ആ ബോധ്യം ഉണ്ടായിരുന്നു! ദൈവമായി കാണിച്ച് തന്നത്! തളരാതെ ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ച് കാവ്യ മാധവന്‍
വിവാഹ മോചനത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള കാവ്യ മാധവന്റെ അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്. മുഖാമുഖം പരിപാടിയിലൂടെയായിരുന്നു കാവ്യ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ച് വാചാലയായത്. ജീവിതത്തില്‍ ഞാന്‍ സീരിയസാണ്. സിനിമയും ജീവിതവും വേറെ വെറയായി കാണുന്ന ആളാണ്. ഇമേജിനേഷന്‍ വേള്‍ഡില്‍ ജീവിക്കുന്ന ആളൊന്നുമല്ല ഞാന്‍. റിയാലിറ്റിയില്‍ വിശ്വസിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ആളാണ്. പ്രായം കൂടുന്തോറുമുള്ള മാറ്റം ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. സത്യസന്ധമായ കാര്യമാണ്. എനിക്കുപോലും അത്ഭുതം തോന്നിയ മാറ്റങ്ങളുണ്ട്. അതെനിക്ക് തിരിച്ചറിയാന്‍ പറ്റുന്നുണ്ട് വ്യക്തിയെന്ന നിലയില്‍.
എന്റെ ക്യാരക്ടറില്‍ വന്ന മാറ്റം ജോലിയേയും ബാധിക്കുന്നുണ്ട്. അറിഞ്ഞിട്ടാണ് ക്യാരക്ടറുകളൊക്കെ ചെയ്യുന്നത്. നേരത്തെ അങ്ങനെയായിരുന്നില്ല. ഡയറക്ടര്‍ പറയുന്നത് പോലെ ചെയ്യുന്നു എന്നുമാത്രം. എന്തുകൊണ്ടിങ്ങനെ, ഇതിലേക്കുള്ള കണക്ഷനെന്തായിരുന്നു എന്നൊക്കെ ചിന്തിച്ച് അഭിനയിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്. ജോലിയെ കുറേക്കൂടി സീരിയസായി അപ്രോച്ച് ചെയ്യുന്നതും ഇപ്പോഴാണെന്നുമായിരുന്നു കാവ്യ പറഞ്ഞത്. എന്തായാലും മാറ്റം നല്ലതിനായാല്‍ മതി. ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ കണ്‍ഫ്യൂഷനാണ്. ജീവിതം എന്താണെന്നോ, ആളുകള്‍ എങ്ങനെയാണെന്നോ, എനിക്കൊന്നും മനസിലായിട്ടില്ല.

ഇത്രയുംകാലം ഈ മേഖലയിലുണ്ടായിട്ടും ഇന്‍ഡസ്ട്രി ഇങ്ങനെയാണെന്ന് ഞാന്‍ മനസിലാക്കുന്നത് ഈ അടുത്ത കാലത്താണ്. ഇവിടെയുള്ള ആളുകള്‍ ഇങ്ങനെയാണെന്ന് മനസിലാക്കുന്നതും ഇപ്പോഴാണ്. പലപ്പോഴും ഷോക്കിംഗായിട്ടുള്ള അനുഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ബ്ലാങ്കായിരിക്കുക. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെയിരിക്കുക. നമ്മള്‍ മനസോട് ചേര്‍ത്തുവെച്ചവരില്‍ നിന്നും തിരിച്ചടി ലഭിക്കുമ്പോള്‍, എന്നെപ്പോലെയൊരാളെ സംബന്ധിച്ചിടത്തോളും അത് വല്ലാതെ ബാധിക്കും. അങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചധികമായി ഉണ്ടായിട്ടുണ്ട്. അത് എന്റെ തെറ്റായിരിക്കാം. ഞാന്‍ അവരെ മനസോട് ചേര്‍ത്ത് വെച്ചിട്ട്, ഞാന്‍ സ്‌നേഹിക്കുന്നത് പോലെ അവര്‍ സ്‌നേഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതെന്റെ തെറ്റാണ്.
ചിരിച്ച് സംസാരിച്ചാലും, ചിരിക്കാതെ സംസാരിച്ചാലും രണ്ടര്‍ത്ഥം. ഇനി സംസാരിക്കാതെയിരുന്നാലും അതെ. എന്ത് ചെയ്താലും കുറ്റം പറയുമെന്നുറപ്പാണ്. അപ്പോള്‍ പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്. അപ്പോള്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ സങ്കടപ്പെട്ടിരിക്കുകയൊന്നുമല്ല ആ കാലമൊക്കെ കഴിഞ്ഞു. എന്തിനാണ് സങ്കടപ്പെടുന്നത്. എല്ലാവരും ഞാന്‍ പാവമാണെന്നാണ് പറയുന്നത്. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. പാവമായത് കൊണ്ട് കുറച്ച് അനുഭവിച്ചിട്ടുണ്ട് ഞാനും അച്ഛനും അമ്മയുമൊക്കെ. വടക്ക് നിന്ന് വന്നതിന്റെയാണെന്ന് തോന്നുന്നു. അങ്ങോട്ടുള്ളവര്‍ കുറച്ചുകൂടി ശുദ്ധരാണ്. ഉള്ളിലൊന്ന് വെച്ച് പുറമെ മറ്റൊന്നായി പെരുമാറാന്‍ അറിയില്ല.
