അവനെ തെരുവിൽ കിടത്തില്ല പക്ഷെ എന്റെ വീടാണ്, വയസ് കാലത്ത് അതിനുള്ളിൽ തിന്ന് കുടിച്ച് ജീവിക്കണം; മഞ്ജു പത്രോസ്
ചക്രം എന്ന പൃഥ്വിരാജ് സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് കരിയർ ആരംഭിച്ച നടി മഞ്ജു പത്രോസ് ഇരുപത് വർഷത്തിനിടെ നിരവധി ഹിറ്റ് സിനിമകളുടേയും സീരിയലുകളുടേയും റിയാലിറ്റി ഷോകളുടേയും ഭാഗമായി കഴിഞ്ഞു. സിനിമയിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക് എത്തിയതെങ്കിലും വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയാണ് കൂടുതൽ അവസരങ്ങൾ നടിക്ക് നേടികൊടുത്തത്.
കുടുംബത്തിന്റെ കടബാധ്യതകളെല്ലാം തീർത്ത് സ്വന്തമായി ഒരു ഭൂമി വാങ്ങി മനോഹരമായ ഒരു വീടും പടുത്തുയർത്തി കഴിഞ്ഞു. ഭർത്താവ് സുനിച്ചനുമായി വേർപിരിഞ്ഞതിനാൽ മഞ്ജുവും മകനുമാണ് ആ വീട്ടിൽ താമസം. മാതാപിതാക്കളും സഹോദരനും സുഹൃത്തുക്കളുമാണ് മഞ്ജുവിന് ഇപ്പോൾ എല്ലാമെല്ലാം. അതേസമയം നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ മകനെ കുറിച്ചും ഭാവി ജീവിതം എങ്ങനെയായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകൻ തന്നെ ഭാവിയിൽ നോക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മഞ്ജു പറയുന്നു. എന്റെ മകന് വേണ്ടി ചെയ്യേണ്ടത് ഞാൻ തന്നെ ചെയ്യണം. മോനെ നോക്കുമോയെന്ന് മറ്റാരോടും എനിക്ക് പറയാനോ അവനെ ഏൽപ്പിക്കാനോ കഴിയില്ലല്ലോ.
അതുകൊണ്ട് തന്നെ ഞാൻ സ്ട്രോങ്ങായി. സ്ട്രോങ്ങ് അമ്മയായി എങ്കിലും അക്കൂട്ടത്തിൽ ഞാൻ എന്റെ ജീവിതം നന്നായി ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. അവന് വേണ്ടി ഞാൻ ഒന്നും സാക്രിഫൈസ് ചെയ്തിട്ടില്ല. അവൻ അത്ര നല്ല കുട്ടിയാണ്. അവന്റെ പഠനത്തിന് വേണ്ടിയും കടങ്ങൾ തീർക്കാനുമെല്ലാമാണ് ഞാൻ എന്റെ പണം ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്.
മക്കളേയും കുടുംബവും നോക്കുന്നതിന് ഇടയിൽ നമ്മൾ അവനവന് വേണ്ടി കൂടി ജീവിക്കണം. മക്കളെ പഠിപ്പിച്ച് സെറ്റിലാക്കിയ ശേഷം ജീവിക്കാമെന്ന് കരുതിയിരുന്നാൽ അപ്പോഴേക്കും നമ്മുടെ ജീവിതം തീരും. ചത്ത് മുകളിൽ ചെല്ലുമ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിക്കും. അവിടെ ഒന്നും ഒന്നുമില്ല. ഞങ്ങൾക്ക് പത്ത്, പതിനഞ്ച് അമ്മാമാരുണ്ട് അവരെല്ലാമായി ഞങ്ങൾ ഇടയ്ക്കിടെ ടൂർ പോകും.
അതിൽ എന്റെ അമ്മയും സിമിയുടെ അമ്മയും ഞങ്ങൾക്ക് പരിചയമുള്ള ആന്റിമാരുമെല്ലാം ഉൾപ്പെടും. അവർക്കും സ്നേഹമുള്ള മക്കളെല്ലാം ഉണ്ട്. പക്ഷെ അവർക്ക് മാതാപിതാക്കളുമായി ടൂർ പോകാൻ സമയമില്ല. അതുകൊണ്ട് ഞങ്ങൾ അവരുമായി യാത്ര പോകുന്നു. അവർക്ക് ഒറ്റയ്ക്ക് പോകാൻ അറിയില്ല. എന്നെ ഭാവിയിൽ മകൻ നോക്കുമെന്ന പ്രതീക്ഷയില്ല.

എന്നെ ആരും നോക്കുകയും വേണ്ട. എനിക്ക് അവൻ എന്തെങ്കിലും തന്നാൽ സന്തോഷം.... ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കും. എനിക്ക് ഒരു വീടുണ്ട്. അത് അവന് കൊടുക്കും ഞാൻ. പക്ഷെ എനിക്ക് ഒന്നും ഇല്ലാത്ത സാഹചര്യം വന്നാൽ അത് തരില്ലെന്ന് മോനോട് പറഞ്ഞിട്ടുണ്ട്. അവനെ തെരുവിൽ കിടത്തില്ല. പക്ഷെ അത് എന്റെ വീടാണ്. വയസ് കാലത്ത് എനിക്ക് അതിനുള്ളിൽ തിന്ന് കുടിച്ച് ജീവിക്കണം.
ഞാൻ ഒറ്റയ്ക്ക് വെച്ച വീടാണോയെന്ന് ആളുകൾ ചോദിക്കുമ്പോൾ അതെ എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. ആ വീടിനുള്ളിൽ കിടക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഞാൻ സ്വന്തമായി അധ്വാനിച്ച് വെച്ച വീടാണോയെന്നൊക്കെ ഇടയ്ക്ക് തോന്നിപ്പോകും മഞ്ജു പത്രോസ് പറഞ്ഞു. ബെർണാഡ് എന്നാണ് മഞ്ജുവിന്റെ ഏക മകന്റെ പേര്. ബാംഗ്ലൂരിൽ ഉപരി പഠനം നടത്തുകയാണിപ്പോൾ.
വിവാഹശേഷം ഭർത്താവിനുണ്ടായിരുന്ന കടങ്ങൾ മൂലം വളരെ അധികം കഷ്ടപാടുകൾ താനും മകനും അനുഭവിച്ചിട്ടുണ്ടെന്നും സ്വർണ്ണം അടക്കം എല്ലാം നഷ്ടപ്പെട്ടതായും മഞ്ജു വെളിപ്പെടുത്തിയിരുന്നു. മകൻ അവന്റെ സ്വന്തം വീട്ടിൽ ഉറങ്ങുന്നത് കാണുന്നത് സന്തോഷമാണെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
















