ജോലിക്ക് വിടില്ല കിച്ചു പഠിക്കട്ടെ, അവനെ പൊന്നുപോലെ നോക്കുന്നു, അച്ഛന്റെ റോൾ അദ്ദേഹം മനോഹരമായി ചെയ്യുന്നു!
കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ ദാസിന് എതിരെ സോഷ്യൽമീഡിയയിൽ വിമർശനം പെരുകുന്ന സാഹചര്യത്തിൽ യുട്യൂബറായ ഷെഫീന ബീവി സുധിയുടെ കുടുംബത്തെ കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ജന്മം നൽകിയ അച്ഛനും അമ്മയും അവനെ വിട്ടുപോയി എന്നേയുള്ളുവെന്നും അവനെ സ്നേഹിക്കുന്ന മറ്റൊരു അച്ഛനും അമ്മയും കൊല്ലത്തെ വീട്ടിലുണ്ടെന്നും അവൻ അനാഥനല്ലെന്നും ഷെഫീന ബീവി പറയുന്നു.
അവരുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ബിഷപ്പിന്റെ പുതിയ അഭിമുഖം കണ്ടശേഷം എന്താണ് ഈ സംഭവിക്കുന്നതെന്ന കൗതുകത്തിൽ തന്നെയാണ് ഞാനും ഇരിക്കുന്നത്. പിന്നെ ഓരോരുത്തർക്കും ഓരോ പ്രസ്പെക്ടീവ് ഉണ്ടാകുമല്ലോ. കിച്ചുവിന്റെ പേരിലുള്ള കേസിന്റെ കാര്യം ഞാനാണ് ആദ്യം പബ്ലിക്കിൽ വന്ന് പറഞ്ഞതെന്ന് തോന്നുന്നു.

ഞാൻ കേസിനെ പറ്റി അറിഞ്ഞപ്പോൾ അവനോട് നേരിട്ട് ചോദിച്ചു. കേട്ടത് സത്യമാണെന്ന് അവൻ സമ്മതിച്ചു. അവിടെയാണ് ഞാൻ തോറ്റത്. വാഹനം ഓടിച്ച് അപകടം വരുത്തിയ കേസുണ്ടെന്നും അന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും പിന്നീട് കേസായപ്പോൾ പിഴയടച്ച് പുറത്ത് വന്നുവെന്നും കിച്ചു എന്നോട് വ്യക്തമായി പറഞ്ഞു. എന്തിനാണ് ഞാൻ അവനെ വിളിക്കുന്നതെന്ന് അവന് അറിയാം. മാത്രമല്ല ഞാൻ ഇതിനെല്ലാം പുറകെ നടന്ന് കാര്യങ്ങൾ കണ്ടുപിടിക്കുമെന്നും അറിയാം.
അതുകൊണ്ട് ഒന്നും ഒളിപ്പിച്ച് വെക്കാതെ അവൻ എല്ലാം തുറന്ന് പറഞ്ഞു. അതോടെ ആ വിഷയത്തിൽ അവന്റെ മുന്നിൽ ഞാൻ തോറ്റു. രേണു കിച്ചുവിനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകൻ എന്ന രീതിയിലാണ് പബ്ലിക്കിന് മുന്നിൽ അവതരിപ്പിക്കുന്നത്. രേണുവിന്റെ പ്രവൃത്തികളെ കിച്ചു തടയാതെ വന്നപ്പോഴാണ് അവനെ ഞാൻ രേണുവിന്റെ പേരിൽ മുമ്പൊക്കെ വിമർശിച്ചത്.
കിച്ചു ഇന്ന് അനാഥനൊന്നുമല്ല. അച്ഛന്റെ സ്ഥാനത്ത് അച്ഛന്റെ ചേട്ടനും അമ്മയുടെ സ്ഥാനത്ത് അച്ഛന്റെ ചേട്ടന്റെ ഭാര്യയുമുണ്ട്. അച്ഛന്റെ അമ്മയുമുണ്ട്. നല്ലൊരു കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കിച്ചു ഉള്ളത്. രേണുവിന്റെയും കുടുംബത്തിന്റെയും ഡ്രാമയിൽ താൻ ഭാഗമല്ലെന്ന് പറഞ്ഞപ്പോൾ ജീവിത ചിലവിനുള്ള വരുമാനം കൂടിയാണ് കിച്ചുവിന് ഇല്ലാതായത്.
ഇത് മുടങ്ങുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവൻ നടന്ന സംഭവങ്ങൾ എല്ലാം തുറന്ന് പറഞ്ഞതും. കിച്ചുവിന്റെ ജീവിത കഥ കേട്ടശേഷം ഞാനും മക്കളും അവനെ കാണാൻ കൊല്ലത്ത് പോയിരുന്നു. സുധിയുടെ കുടുംബം ആരുടേയും കുറ്റം അന്ന് എന്നോട് പറഞ്ഞില്ല. അവരുടെ വിഷമങ്ങൾ പങ്കുവെച്ചുവെന്ന് മാത്രം. ജോലി കണ്ടുപിടിക്കാൻ സഹായിക്കാമെന്ന് എന്റെ മക്കൾ കിച്ചുവിനോട് പറഞ്ഞിരുന്നു.

പക്ഷെ സുധിയുടെ ചേട്ടൻ പറഞ്ഞത് അവനെ ഇപ്പോൾ ജോലിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അവൻ പഠിക്കട്ടെയെന്നാണ്. അച്ഛൻ എന്ന സ്ഥാനം അദ്ദേഹം കിച്ചുവിന്റെ ജീവിതത്തിൽ മനോഹരമായി കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യയും സംസാരിച്ചിരുന്നു. കിച്ചു എന്തിനാണ് ആരുമില്ലായിരുന്നുവെന്ന തരത്തിൽ സംസാരിച്ചതെന്ന് അറിയില്ലെന്നും അവൻ പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നിയെന്നും ഞാൻ അവനെ പൊന്നുപോലെയാണ് നോക്കുന്നതെന്നും പറഞ്ഞു.
അവർ സോഷ്യൽമീഡിയയൊന്നും നോക്കുന്നവരല്ല. അവൻ ഇവിടെ ഞങ്ങൾക്കൊപ്പം നിൽക്കുന്നതിൽ ഒരു വിഷമവും ഇല്ല. അവർക്ക് സുധിയുടെ അവസാനത്തെ അടയാളമാണ് കിച്ചു. സുധി മരിച്ചതായി അവർക്ക് തോന്നാറില്ല. കാരണം കിച്ചു ആ വീട്ടിലുള്ളതുകൊണ്ടാണ് എന്നും ഷെഫീന ബീവി പറഞ്ഞു.
സുധിയുടെ മരണശേഷം കിച്ചു കൊല്ലത്താണ് സ്ഥിര താമസം. അവിടെ നിന്നാണ് പഠിക്കുന്നതും. അടുത്തിടെ ബിസിനസിലേക്കും ചുവടുവെച്ചു. കണ്ടന്റ് ക്രിയേഷൻ വഴിയും പണം സമ്പാദിച്ച് തുടങ്ങി.


Click it and Unblock the Notifications


