'ഉടായിപ്പ് ടീമാണെന്ന് സൂചന കിട്ടിയിരുന്നെങ്കിൽ തലവെക്കില്ലായിരുന്നു, വിശദമായി അന്വേഷിച്ചപ്പോൾ മനസിലായത്'
രേണു സുധിയും കുടുംബാംഗങ്ങളും ഏറ്റവും കൂടുതൽ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിട്ടുള്ളത് കൊല്ലം സുധിയുടെ മക്കൾക്കായി കെഎച്ച്ഡിഇസി ഫിറോസും സംഘവും വെച്ച് നൽകിയ വീടിന്റെ പേരിലാണ്. ഫിറോസിന് എതിരേയും വീടിന് എതിരേയും ഗുരുതരമായ ആരോപണങ്ങൾ രേണുവും പിതാവും നടത്തിയിരുന്നു. വീടിന് ചോർച്ചയുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ രേണു നടത്തിയിരുന്നു. ഫിറോസും രേണുവിന്റെയും മാതാപിതാക്കളുടേയും പ്രവൃത്തികൾക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
കോട്ടയത്താണ് സുധിലയം എന്ന പേരുള്ള വീട് സ്ഥിതി ചെയ്യുന്നത്. രേണുവിന്റെ മകനും മാതാപിതാക്കളും ചേച്ചിയും ഭർത്താവും മക്കളുമാണ് ആ വീട്ടിൽ താമസിക്കുന്നത്. കിച്ചു കൊല്ലത്ത് സുധിയുടെ ബന്ധുക്കൾക്കൊപ്പമാണ്. രേണുവിനേയും കുടുംബത്തേയും കുറിച്ചുള്ള കിച്ചുവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ച വിഷയം.

അച്ഛന്റെ മൂന്ന് വിവാഹവും ഭാര്യമാരും തനിക്ക് എല്ലാ കാലവും വിഷമവും ട്രോമയുമാണ് സമ്മാനിച്ചിട്ടുള്ളത് എന്നാണ് കിച്ചു പറഞ്ഞത്. കിച്ചുവിന്റെ വീഡിയോ വൈറലായതോടെ ഫിറോസും തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിപ്പായി പങ്കിട്ടു. ഉടായിപ്പ് ടീമാണെന്ന് സൂചന കിട്ടിയിരുന്നെങ്കിൽ സഹായിക്കാനായി പോവില്ലായിരുന്നുവെന്ന് ഫിറോസ് കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ... ഞാനും ഷബ്ബൂസ് ജിവിആറും ഷിയാസ് മുഹമ്മദും കെഎസ് പ്രസാദ് ചേട്ടനും ടിനി ടോമും കൂടെ ഫ്ലവേഴ്സിന്റെ ഓഫീസിൽ ഇരിക്കുന്ന സമയത്താണ് സുധിയുടെ മരണ ചിലവുമായി ബന്ധപെട്ട വലിയ തുകയുടെ കാര്യം ശ്രീകണ്ഠൻ നായർ പറയുന്നത്. അപ്പോൾ ടിനി അത് അന്വേഷിക്കാൻ ഒരാളെ ഏർപ്പാട് ചെയ്തിരുന്നു. അവിടെ വെച്ച് അത് ഫ്ലവേഴ്സ് കൊടുക്കും എന്നും സമ്മതിച്ചിരുന്നു. അടുത്ത ദിവസമാണ് ഞാൻ സുധിയുടെ വീട്ടിലേക്ക് പോകുന്നത്.
പോകുന്ന വഴി 'മാ' സംഘടനയിലെ അലക്സും കൂടെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം മുതൽ അവസാനം വരെ അവിടെ ലോക്കലായി എല്ലാത്തിനും ഞങ്ങൾക്ക് കൂടെ നിന്നത്. കുട്ടികൾക്ക് കുറച്ച് ചോക്ലേറ്റ്, ബിസ്ക്കറ്റ്, ഫ്രൂട്ട്സ് എല്ലാം ഞങ്ങൾ കയ്യിൽ കരുതിയിരുന്നു. അവിടെ എത്തി കുറച്ച് കഴിഞ്ഞാണ് പാഷാണം ഷാജി വന്നത്. പിന്നീട് അവർക്ക് വേണ്ടി ഒരു സ്ഥലം അലക്സ് നോക്കിയിരുന്നതിന്റെ അഡ്വാൻസ് ഞാനായിരുന്നു കൊടുത്തത്.
കൂടെ ഷാജിയും അലക്സും ഉണ്ടായിരുന്നു. പിന്നീട് ബിഷപ്പ് സ്ഥലം സൗജന്യമായി തരികയായിരുന്നു. അന്ന് നൽകിയ അഡ്വാൻസിൽ ചെറിയൊരു പൈസയാണ് തിരിച്ച് തന്നത്. അന്ന് എന്റെ വണ്ടിയിലായിരുന്നു പോയത്. തിരിച്ച് വരുമ്പോൾ സുധിയുടെ മരണാന്തര ചടങ്ങിന് നൽകാനുള്ള തുക 'മാ'യിൽ നിന്നും അവിടത്തെ അംഗങ്ങളായ പക്രുവും തെസ്നിഖാനും നാദിർഷയും ഇവരും ഷാജോണും മറ്റും ചേർന്ന് എടുക്കുന്ന കാര്യം ഇവർ വണ്ടിയിൽ ഇരുന്ന് പറയുന്നത് ശ്രദ്ധിച്ചിരുന്നു.

