ഗർഭിണിയായ സമയത്തെ അനുഭവങ്ങൾ പൊറുക്കില്ല; ഭർത്താവ് മരിച്ച ശേഷമുണ്ടായ സംഭവങ്ങൾ: മേഘ്ന രാജ്
കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏവർക്കും ഞെട്ടലായിരുന്നു. 35ാം വയസിലാണ് ഹൃദയാഘാതം വന്ന് ചിരഞ്ജീവി സർജ മരിച്ചത്. ഭാര്യയായ നടി മേഘ്ന രാജ് അന്ന് ഗർഭിണിയാണ്. ഗർഭിണിയായ സമയത്തെ അനുഭവങ്ങൾ പുതിയ പോഡ്കാസ്റ്റിൽ മേഘ്ന രാജ് തുറന്ന് പറയുന്നുണ്ട്. തന്നെ വേദനിപ്പിക്കുന്ന സമീപനം അടുത്ത ചിലരുടെ ഭാഗത്ത് നിന്നും ഗർഭകാലത്തുണ്ടായെന്ന് മേഘ്ന പറയുന്നു. റയാൻ മിഥുനുമായുള്ള പോഡ്കാസ്റ്റിലാണ് തുറന്ന് പറച്ചിൽ.
മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു ചെറിയ കുട്ടിയെ പോലെ അവരെന്നെ നോക്കി. പക്ഷെ ആ സമയത്ത് എന്നെ വളരെ മോശമായി ട്രീറ്റ് ചെയ്തവരുമുണ്ട്. ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ തിരസ്കരിച്ചു. ഞാൻ കടന്ന് പോകുന്നത് എന്തിലൂടെയാണെന്ന് അവർ മനസിലാക്കിയില്ല. അവർ കടന്ന് പോകുന്നതാണ് എനിക്ക് സംഭവിച്ചതിലും മോശമാണെന്ന് അവർ കരുതി. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും മേഘ്ന രാജ് പറയുന്നു.

എന്റെ സേഫ് സ്പേസ് മാതാപിതാക്കളായിരുന്നു. അവരുടെ മുന്നിൽ എനിക്ക് വൾനറബിൾ ആകാം. ഇത് നിന്റെ വീടാണ് നിനക്ക് തീരുമാനിക്കാം എന്ന് പറയുമെന്നും മേഘ്ന രാജ് പറഞ്ഞു. ഗർഭിണിയായ സമയത്ത് ഭർത്താവ് മരിച്ചതിലെ ആഘാതവും മേഘ്ന രാജ് പങ്കുവെച്ചു. ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു.
സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവെെവൽ ആയി മാറി. കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവെെവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. ഇന്ന് വരെയും മകൻ ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നെന്നും മേഘ്ന രാജ് പറഞ്ഞു.


Click it and Unblock the Notifications
















