എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്, അവളെ ആരും മോശക്കാരിയാക്കരുത്, പൊന്നൂസ് നല്ല കുട്ടി; പ്രതികരിച്ച് സുജിൻ
കഴിഞ്ഞ ദിവസമാണ് ഫാമിലി വ്ലോഗ്സിലൂടെ ശ്രദ്ധേയരായ ദമ്പതികൾ സുജിൻ കൃഷ്ണയും നിത സതീശനും തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഏഴ് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. വേർപിരിയൽ വാർത്ത പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ വിമർശനവും റിയാക്ഷൻ വീഡിയോകളും വരുന്നത് പൊന്നൂസ് എന്ന പേരിൽ അറിയപ്പെടുന്ന നിതയ്ക്ക് എതിരെയാണ്. പൊന്നൂസിനെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സുജിൻ തന്നെ വേർപിരിയലിനെ കുറിച്ച് സംസാരിച്ച് എത്തി.
തെറ്റ് തന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നും അതിന്റെ പേരിൽ ആരും പൊന്നൂസിനെ കുറ്റപ്പെടുത്തരുതെന്നും സുജിൻ പുതിയ വീഡിയോയിൽ പറഞ്ഞു. ഈ വിഷയത്തിൽ വീഡിയോ ചെയ്യണമെന്നോ റീച്ച് ഉണ്ടാക്കണമെന്നോ കാശ് ഉണ്ടാക്കണമെന്നോ കരുതിയിട്ടില്ല. പക്ഷെ കുറെ കമന്റ്സും വീഡിയോകളും കണ്ടു.

വീഡിയോസ് ഇട്ട് വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാൻ എനിക്കോ പൊന്നൂസിനോ താൽപര്യമില്ല. അതിനാലാണ് വേർപിരിയുകയാണെന്നത് ഒരു പോസ്റ്റിൽ ഒതുക്കിയത്. യുട്യൂബ് ചാനലിൽ ഞാൻ ആക്ടീവല്ല. മല്ലു ഫാമിലി എന്ന ചാനലിന്റെ മോണിറ്റൈസേഷൻ ഓഫാകാതിരിക്കാൻ വേണ്ടിയാണ് അവിടെ മാത്രം ഞാൻ ഇൻസ്റ്റഗ്രാമിലിടുന്ന റീലുകൾ ഇടുന്നത്. ഈ ചാനലിൽ നിന്നാണല്ലോ എല്ലാത്തിന്റെയും തുടക്കം.
ഓട്ടോറിക്ഷക്കാരനായ എന്നെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചതും മല്ലു ഫാമിലി ചാനലാണ്. ലൈഫ് വെച്ച് കണ്ടന്റുണ്ടാക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഞാനും പൊന്നൂസും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന തീരുമാനം തെറ്റാണെന്ന് ഒരുപാട് പേർ കമന്റിട്ട് കണ്ടു. മാത്രമല്ല പൊന്നൂസിനെ കുറിച്ച് പലരും വീഡിയോ ചെയ്യുന്നത് കണ്ടു. പക്ഷെ സത്യം അതല്ല. പൊന്നൂസ് നല്ലൊരു കുട്ടിയാണ്.
ഒരിക്കലും അവളെ കുറിച്ച് ഞാൻ മോശം പറയുകയില്ല. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നതുകൊണ്ടാണ് വേർപിരിയാൻ തീരുമാനിച്ചത്. പെട്ടന്ന് എടുത്ത തീരുമാനമല്ല. വണ്ടി വാങ്ങുന്നത് പോലെയല്ലല്ലോ. വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഏഴ് വർഷത്തോളമായി. അതിനിടയിൽ ഒരുപാട് അടിയും വഴക്കും പ്രശ്നങ്ങളും എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകുന്നത് പോലെ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
വേർപിരിയാമെന്നത് ഒരുമിച്ച് എടുത്ത തീരുമാനമാണ്. നിങ്ങളെ അറിയിക്കില്ലായിരുന്നു. സോഷ്യൽമീഡിയയിൽ അറിയപ്പെടുന്നവരായതുകൊണ്ടാണ് പങ്കുവെക്കാമെന്ന് കരുതിയത്. പൊന്നൂസിനെ മോശക്കാരിയാക്കി കമന്റ്സും വീഡിയോകളും കണ്ടിരുന്നു. അവളെ കുറിച്ച് ആര് പറയുന്നതിനേക്കാൾ നല്ലത് ഞാൻ പറയുന്നതാണ്. പൊന്നൂസ് ഒരിക്കലും മോശക്കാരിയല്ല.

എന്റെ ഭാഗത്തെ തെറ്റാണ് അവിഹിതം എന്ന് പറഞ്ഞ് മുമ്പ് ഞാൻ വീഡിയോയ്ക്ക് ക്യാപ്ഷനിട്ടത്. അതുകൊണ്ട് തന്നെ അവളെ ആരും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. പിന്നെ ചിലർ പറയുന്നത് കണ്ടു ഫോർച്യൂണർ എടുക്കാനുള്ള അടവാണെന്നും കണ്ടന്റിന് വേണ്ടിയാണെന്നുമെല്ലാം. അങ്ങനെ അല്ലെന്നത് എന്നെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നവർക്ക് അറിയാൻ പറ്റും.
അവളെ മോശക്കാരിയാക്കി വീഡിയോയും കമന്റ്സുകളും കണ്ടപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. അതിനാൽ തന്നെ അവളെ ആരും കുറ്റം പറയാൻ നിൽക്കണ്ട. അത് എനിക്കും ഇഷ്ടമല്ല. മൂന്ന്, നാല് മാസത്തോളമായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. അവൾ അവളുടെ വീട്ടിലാണ് താമസം. പിന്നെ കുട്ടികള്‍ എന്റെ അടുത്താണ്. വെക്കേഷന്‍ സമയത്ത് പൊന്നൂസിന്റെ അടുത്തേക്ക് പോകും. കുട്ടികളുടെ കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല.
ഫോണ്‍ വിളിക്കാതിരിക്കാന്‍ മാത്രം ഞങ്ങള്‍ ശത്രുക്കളും ആയിട്ടില്ല. വിളിക്കാറുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ആ സൗഹൃദം അങ്ങനെ പോകും. ഇനിയും ഞങ്ങളെ നിങ്ങൾ എവിടെയെങ്കിലുമൊക്കെ ഒരുമിച്ച് കണ്ടേക്കാം. അടിപിടി പ്രശ്നങ്ങൾ ഒന്നും ഞങ്ങൾക്ക് ഇടയിലില്ല. അവളോട് ചോദിച്ച് പോലുമല്ല ഈ വീഡിയോ ചെയ്യുന്നത്. ഞങ്ങൾ രണ്ടുപേരും ഫാമിലിയോട് ചോദിച്ചശേഷമാണ് തീരുമാനമെടുത്തത്. പലരും ഇത് ആഘോഷിക്കുന്നുണ്ടെന്നും എനിക്ക് അറിയാം എന്നും സുജിൻ പറയുന്നു.


Click it and Unblock the Notifications











