നിന്റെ മാമനല്ലല്ലോ! എന്റെ ചേട്ടനല്ലേ, കാര്യം എല്ലാര്‍ക്കും അറിയാം! വിമര്‍ശകന് മാസ് റിപ്ലേയുമായി എംജി
മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നൊരു മുഖമാണ് എംജി രാധാകൃഷ്ണന്റേത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല. ലളിതഗാനങ്ങളും, സിനിമാപ്പാട്ടുകളും, കച്ചേരികളുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു അദ്ദേഹം. ആ കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ചേട്ടനും, ചേച്ചിയും പാട്ട് പഠിച്ചവരാണ്. ഇരുന്ന് പഠിച്ചതിന്റെ അടയാളം അവരുടെ ശരീരത്തിലുണ്ട്. അവരുടെ അത്ര ഞാന്‍ പാട്ട് പഠിച്ചിട്ടില്ല. ചെറുപ്പം മുതലേ പറഞ്ഞ് തരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുമായിരുന്നു. രാഗവും, താളവുമൊക്കെ മനസിലാക്കിയായിരുന്നു പാടിയത്. ചേട്ടനാണ് പരിപാടികളിലൊക്കെ പാടാന്‍ അവസരം തന്നത്. കച്ചേരിക്കൊക്കെ പോവുമ്പോള്‍ എന്നെയും കൂട്ടുമായിരുന്നു.
അമ്മ വേണ്ടെന്ന് വെച്ച കുഞ്ഞാണ് ഞാന്‍. ഒരു ആണിനെയും, പെണ്ണിനെയും കിട്ടിയപ്പോള്‍ ഇനിയൊരു കുഞ്ഞ് വേണ്ടെന്ന് കരുതിയതാണ്. അമ്മയുടെ നാല്‍പതുകളിലാണ് എന്റെ ജനനം. പ്രായവും വിഷയമായിരുന്നു. വേണ്ടെന്ന് വെച്ചതാണെങ്കിലും എങ്ങനെയോ ഞാന്‍ ജനിച്ചു. ഒരുപക്ഷേ, അത് ഇവള്‍ക്ക് വേണ്ടിയായിരിക്കാം എന്നായിരുന്നു അടുത്തിടെ ലേഖയെക്കുറിച്ച് പറയുമ്പോള്‍ എംജി പറഞ്ഞത്. പാടാന്‍ തുടങ്ങി ഇത്ര കാലമായിട്ടും, ഇന്നുവരെ താനൊരു മാനേജറെ വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെല്ലാം പെര്‍ഫെക്റ്റായി ചെയ്യാറുണ്ട്. ലേഖയും കട്ടയ്ക്ക് കൂട്ടിനുണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഒരു മാനേജറെ വെക്കാന്‍ തോന്നിയിട്ടില്ലെന്നായിരുന്നു എംജി പറഞ്ഞത്.

എന്റെ ചേട്ടന്റെ ഓര്‍മദിനം, പ്രണാമം എന്നായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എംജി കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് ശ്രദ്ധ നേടിയത്. മരിച്ചിട്ടും കാണാന്‍ വന്നില്ലല്ലോ സഹോദരന്‍ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ശിവാ, നിന്റെ മാമനല്ലല്ലോ, എന്റെ ചേട്ടനല്ലേ. എല്ലാവര്‍ക്കും അറിയാം കാര്യം. ഒരു ജോലിയും ഇല്ല അല്ലേ എന്നായിരുന്നു എംജിയുടെ മറുപടി. ചേട്ടന്റെ ഏഴയലത്ത് വരില്ല എന്ന് പറഞ്ഞ ആളോട് പോടാ എന്നായിരുന്നു എംജി പറഞ്ഞത്. ജ്യേഷ്ഠന്‍ മരിച്ച സമയത്ത് അമേരിക്കയിലായിരുന്നു എംജി ശ്രീകുമാര്‍. നേരത്തെ ഏറ്റെടുത്ത പരിപാടിയായതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് വരാന്‍ പറ്റിയിരുന്നില്ല. അവിടത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു തിരിച്ചെത്തിയത്.
ചേട്ടനുമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു മരിക്കുന്നത് വരെ. അദ്ദേഹത്തിന്റെ അവസാന ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് വന്നത്. അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു ഞാന്‍ അമേരിക്കയിലേക്ക് പരിപാടിക്കായി പോവുന്നത്. അവിടെ പാടിക്കഴിഞ്ഞ് വന്ന് ഫോണ്‍ നോക്കിയപ്പോഴാണ് ചേട്ടന്‍ പോയി എന്ന് പറഞ്ഞുള്ള മെസേജ് കണ്ടത്. കൂടെയുള്ളവരെല്ലാം അന്ന് എന്നെ ആശ്വസിപ്പിച്ചിരുന്നു. പരിപാടി കാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോവാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും വരിക. ഒരു ദിവസം വേണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഷോയുടെ ഡയറക്ടര്‍ പറഞ്ഞത്.
അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചെത്തണമെങ്കില്‍ നാല് ദിവസമെടുക്കും. അത്രയും ദിവസം ചേട്ടന്റെ ബോഡി വെക്കേണ്ടി വരും. അമ്മാവന്‍മാരാണ് എന്റെ വിഷമം മനസിലാക്കി വരേണ്ടെന്ന് പറഞ്ഞത്. ബന്ധുക്കള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ് ഇത്. എന്നാല്‍ ചിലര്‍ ഇത് തെറ്റായി വ്യഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നു. മന:പൂര്‍വ്വമായാണ് ഞാന്‍ അങ്ങനെയൊരു തീരുമാനം എടുത്തതെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. എന്നോട് ദേഷ്യമുള്ളവരാണ് അങ്ങനെ പറഞ്ഞ് നടന്നത്. അവരോടൊന്നും ഒന്നും പറയാനില്ലെന്നായിരുന്നു നേരത്തെ എംജി പറഞ്ഞത്.


Click it and Unblock the Notifications