'മോഹൻലാലിന് എയ്ഡ്സ് നടിമാർ പരിഭ്രാന്തിയിൽ' എന്ന് തലക്കെട്ട്, പണം തട്ടാനുള്ള ശ്രമം പാളിയപ്പോൾ വന്ന പക; കുറിപ്പ്
മലയാള സിനിമയിൽ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും സൂപ്പർ സ്റ്റാറുകൾ ഉണ്ടെങ്കിലും മലയാളികൾക്ക് കണ്ടും സ്നേഹിച്ചും മതിവരാത്ത താരം മോഹൻലാലാണ്. മണിക്കൂറുകളോളം ക്യൂനിന്ന് തങ്ങളുടെ ലാലേട്ടനൊപ്പം കഴിഞ്ഞ ദിവസവും ഫോട്ടോ പകർത്താൻ എത്തിയത് നൂറ് കണക്കിന് ആളുകളാണ്. അവരിൽ കൈക്കുഞ്ഞ് മുതൽ പ്രായമായ മുത്തശ്ശിമാർ വരെയുണ്ടെന്നതാണ് മറ്റൊരു കൗതുകം. അത്രമേൽ സ്നേഹിക്കപ്പെടുന്ന നടനാണെങ്കിലും താരത്തിന് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വിദ്വേഷ കമന്റുകൾക്കും പോസ്റ്റുകൾക്കും കുറവൊന്നുമില്ല.
നടന്റെ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് അതിൽ പോരായ്മകൾ കണ്ടെത്തുന്നവരുടെ എണ്ണം സോഷ്യൽമീഡിയയുടെ വരവോടെ കൂടി. കഴിഞ്ഞ ദിവസം ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോഴും വിമർശനം ഉയർന്നിരുന്നു.

കുട്ടികളെ കൊഞ്ചിച്ചില്ല... ജാഡ കാണിച്ചു, സ്നേഹത്തോടെ പെരുമാറാമായിരുന്നു എന്നിങ്ങനെയായിരുന്നു അവയിൽ ചില കമന്റുകൾ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഒരു പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹൻലാലായി ഇരിക്കുക എന്നത് എളുപ്പമല്ലെന്നും സിനിമയിൽ വന്ന കാലം മുതൽ അദ്ദേഹത്തെ ചൂഷണം ചെയ്ത ചില മനുഷ്യരെ കുറിച്ചും കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
അത് ഇങ്ങനെയായിരുന്നു... ഒരിക്കൽ ശോഭന ജോർജ് എംഎൽഎ ക്രൈം ഫയൽ മാഗസിൻ എഡിറ്റർ നന്ദകുമാർ തന്നെ അപകീർത്തി പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുവാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇ.കെ നായനാർക്ക് നൽകിയൊരു പരാതിയുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെയായിരുന്നു... നന്ദകുമാർ എന്നോട് ഫോണിൽ പറയുകയാണ് നിങ്ങളുടെ ചിത്രങ്ങൾ വെച്ച് ഞാൻ എനിക്ക് തോന്നിയ പോലെ നിറം പിടിപ്പിച്ച കഥകൾ എഴുതി പ്രിന്റ് ചെയ്ത് ഇറക്കും.
നിങ്ങൾക്ക് പിന്നെ പുറത്തിറങ്ങി നടക്കുവാൻ പറ്റില്ല. അത് ഒഴിവാക്കുവാൻ അഞ്ച് ലക്ഷം രൂപ നൽകണം. പിന്നെ നിങ്ങൾ ഒരു കാര്യം മനസിലാക്കണം... നിങ്ങളെക്കാൾ ഒട്ടും താഴെയല്ല സുകുമാർ അഴിക്കോടും, മോഹൻലാലും ഒന്നും. നിങ്ങൾ അനുഭവം കൊണ്ടേ പഠിക്കൂവെന്ന് വാശി പിടിക്കരുത് എന്നായിരുന്നു വാചകം. ആ പരാതിയിലെ മോഹൻലാൽ എന്ന പേര് കണ്ടപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് കൗമാരക്കാരനായ എന്റെ കൈകളിലേക്ക് കൈമറിഞ്ഞെത്തിയ ഒരു ക്രൈം ഫയൽ വാരികയുടെ മുഖചിത്രവും ക്യാപ്‌ഷനും ഓർമ വന്നത്.
അതിലെ മുഖചിത്രം മലയാളം കണ്ട ഏറ്റവും ഐശ്വര്യമുള്ള ആ നായകന്റേതായിരുന്നു. ഹെഡിങ് 'മോഹൻലാലിന് എയ്ഡ്സ് നടിമാർ പരിഭ്രാന്തിയിൽ' എന്നായിരുന്നു. ലാലിനെ ഭീഷണിപ്പെടുത്തി പണം തട്ടുവാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ പക തീർക്കുവാനുള്ള നന്ദകുമാറിന്റെ ശ്രമം അത്രക്കും തരം താണതായിരുന്നു.

ഇതിനെ കുറിച്ച് പിന്നീടൊരിക്കൽ വളരെ ആലങ്കാരികമായി നന്ദകുമാർ ഓർത്തെടുക്കുന്നുമുണ്ട്. ലാലിന്റെ മുഖചിത്രവും ഇങ്ങനെയൊരു ക്യാപ്‌ഷനും വെച്ച് വാരിക പ്രിന്റ് ചെയ്ത് ഇറക്കിയതേ ഓർമയുള്ളു. കോപ്പി വിറ്റ് പോകുന്ന പോക്ക് കണ്ട് ഞാൻ ഞെട്ടിപ്പോയി. ടിപ്പറിൽ വരെ പ്രിന്റ് ചെയ്ത കോപ്പികൾ കൊണ്ടുപോയി ഇറക്കിയിട്ടുണ്ട്.
എനിക്ക് ഒരുപാട് ലാഭം കിട്ടിയ ലക്കം ആയിരുന്നത്... എന്നൊക്കെയാണ് അയാൾ ഓർത്തെടുക്കുന്നത്. ഒരു മനുഷ്യന്റെ അഭിമാനം വിറ്റ് വേറൊരുത്തൻ കഞ്ഞി കുടിക്കുന്ന കാഴ്ച. മികച്ച നടനുള്ള ദേശീയ അവാർഡ് പരിഗണന വേളയിൽ കാരണമില്ലാതെ തള്ളി കളയുന്നത് കൊണ്ടോ, വ്യക്തി ജീവിതത്തിലെ ഓരോ നീക്കങ്ങളും വരെ സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നത് കൊണ്ടോ അല്ല Being Mohanlal is not easy എന്ന് പറയുന്നത്...
അത് പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് അയാൾ കയറി നിന്ന നാൾ മുതൽ അയാളെ ചൂഷണം ചെയ്ത് ജീവിക്കുവാൻ ഇറങ്ങി തിരിച്ച നന്ദകുമാറിനെപോലുള്ള അനേകായിരം പേരോടൊപ്പം പോരാടി ഇവിടെ പിടിച്ച് നിൽക്കുന്നത് കൊണ്ടുകൂടിയാണ് എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications

















