'വെട്ടിത്തുറന്നുള്ള പ്രവൃത്തികൾ മുറിവേൽപ്പിക്കും, അങ്ങനെ നോക്കുമ്പോൾ ലാലേട്ടന്റേത് അഭിനയമല്ല മനുഷ്യപറ്റ്'
കഴിഞ്ഞ ദിവസം മുതൽ നടൻ മമ്മൂട്ടിക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖിനോട് നീരസം പ്രകടിപ്പിച്ച് നടൻ സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ എന്നായിരുന്നു റഫീഖിനോട് മമ്മൂട്ടി ചോദിച്ചത്.
ആ ചോദ്യം കേട്ട് പുഞ്ചിരി തൂകി നിൽക്കുക മാത്രമാണ് റഫീഖ് ചെയ്തത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും പ്രത്യക്ഷപ്പെട്ടു. തട്ടിപ്പും വെട്ടിപ്പുമായി നടന്നാൽ എന്നെങ്കിലുമൊരിക്കൽ എല്ലാരും സത്യം മനസിലാക്കും. അത് തന്നെയാണ് മമ്മൂട്ടിക്കും മനസിലായത്.

ഉയർന്ന നിലവാരമുള്ള മമ്മൂട്ടിയുടെ പ്രതികരണത്തിന് അഭിവാദ്യങ്ങൾ, രാഷ്ട്രീയക്കാർ വിളിക്കാത്തിടത്തെല്ലാം കേറി ആളാകാൻ നടന്നാൽ ചിലപ്പോൾ മറ്റുള്ളവർക്ക് അരോചകമാവും, മമ്മൂട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഒരുപക്ഷം ചേരുന്ന രീതി ശരിയല്ല. പ്രത്യേകിച്ചും കലാകാരൻ എന്ന നിലയിൽ, ഉള്ളത് പറയുമ്പോൾ സൈബർ ആക്രമണം ഉണ്ടാകും എന്ന തരത്തിലായിരുന്നു നടനെ അനുകൂലിച്ച് വന്ന കമന്റുകൾ.
അതേസമയം പരസ്യമായി അപമാനിക്കുന്ന തരത്തിൽ മമ്മൂട്ടി പെരുമാറി എന്നായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. അതിൽ ഒരു കുറിപ്പ് വലിയ രീതിയിൽ ശ്രദ്ധ നേടി. മോഹൻലാൽ പൊതുവേദികളിൽ എത്തുമ്പോൾ ആളുകളോട് എങ്ങനെ ഇടപഴകുന്നുവെന്നതിനെ കുറിച്ചായിരുന്നു കുറിപ്പ്. വെട്ടിത്തുറന്നുള്ള പ്രവൃത്തികൾ മറ്റുള്ളവരെ മുറിവേൽപ്പിക്കും.
അങ്ങനെ നോക്കുമ്പോൾ ലാലേട്ടന്റേത് അഭിനയമല്ല മനുഷ്യപറ്റാണെന്നുമായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. മുറിവേൽപ്പിക്കുന്ന സത്യങ്ങളേക്കാൾ നല്ലതല്ലേ നോവിക്കാതെയുള്ള ആ അഭിനയം?. ജീവിതത്തിൽ ചിലയിടത്ത് നമുക്ക് അഭിനയിക്കേണ്ടി വരും. കാരണം വെട്ടിത്തുറന്നുള്ള പ്രവൃത്തികളും സംസാരങ്ങളും പലപ്പോഴും മറ്റുള്ളവരെ വല്ലാതെ മുറിവേൽപ്പിക്കും.
അവരെ നോവിക്കാതിരിക്കാൻ ചില സാഹചര്യങ്ങളിൽ നമ്മൾ അഭിനയിക്കുന്നതിൽ തെറ്റില്ല. മോഹൻലാൽ ജീവിതത്തിലും അഭിനയിക്കുകയാണെന്ന് പറഞ്ഞ് കളിയാക്കുന്നവർ ഇതറിയുക. പരസ്യമായി ആക്രോശിക്കുന്ന നേതാക്കളേക്കാൾ എത്രയോ മാന്യമാണ് ആരെയും വേദനിപ്പിക്കാതെയുള്ള ലാലേട്ടന്റെ ഈ സ്വഭാവം. അത് അഭിനയമല്ല. യഥാർത്ഥ മനുഷ്യപ്പറ്റാണ് എന്നായിരുന്നു കുറിപ്പ്.

കണ്ണിൽ മാധ്യമപ്രവർത്തകരിൽ ഒരാൾ മൈക്കുമായി തട്ടിയപ്പോൾ പോലും ആത്മസമ്യമനം പാലിച്ച് സരസമായി പ്രതികരിച്ചയാളാണ് മോഹൻലാൽ. പൊതുവേദികളിൽ വെച്ച് മോഹൻലാൽ ഒരിക്കൽ പോലും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ പരിഹസിക്കുന്ന തരത്തിലോ സംസാരിക്കുകയോ എന്തെങ്കിലും പെരുമാറ്റം ഉണ്ടാവുകയോ ചെയ്തിട്ടില്ല.
വിമർശനങ്ങളെ പോലും പുഞ്ചിരിയോടെ സ്വീകരിക്കുകയാണ് ചെയ്യാറുള്ളത്. അതിനാൽ തന്നെ മോഹൻലാൽ എപ്പോഴും ഡിപ്ലോമാറ്റിക്കാണെന്നും കൃത്യമായ നിലപാടില്ലാത്ത വ്യക്തിയാണെന്നും എപ്പോഴും അഭിനയമാണെന്നുമുള്ള തരത്തിൽ വിമർശനം ഉയരാറുണ്ട്. നെഗറ്റിവിറ്റിയെ മനസിലേക്ക് എടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് നല്ല കാര്യങ്ങൾക്കിടയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ് വിമർശനങ്ങൾക്ക് മുഖം കൊടുക്കാത്തതെന്ന് മോഹൻലാൽ തന്നെ പറഞ്ഞിരുന്നു. മമ്മൂട്ടി മലയാളികളുടെ പൊതു സ്വത്താണ്.
എല്ലാ മലയാളിക്കും വേണ്ടി സംസാരിക്കുന്ന ഒരു മഹാനടന് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മലയാളിയുടെ അംഗീകാരം ഉണ്ടാകില്ലെന്ന് ഇത് ചെയ്യുന്നവര്‍ മനസിലാക്കണം. ഒരു കാരണവശാലും സിപിഎമ്മിന്റെ പ്രവർത്തകരുടെ സൈഡിൽ നിന്നും സൈബർ ആക്രമണം മമ്മൂട്ടിക്ക് എതിരെ ഉണ്ടാകാൻ പാടില്ലായിരുന്നു.
പാർട്ടിയുടെ മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് ഇത് അവസാനിപ്പിക്കാൻ നിർദേശം നൽകണം. മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. അതിനാൽ അദ്ദേഹത്തിന് എതിരെ സൈബർ ആക്രമണം നടത്തുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല. ഇത് അവസാനിപ്പിക്കണം എന്നാണ് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് പറഞ്ഞത്.


Click it and Unblock the Notifications

