അന്ന് ഞാൻ തലേദിവസം ഫ്ലവേഴ്സ് ഓഫീസിൽ നിന്നും ചർച്ച ചെയ്ത കാര്യം പറഞ്ഞു. അപ്പോൾ തന്നെ അവർ അനൂപിനെ വിളിക്കുകയും സുധിയുടെ എക്കൗണ്ടിലേക്ക് ആ പൈസ ഇട്ട് കൊടുക്കുകയും ചെയ്തിരുന്നു. അന്ന് കിച്ചുവായിരുന്നു ആ എടിഎം കാർഡ് ഉപയോഗിച്ചിരുന്നെതെന്ന് തോന്നുന്നു. കിച്ചു പറഞ്ഞതുപോലെ വലിയൊരു ബിൽ... അത് വിശദമായി അന്വേഷിച്ചപ്പോൾ വളരെ പെട്ടെന്നാണ് ആകെ ബില്ലിൽ പകുതിയിൽ അധികം കുറഞ്ഞത്.
അന്ന് ഇത് ഉടായിപ്പ് ടീമാണെന്ന് തോന്നിയില്ലായിരുന്നു, ഒരു ചെറിയ സൂചന കിട്ടിയെങ്കിൽ ഞങ്ങൾ ഇതിന് തല വെക്കില്ലായിരുന്നു എന്നുമാണ് ഫിറോസ് കുറിച്ച്. പോസ്റ്റ് പങ്കിട്ട് പിന്നാലെ തന്നെ ഫിറോസ് അത് നീക്കം ചെയ്തു. യുട്യൂബ് വ്ലോഗിങ്ങിലൂടെയാണ് കിച്ചുവിപ്പോൾ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.
അതേസമയം ഇൻസ്റ്റഗ്രാം സബ്സ്ക്രിബ്ഷൻ, പ്രമോഷൻ, ഉദ്ഘാടനം, പ്രോഗ്രാമുകൾ എന്നിവ വഴി ഓരോ മാസവും ലക്ഷങ്ങളാണ് രേണു സുധി സമ്പാദിക്കുന്നത്. ബാർ ഉദ്ഘാടനത്തിനും പ്രമോഷനുമായി രേണുവിപ്പോൾ ദുബായിലാണുള്ളത്.


Click it and Unblock the Notifications

















