മമ്മൂട്ടിക്ക് ദേഷ്യമാകാം, ആള് ശുദ്ധനാണെന്ന് ന്യായം; പക്ഷെ മീര ജാസ്മിനാണെങ്കിൽ ഒതുക്കും; ചർച്ചയായി താരങ്ങൾ
അൺപ്രൊഫഷണലായ അഭിനേതാക്കളെന്ന ആരോപണം പല നടീനടൻമാർക്ക് മലയാള സിനിമാ രംഗത്ത് നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമാ രംഗത്തേത് പോലെ സമയനിഷ്ഠിതമായ ജോലി സ്ഥലമല്ല മോളിവുഡ്. 12 ഉം 14 ഇം മണിക്കൂർ ഷൂട്ടിംഗ് തുടർന്നേക്കും. ഞായർ ഒഴിവില്ല. പ്രതിഫലവും താരതമ്യേന കുറവ്. മികച്ച സിനിമകൾ മലയാളത്തിൽ വരുമ്പോഴും ഇത്തരം ന്യൂനതകൾ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. എന്നാൽ ഇതിനേക്കാളേറെ ചർച്ചയാകാറ് നടീ നടൻമാർ സമയത്തിന് ഷൂട്ടിന് എത്തിയില്ല, സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി എന്നിങ്ങനെയുള്ള വാർത്തകളാണ്.
മലയാളത്തിലെ ഇത്തരത്തിൽ ഏറെ വിമർശനം കേട്ട നടി മീര ജാസ്മിനാണ്. സെറ്റിൽ വെച്ച് ദേഷ്യപ്പെടുന്നു, പറയാതെ ഇറങ്ങിപ്പോകുന്നു, സമയത്തിന് ഷൂട്ടിനെത്തുന്നില്ല എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് മീരയ്ക്ക് കേൾക്കേണ്ടി വന്നത്. മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയായിരുന്ന കാലത്താണ് മീര ഈ വിമർശനങ്ങൾ കേട്ടത്. ഒരു ഘട്ടത്തിൽ കരിയറിനെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇതേക്കുറിച്ച് റെഡിറ്റിൽ വന്ന ചർച്ചയിൽ ഉയർന്ന വന്ന അഭിപ്രായമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ മമ്മൂട്ടിക്കും ഇതേ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയെ എതിർക്കാനോ ഒതുക്കാനോ ആരും തുനിഞ്ഞില്ല. പകരം മമ്മൂട്ടിയുടെ സ്വഭാവ സവിശേഷതയായി ഇത് പലരും പറയുകയും ചെയ്തു. പല സംവിധായകരും മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
തന്നേക്കാൾ നന്നായി ഒരുങ്ങിയ ആൾ സെറ്റിലുണ്ടാകുന്നത് പോലും ഒരു കാലത്ത് മമ്മൂട്ടിക്ക് ഇഷ്ടമായിരുന്നില്ല എന്നാണ് സിനിമാക്കാർക്കിടയിലെ സംസാരം. മമ്മൂട്ടിയുടെ മുൻകോപത്തെക്കുറിച്ച് സംവിധായകൻ ലിംഗുസ്വാമിയുൾപ്പെടെ സംസാരിച്ചിട്ടുണ്ട്. പേരൻപ് സംവിധായകൻ റാമും മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ മമ്മൂട്ടിയുടെ ദേഷ്യം പെട്ടെന്ന് തന്നെ മാറുമെന്നും ഇവർ പറഞ്ഞിരുന്നു. തന്നേക്കാളോ തന്നോടൊപ്പമോ പ്രാധാന്യം ഒരാൾക്കും തന്റെ സിനിമകളിൽ വരുന്നതും ഒരു കാലത്ത് മമ്മൂട്ടിക്ക് ഇഷ്‌ടമായിരുന്നില്ലെന്ന വാദങ്ങളും വന്നിരുന്നു.
മറുവശത്ത് മീരയ്ക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ നടിയെ ഒതുക്കാനുള്ള ശ്രമങ്ങളാണ് സിനിമാന രംഗത്ത് വന്നത്. 2010 ന് ശേഷം മീരയുടെ കരിയറിൽ വലിയ വീഴ്ചകൾ വന്നു. തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്ക് അവരുടെ ഉദ്ദേശം നടക്കാത്തതിലെ ദേഷ്യമാണെന്നും ഒരിക്കൽ മീര പറയുകയുണ്ടായി. സംവിധായകർ ആർട്ടിസ്റ്റുകൾ മനസിലാക്കേണ്ടതുണ്ടെന്നും മീര പറഞ്ഞു.
മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അപ്പോൾ അവർക്ക് ചില പ്രശ്നങ്ങൾ കാണും അല്ലെങ്കിൽ അവർ ക്ഷീണിതരായിരിക്കും.ഇത് മനസിലാക്കാൻ പറ്റുന്ന സംവിധായകൻ വേണം. സംവിധായകനെ എന്തുകൊണ്ട് ക്യാപ്റ്റൻ എന്ന് വിളിക്കുന്നു. ചുമ്മാ സെറ്റ് നന്നായിട്ടോ ലെെറ്റപ്പ് നന്നായിട്ടോ കാര്യമില്ല. ആർട്ടിസ്റ്റിന്റെ മുഖത്ത് നിന്ന് അഭിനയം വരണമല്ലോ. അതിന് വേണ്ടി അവരെ മനസിലാക്കി ഹാൻഡിൽ ചെയ്യുന്ന സംവിധായകൻ വേണമെന്നും മീര ജാസ്മിൻ പറഞ്ഞു. കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ.


Click it and Unblock the Notifications
















