ഇഞ്ചക്ഷൻ പോലും ഭയം, മുപ്പത് റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു, അസുഖം വന്നശേഷം കേട്ട പരിഹാസങ്ങൾ!
കാൻസർ എന്ന വ്യാധിയുമായി പോരാടി തിരികെ ജീവിതത്തിലേക്ക് എത്തിയ വ്യക്തിയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. ചെവി വേദനയിലൂടെയായിരുന്നു തുടക്കം. നിരവധി ഇഎൻടി ഡോക്ടർമാരെ കാണിച്ചെങ്കിലും അവരാരും അസുഖം കണ്ടുപിടിച്ചിരുന്നില്ല. ഒരുപാട് വേദന തിന്നശേഷമാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സ നടക്കുന്ന സമയത്തെല്ലാം മനസ് നിറയെ ഭയമായിരുന്നുവെന്നും മമ്മൂട്ടി അടക്കമുള്ളവർ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചതിനാലാണ് രോഗത്തെ മറികടക്കാൻ കഴിഞ്ഞതെന്നും കേരള കാൻ 2026ൽ പങ്കെടുത്ത് സംസാരിക്കവെ നടൻ പറഞ്ഞു.
ചെവിവേദനയും തലയുടെ ഒരു ഭാഗത്ത് മരവിപ്പും. അങ്ങനെയാണ് തുടക്കം. പന്ത്രണ്ടോളം ഇഎൻടി ഡോക്ടേഴ്സിനെ കാണിച്ചു. ചെവിയിൽ ഒഴിക്കാൻ മരുന്ന് തന്നു. ഷൂട്ടിങിന് പോയാലും നേരം വെളുക്കും വരെ കാത്തിരിക്കും ഈ വേദന കുറയാൻ.

അങ്ങനെ ഒരു ദിവസം മോഹൻലാൽ നിർദേശിച്ച ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം എക്സറെ എടുപ്പിച്ച് നോക്കി. പല്ലിന് ഒരു വശത്തായി ഞരമ്പ് പിടച്ചിരിക്കുന്നതായി കണ്ടു. ദന്തഡോക്ടറെ കാണാനും നിർദേശിച്ചു. നിരന്തരമുള്ള ചെവിവേദന ഒരു നല്ല ലക്ഷണമല്ലല്ലോ. ഇഞ്ചക്ഷൻ അടക്കം നൂറായിരം കാര്യങ്ങളെ എനിക്ക് ഭയമാണ്.
ദന്തിസ്റ്റിനെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആ പല്ല് ഇളക്കി കളഞ്ഞു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേദന തിരികെ വന്നു. സഹിക്കാൻ കഴിയുന്നില്ല. അവസാനം തിരുവനന്തപുരത്ത് പോയി എംആർഐ എടുക്ക് നോക്കിയപ്പോൾ കഴുത്തിന് താഴെ കാൻസർ കണ്ടെത്തി. രണ്ട് ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു. 30 റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു. മുപ്പത് റേഡിയേഷൻ എന്നത് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു.
മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നീ ഫൈറ്റ് ചെയ്യണമെന്ന്. റേഡിയേഷൻ സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു. അവസാനം ഒരെണ്ണം കുറച്ച് തരാൻ വരാൻ വരെ ഡോക്ടറോട് ഞാൻ ആവശ്യപ്പെട്ടു. ഡിസ്കൗണ്ട് ചോദിച്ചെങ്കിലും മുപ്പതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഭക്ഷണപ്രിയനാണ്. നല്ല ഫുഡ് കൊടുക്കാനും കഴിക്കാനും ഇഷ്ടപ്പെടുന്നയാളാണ്.
സിനിമയിൽ പണ്ട് ഭക്ഷണത്തിന്റെ കാര്യത്തിൽ വേർതിരിവുണ്ടായിരുന്നു. ഹീറോസിന് നല്ല ഭക്ഷണം മറ്റുള്ളവർക്ക് താന്ന ഭക്ഷണം എന്നൊക്കെയുള്ള രീതി ഉണ്ടായിരുന്നു. അത് കണ്ട് വളർന്നതുകൊണ്ട് ഞാൻ നിർമിക്കുന്ന സിനിമയിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണ് കൊടുക്കാറുള്ളത്. എന്റെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിന് ഇടയിൽ എനിക്കൊപ്പം പ്രവർത്തിച്ച മൂവായിരത്തോളം ആളുകൾ മരിച്ചുപോയി.

എന്നിട്ടും ഇപ്പോഴും നമ്മൾ പിടിച്ച് നിൽക്കുന്നുണ്ടല്ലോ. അസുഖം വന്നശേഷം കളിയാക്കലുകൾ നിരവധി അഭിമുഖീകരിക്കേണ്ടി വന്നു. ശരീര ഭാരം കുറഞ്ഞതുകൊണ്ടായിരുന്നു ഏറെയും പരിഹാസം. എല്ലാവരും വന്ന് ചോദിക്കും എന്ത് പറ്റി? വല്ലാതെ ഓഞ്ഞുപോയല്ലോ... ചാവാറായല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് കാൻസറാണെന്ന് തുറന്ന് പറയും. അതൊക്കെ പേപ്പറിൽ വായിച്ചു എന്ന് അവർ അപ്പോൾ മറുപടി പറയും.
എന്നിട്ടും പിന്നെ എന്തിന് മെനക്കെടുത്തിയെന്ന് ഞാനും തിരിച്ച് ചോദിക്കും. അതുപോലെ ഒരു ഫങ്ഷനുപോയി സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ഒരു വണ്ണമുള്ളയാൾ വന്ന് മുതുകിൽ അടിച്ചു. അത്തരത്തിലുള്ള സ്നേഹപ്രകടനം താൽപര്യമില്ലാത്തയാളാണ് ഞാൻ. എന്നെ പരിചയം പോലും അയാൾക്കില്ല. എന്നിട്ട് എങ്ങനെയാണ് തടി കുറഞ്ഞതെന്നും ടിപ്പ് പറഞ്ഞ് തരാനും അയാൾ പറഞ്ഞു.
ഒന്നും ചെയ്യേണ്ട കാൻസർ വരാൻ വേണ്ടി പ്രാർത്ഥിച്ചാൽ മതിയെന്ന് ഞാനും പറഞ്ഞു. പിന്നെ അയാളെ എവിടേയും കണ്ടില്ല. ചികിത്സയ്ക്കുശേഷം ടേസ്റ്റ് ബഡ്സിന് ചില പ്രശ്നങ്ങൾ വന്നു. ചെറിയ അളവിലെ ചോറ് കഴിക്കാറുള്ളു. നല്ല ബിരിയാണി കാണുമ്പോൾ കൊതി വരുമെങ്കിലും ഇപ്പോൾ വളരെ കുറച്ച് മാത്രമെ കഴിക്കാറുള്ളു. അതുകൊണ്ടാണ് ശരീര ഭാരം കുറഞ്ഞത്. ഇപ്പോൾ പഴയതടി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. സുഖമില്ലാതെ കിടന്നപ്പോൾ എന്നെ കാണാൻ ആരും വന്നില്ല. മോഹൻലാലും മമ്മൂട്ടിയും മാത്രമെ വന്നുള്ളു എന്നും മണിയൻപിള്ള രാജു പറഞ്ഞു.


Click it and Unblock the Notifications


