ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവർ കളിച്ച കളി, ലാലു അറിഞ്ഞിട്ടില്ല; എന്റെ മകനെ മാത്രം ഉന്നം വെച്ചു: മല്ലിക
എമ്പുരാൻ വിവാദങ്ങൾ കെട്ടടങ്ങവെ വീണ്ടും ചിലർക്കതിരെ ഒളിയമ്പുമായി നടി മല്ലിക സുകുമാരൻ. തന്റെ മകനായ പൃഥ്വിരാജിനെ മാത്രം ഉന്നം വെച്ച് ചിലർ വിവാദങ്ങളുണ്ടാക്കിയെന്ന് മല്ലിക സുകുമാരൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. എമ്പുരാന്റെ പ്രശ്നം വന്നപ്പോൾ മോനും മോഹൻലാലും മുരളി ഗോപിയും ഒന്നിച്ചിരുന്ന് പ്രസ്മീറ്റ് പോലെ വിശദീകരണം കൊടുക്കുമെന്ന്. എന്തിനാണ് പൃഥ്വിരാജിനെ ഇങ്ങനെയിട്ട് വിമർശിക്കുന്നതെന്ന് ചോദിക്കുമെന്ന് കരുതി.
ആന്റണിയും ഇരിക്കുമായിരിക്കുമല്ലോ. ആന്റണിയെടുത്ത പടം, മുരളിയെഴുതിയ സബ്ജക്ട്. ഇത് കേട്ട് പൃഥ്വിരാജ് ഭംഗിയായി എടുത്തു. എന്തിനാണ് പുള്ളിക്കൊരു ജാതീയ ചിന്ത വന്നെന്ന് നിങ്ങൾ പറയുന്നത്. കഥ തീരുമാനിച്ചത് പുള്ളിയാണോ. മീഡിയ ഇത് ആഘോഷിക്കുന്നത് കണ്ടപ്പോൾ ഇതിന് പിന്നിൽ വേറെ കുറച്ചാളുകൾ ഉണ്ടെന്ന് മനസിലായി. മൂന്ന് നാല് പേർ. അത് ലാലു (മോഹൻലാൽ) അറിഞ്ഞിട്ടില്ല. പക്ഷെ ലാലുവിന്റെ സംരക്ഷകരാണെന്ന് ഭാവിക്കുന്ന കുറച്ച് പേരാണ്. ലാലുവിന് അതിന് ശേഷം ദോഷമേ ചെയ്തിട്ടുള്ളൂ.

ലാലുവിന്റെ പടങ്ങൾ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മനസിന്റെ നന്മയായിരിക്കും. ആന്റണിയും ഒന്നും എന്റെ കുഞ്ഞിനെ പറഞ്ഞിട്ടില്ല. പറഞ്ഞവരൊക്കെ മാറി നിൽക്കുന്നവരാണ്. അവർ പറഞ്ഞോട്ടെ. അവരൊന്നും സമൂഹത്തിലെ വലിയ ആൾക്കാരാണെന്ന് കരുതുന്നുമില്ല ഞാൻ. മോനോട് ഞാൻ പറഞ്ഞത്, അമ്മ എന്ത് മാത്രം വേദന സഹിച്ചിട്ടാണ് നിങ്ങളെ ഇത്രത്തോളം കൊണ്ട് വന്നതെന്ന് അമ്മയ്ക്കേ അറിയൂ. അപ്പോൾ ഞാൻ പ്രതികരിക്കും എന്നാണ്. അഖിൽ മാരാറോടും മേജർ രവിയോടും ഞാൻ പ്രതികരിച്ചു. അവരോട് എനിക്കൊരു പിണക്കവുമില്ല. എന്തോ വിവരക്കേട് അറിയാതെ പറഞ്ഞ് പോയി. അതിന് നാട്ടുകാർ വരെ അവർക്കെതിരെ പറഞ്ഞു. പൃഥ്വിരാജ് അങ്ങനെയല്ല, ചേച്ചി അങ്ങനെ വളർത്തില്ലെന്ന വിശ്വാസമുള്ളവരുണ്ട്. സത്യസന്ധമായ കാര്യമാണെങ്കിൽ പ്രതികരിക്കേണ്ട. എന്നാൽ മനസിൽ പോലും കരുതാത്ത കാര്യമാണെങ്കിൽ പ്രതികരിക്കണമെന്നാണ് മകനോട് പറയാറെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
എമ്പുരാൻ വിവാദത്തിൽ നാല് പേരും സംസാരിച്ചിരുന്നെങ്കിൽ വിവാദം ഇത്രയും കത്തി പോകില്ലായിരുന്നു. കത്തിച്ചതിന് പിന്നിലുള്ളവർക്കറിയാം. പക്ഷെ ഇവരത് മനസിലാക്കാൻ കുറച്ച് വെെകി. അക്കൂട്ടത്തിൽ ഞാൻ സംസാരിച്ചത് മുരളി ഗോപിയാേടാണ്. എന്റെ പൊന്ന് ആന്റീ അത് വിടെന്ന് മുരളി. അതിന് ശേഷം ആരോടും ഇതേക്കുറിച്ച് ചോദിക്കാറുമില്ല. പറയാറുമില്ല. ഒരു സംഘടനയും എന്തിന് പൃഥ്വിരാജിനെ ചീത്ത വിളിക്കുന്നു എന്ന് ചോദിച്ചിട്ടില്ലെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു.


Click it and Unblock the Notifications

