൂടുതൽ ഉലച്ചത് ഭാര്യ രഹ്നയെയാണ്. നവാസിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ എല്ലാവരുടേയും മനസിൽ ആദ്യം തെളിഞ്ഞ് വന്ന മുഖവും രഹ്നയുടേതായിരുന്നു.

നവാസിന്റെ സാന്നിധ്യം ഇനിയുണ്ടാവില്ലെന്ന് ഉൾക്കൊള്ളാൻ കഴിയുമോ? വേദന താങ്ങാൻ കരുത്തുണ്ടാകുമോ? എന്നുള്ള നൂറ് ചോദ്യങ്ങളും രഹ്ന-നവാസ് ദാമ്പത്യ ജീവിതം അടുത്തറിയാവുന്നവരുടെ എല്ലാം മനസിൽ ഉയർന്ന് വന്നിരുന്നു. ഭർത്താവിന്റെ വേർപാട് ഉൾക്കൊള്ളാൻ രഹ്നയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മക്കളാണ് ഏക ആശ്വാസം. നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവർക്കും.
നവാസ് മരിച്ചശേഷം രഹ്ന പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ആകെ വന്നത് നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം സിനിമ കാണാൻ വേണ്ടി മാത്രമാണ്. സിനിമ കണ്ട് പുറത്തിറങ്ങിയ രഹ്ന പ്രിയതമന്റെ സ്ക്രീനിലെ സാന്നിധ്യം കണ്ട് മക്കളെ കെട്ടിപിടിച്ച് വിതുമ്പിക്കരയുകയായിരുന്നു. രഹ്ന കരയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച യുട്യൂബേഴ്സിന്റെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം അന്ന് ഉയർന്നിരുന്നു.
വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന വർഷങ്ങൾക്കിപ്പുറം ഇഴ എന്ന സിനിമയിലൂടെ നവാസിന്റെ തന്നെ നായികയായി തിരിച്ചെത്തിയിരുന്നു. ഇരുവരും ഈ സിനിമയുടെ പ്രമോഷനായി കപ്പിളായി എത്തി നൽകിയ അഭിമുഖങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ രഹ്നയുടെ പുതിയ തീരുമാനം നവാസിനെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷം പകരുകയാണ്.
വീട്ടിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കാതെ ഓർമകളിൽ നിന്നും കരകയറി മക്കളുടെ സന്തോഷത്തിന് വേണ്ടി ജീവിക്കാൻ രഹ്ന തീരുമാനിച്ചുവെന്ന് സൂചിപ്പിക്കുന്നതാണ് നടി പങ്കിട്ട പുതിയ പോസ്റ്റ്. ഹാന്റ് എംബ്രോയിഡറിയിൽ പ്രവീണ്യമുള്ള രഹ്ന അത് പഠിക്കാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നു. രഹ്നാസ് ഡിസൈൻസ് എന്ന പേരിലാണ് ക്ലാസ്. പത്ത് ദിവസത്തെ പരിശീലമാണ്.

ആലുവ ചൂണ്ടിയിലാണ് ക്ലാസ് നടക്കുക. പതിനാല് വയസിന് മുകളിലേക്ക് പ്രായമുള്ളവർക്കാണ് പരിശീലനം നൽകുക. താൽപര്യമുള്ളവർക്ക് ക്ലാസിൽ ജോയിൻ ചെയ്യാനായി വിശദവിവരങ്ങൾ അറിയാൻ കോൺടാക്ട് നമ്പറും മറ്റ് വിവരങ്ങളും അടങ്ങിയ പോസ്റ്ററും രഹ്ന പങ്കുവെച്ചിട്ടുണ്ട്. നടിയുടെ പുത്തൻ തുടക്കത്തിന് ആശംസകൾ നേർന്നാണ് കമന്റുകൾ ഏറെയും.
നവാസിന്റെ ഓർമകളുമായി വീട്ടിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കുന്നതിനേക്കാൾ ഇത്തരം കാര്യങ്ങളിലേക്ക് മനസ് വ്യതി ചലിപ്പിച്ചാൽ സങ്കടങ്ങൾക്ക് കുറവ് വരുമെന്നും കമന്റുകളുണ്ട്. എപ്പോഴും കുസൃതി ചിരിയും കലപിലയുള്ള സംസാരവുമായി മാത്രമെ രഹ്ന പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അങ്ങനൊരാൾ പെട്ടന്ന് മൂകയായത് പ്രേക്ഷകരേയും വേദനിപ്പിച്ചിരുന്നു. നവാസിക്കയില്ലാതെ ജീവിക്കാനാകില്ല എന്ന് പലവട്ടം പറഞ്ഞിട്ടുള്ള രഹ്നയുടെ ലോകം നവാസ് മാത്രമായിരുന്നു.
പകൽ സമയത്ത് ഉറങ്ങാൻ പോലും സമ്മതിക്കാതെ തന്നോട് സംസാരിച്ചിരിക്കണമെന്ന് വാശിപിടിക്കുന്ന ഭാര്യയെ കുറിച്ച് നവാസ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രഹ്നയുടെ പുതിയ തുടക്കത്തിന് കയ്യടിക്കുന്ന സോഷ്യൽമീഡിയ രേണു സുധിയെ വിമർശിക്കുന്നുമുണ്ട്. വിവാദങ്ങളെല്ലാം ഒഴിവാക്കി രഹ്നയെപ്പോലെ നല്ല തൊഴിൽ കണ്ടെത്തി മക്കളെ സംരക്ഷിക്കൂവെന്ന തരത്തിലാണ് വിമർശനം. സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് ഇറങ്ങിയതിനും ഗ്ലാമറസായി അഭിനയിക്കുന്നതിനും നിരന്തരം രേണു ട്രോളും പരിഹാസവും ഏറ്റുവാങ്ങുന്നുണ്ട്.


Click it and Unblock the Notifications

















