കിംഗ് ഓഫ് കൊത്തയുടെ പരാജയം കാരണം എന്തെല്ലാം മാറ്റം, ഐശ്വര്യ ലക്ഷ്മിയുടെ മാർക്കറ്റിടിഞ്ഞതിങ്ങനെ; ചർച്ച
മോളിവുഡിലും കോളിവുഡിലും ഇന്ന് തിരക്കുള്ള നടിമാരാണ് മമിത ബെെജുവും അനശ്വര രാജനും. വലിയ അവസരങ്ങൾ ഇവരെ തേടിയെത്തുന്നു. മലയാളത്തിൽ നിന്നും വന്ന മറ്റൊരു നായിക നടിമാർക്കും അടുത്ത കാലത്തൊന്നും ഇത്രയും അവസരങ്ങൾ ലഭിച്ചിട്ടില്ല. നടി ഐശ്വര്യ ലക്ഷ്മി ഒരു ഘട്ടത്തിൽ മമിതയെയും അനശ്വരയെയും പോലെ സെൻസേഷണലായ താരമാണ്. എന്നാൽ അധിക കാലം ഈ തരംഗം നിലനിന്നില്ല. വലിയ സിനിമകളിൽ ഇന്ന് ഐശ്വര്യ ലക്ഷ്മിയെ കാണുന്നില്ല. എന്താണ് നടിക്ക് സംഭവിച്ചതെന്ന ചോദ്യങ്ങൾ വരുന്നുണ്ട്.
കിംഗ് ഓഫ് കൊത്ത എന്ന സിനിമയ്ക്ക് ശേഷമാണ് ഐശ്വര്യ ലക്ഷ്മിയുടെ കരിയറിൽ വീഴ്ച സംഭവിച്ചത്. ദുൽഖർ സൽമാൻ നായകനായ സിനിമ വൻ പരാജയമായിരുന്നു. ദുൽഖറും ഐശ്വര്യയും ഒരുപോലെ പിന്നീട് മോളിവുഡിൽ സജീവമല്ലാതായി. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

കിംഗ് ഓഫ് കൊത്തയുടെ പരാജയം ദുൽഖറിനെ മാത്രമല്ല ബാധിച്ചത്, ഐശ്വര്യ ലക്ഷ്മിയെ കൂടെയാണ്.! ഒരു ടൈംമിൽ മിക്ക ഇൻഡസ്ട്രിയിലും കത്തി നിന്ന ആളായിരുന്നു, ഐശ്വര്യയെന്ന് എല്ലാവർക്കും അറിയാമല്ലോ..അപ്പോൾ ആണ് മലയാളത്തിലെ വൻ ഹൈപ്പിൽ വന്ന കിംഗ് ഓഫ് കൊത്തയിൽ നായികയായി വന്നത്, സിനിമയും പരാജയമായി, ഐഷുവിന്റെ പെർഫോമൻസും ട്രോൾസ് ഏറ്റുവാങ്ങി..
അതിന് ശേഷം ആളെ തന്നെ മലയാളത്തിൽ നിന്ന് കാണാതെ ആയി, ഇപ്പോൾ അങ്ങനെ പറയത്തക്ക വലിയ സിനിമകൾ ഒന്നും മലയാളത്തിൽ വരാനുമില്ല, വിഷ്ണു വിശാലിനൊപ്പമുള്ള ഗട്ടാ ഗുസ്തി 2 ആണ് തമിഴിൽ നിന്ന് വരാൻ ഉള്ളത്.!! ഒരു സിനിമ കാരണം എന്തൊക്കെ മാറ്റങ്ങൾ ആണല്ലേ ഓരോ ആളുകളിലും സംഭവിക്കുന്നത് അജേഷ് പിപി എന്ന ഫേസ്ബുക്ക് പ്രൊഫെെലിൽ വന്ന കുറിപ്പിങ്ങനെ.
നേരത്തെ ഒരു അഭിമുഖത്തിൽ കിംഗ് ഓഫ് കൊത്ത തന്റെ കരിയറിനെ ബാധിച്ചതിനെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി സംസാരിച്ചിട്ടുണ്ട്.
കിംഗ് ഓഫ് കൊത്ത ഇറങ്ങിയ സമയത്ത് എനിക്ക് തലങ്ങും വിലങ്ങും ട്രോളുകൾ വന്നു. അതെന്നെ ബാധിച്ചില്ല. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും. ആരും എന്നെ വർക്കിന് വിളിക്കുന്നില്ലായിരുന്നു. തെലുങ്കിൽ നിന്നോ തമിഴിൽ നിന്നോ വർക്ക് വരുന്നില്ല. മലയാളത്തിൽ നിന്ന് നല്ലൊരു കഥ കേട്ടിട്ട് കാലം കുറേ ആയെന്ന് വിചാരിക്കുകയായിരുന്നു. ആ സമയത്താണ് ഹലോ മമ്മി എന്ന സിനിമ വന്നതെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഒരു വർഷം ഞാൻ ചിന്തിച്ചത് നല്ല കഥ കേൾക്കുന്നില്ല, നരേഷന് ആരും വിളിക്കുന്നില്ല. നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല എന്നാണ്. പിന്നീട് ഒരു വഴി കണ്ടെത്തി. മാനേജരെ മാറ്റി. എനിക്കൊരു വിഷൻ ഉണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോകുവയായിരുന്നെന്നും ഐശ്വര്യ ലക്ഷ്മി അന്ന് പറഞ്ഞു.


Click it and Unblock the Notifications