ഇവിടെ, ഇങ്ങോട്ട് വരുന്തോറും കൂടുതല്‍ ആള്‍ക്കാരും അങ്ങനെയാണ്. നമ്മുടെ സ്വന്തമാണ് ഇവര്‍, ഇവരോടെല്ലാം പറയാം എന്നൊക്കെ നമുക്ക് തോന്നും. നമ്മള്‍ അവരെ വിശ്വസിച്ച് എല്ലാം പറയും. അടുത്ത നിമിഷം തന്നെ അത് വേറെ അര്‍ത്ഥത്തില്‍ ഇന്‍ഡസ്ട്രി മൊത്തം പാട്ടായിട്ടുണ്ടാവും. അവര്‍ക്ക് പറ്റുന്നിടത്തൊക്കെ അവരത് അറിയിച്ചിട്ടുണ്ടാവും. ഇങ്ങനെയുള്ളവരുടെ ഇടയിലാണ് ഞാനും നിന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നും. നമ്മുടെ നാട്ടില്‍ നിന്നൊന്നും ഇല്ലാത്ത തരത്തിലുള്ള അനുഭവങ്ങളാണ് കൊച്ചിയിലേക്ക് മാറിയപ്പോള്‍ ഉണ്ടായത്.
കല്യാണം, അതില്‍ നിന്നും മോചിതയായി എന്ന് പറയാം. മോചിതയാവണം. ഒന്നിലും തളര്‍ന്നിരിക്കാന്‍ പാടില്ല. എല്ലാത്തില്‍ നിന്നും മാറാനുള്ളൊരു കഴിവ് നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. പലരും അത് കണ്ടെത്തുന്നില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ജീവിതത്തിലുണ്ടായാല്‍ ദൈവികമായ വഴിയിലേക്ക് പോവുന്നവരുണ്ടാവാം. ഒരുപാട് പുസ്തകങ്ങളൊക്കെ എനിക്ക് അയച്ച് തന്നവരുണ്ട്. മതപ്രസംഗം നടത്തുന്നവര്‍ കത്ത് അയച്ചിട്ടുണ്ട്. എന്നെ ശക്തയാക്കുന്നതിന് വേണ്ടി. ഞാന്‍ സ്‌ട്രോംഗാണ് എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എന്നെത്തന്നെ പറഞ്ഞ് മനസിലാക്കി.
എല്ലാത്തിലുമുപരി അച്ഛനും, അമ്മയും ചേട്ടനും എനിക്കൊപ്പമുണ്ടായിരുന്നു. അതില്‍പ്പരമൊരു സപ്പോര്‍ട്ട് ഒരു വ്യക്തിക്ക് വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ചുരുക്കം ചിലരും എനിക്കൊപ്പമുണ്ടായിരുന്നു. അതുമതി. കൂടെയുണ്ടെന്ന് ഭാവിക്കുന്ന നൂറുപേരേക്കാളും നല്ലത് വിരലിലെണ്ണാവുന്ന കൂടെ നില്‍ക്കുന്നവരാണ്. അതെനിക്കുണ്ടായിരുന്നു. അച്ഛനും അമ്മയും എന്ന ശക്തി ഒപ്പമുള്ളപ്പോള്‍ ഞാനെന്തിന് തളര്‍ന്നിരിക്കണം. തളര്‍ന്നിരുന്നാല്‍ ദൈവത്തിന് ദേഷ്യം തോന്നില്ലേ. പിന്നെ എന്റെ പ്രശ്‌നം ഒന്നും ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളുണ്ടായിരുന്നു.
ഫോണിലൂടെയും, കത്തുകളിലൂടെയുമായി പലരും പങ്കുവെച്ച അനുഭവം കേട്ടപ്പോള്‍ എനിക്ക് നാണം തോന്നിയിട്ടുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ എന്റേത് ഒരു പ്രശ്‌നമേയല്ല. രക്ഷപ്പെടാന്‍ ഒരു ചാന്‍സുമില്ലാത്ത ഒരുപാടുപേരെ ഞാന്‍ കണ്ടു. അത് ദൈവമായി കാണിച്ച് തരുന്ന പോലെയാണ് തോന്നിയത്. അങ്ങനെ കാണാനും, ചിന്തിക്കാനും തുടങ്ങിയപ്പോഴാണ് കൂടുതല്‍ ഉത്സാഹം വന്നത്. ഞാന്‍ മാറിയില്ലെങ്കില്‍ എനിക്ക് തന്നെയാണ് കേട്. അനുഭവങ്ങളിലൂടെയാണല്ലോ മാറ്റങ്ങള്‍ സംഭവിക്കുന്നത്.


Click it and Unblock the Notifications















