ജോർജ് കുട്ടിയല്ല ജീത്തുവാണ് അപകടകാരി; എല്ലാ ചോദ്യങ്ങൾക്കും ആധികാരികമായ ഉത്തരങ്ങൾ, തീപ്പൊരി ഐറ്റം തന്നെ!
മൂന്ന് വർഷങ്ങൾക്കുശേഷം ദൃശ്യം ഫ്രാഞ്ചൈസിയിൽ നിന്നും മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. ആദ്യ ഷോ അവസാനിക്കുമ്പോൾ നാനാഭാഗത്ത് നിന്നും സിനിമയ്ക്ക് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സോഷ്യൽമീഡിയയിൽ 5/4 റേറ്റിങ്ങാണ് സിനിമ കണ്ട പ്രേക്ഷകർ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളോട് നീതി പുലർത്തുന്നതും ത്രില്ലടിപ്പിക്കുന്നതുമാണ് മൂന്നാം ഭാഗമെന്നാണ് പ്രതികരണങ്ങൾ.
ലൂസിഫറിൽ ജിതിൻ രാം ദാസിന്റെ പ്രസംഗത്തിലെ മുണ്ട് ഉടുക്കുവാൻ അറിയാതെ മലയാളത്തിൽ സംസാരിക്കാനറിയാതെ പികെ രാംദാസിന്റെ മകൻ ജിതിൻ രാം ദാസ് നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കുമെന്ന് തോന്നുന്നുണ്ടോ? എന്ന് ചോദിക്കുന്നതുപോലെ...... ദൃശ്യം ഒന്നും രണ്ടും കൊണ്ട് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ച പേര് കാത്ത് സംരക്ഷിക്കും എന്നൊരുറപ്പില്ലാതെ,

പടം അനൗൺസ് ചെയ്ത ദിവസം മുതൽ അക്ഷമരായി കാത്തുനിൽക്കുന്ന കാണികളുടെ പ്രതീക്ഷ തകർക്കില്ല എന്ന ഉത്തരവാദിത്വം നിറവേറ്റാതെ ഞാൻ ദൃശ്യം 3യുമായി നിങ്ങളുടെ മുന്നിലേക്ക് വരുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. എന്ന ചോദ്യം തികഞ്ഞ ആത്മവിശ്വാസത്തോടെ പടം കാണുവാൻ വരുന്നവരോടും കണ്ടിറങ്ങുന്നവരോടും ജിത്തു ജോസഫ് ഉറക്കെ ചോദിക്കുന്ന സിനിമയാണ് ദൃശ്യം 3.
വൻ പടം..... പടം കണ്ട ശേഷം പ്രേക്ഷകർ ചോദിക്കാനിടയുള്ള ഒരായിരം ചോദ്യങ്ങളെ തന്നോട് തന്നെ ചോദിച്ച് അവയ്ക്ക് ആധികാരികമായ ഉത്തരങ്ങൾ തിരക്കഥയിലൂടെ നൽകി തൃപ്തിപ്പെടുത്തുന്ന എഴുത്തിലെ ജിത്തു ജോസഫ് മാജിക് സിനിമയിലുണ്ട്. ഇതുവരെ അയാൾ പിടിക്കപ്പെടാതെ പിടിച്ച് നിന്നത് വെറും ഭാഗ്യം കൊണ്ടാണെന്ന് കരുതി അയാളുടെ പിറകെ അയാളുടെയും കുടുംബത്തിന്റെയും ചോരക്ക് ദാഹിച്ച് വേട്ട നായ്ക്കളെ പോലെ അവർ പിന്തുടരുമ്പോൾ...
ബുദ്ധികൊണ്ടും നിയമങ്ങളിലെ പഴുതുകൊണ്ടും അവരെ പ്രതിരോധിക്കുകയല്ലാതെ അയാൾക്ക് വേറെ വഴിയില്ലായിരുന്നു. മലയാള ബോക്സ് ഓഫീസ് കലക്ഷൻ റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്ന കലവറയിലേക്ക് ജോർജൂട്ടി എന്ന ക്ലാസിക് ക്രിമിനൽ ഒരു തോട്ട കത്തിച്ചെറിഞ്ഞിട്ടുണ്ട്. കണ്ടറിയണം അവയ്ക്ക് ഇനി എന്താണ് സംഭവിക്കുകയെന്ന്.
സാധാരണ പിറന്നാൾ ദിനം പിറന്നാൾ ആഘോഷിക്കുന്നയാൾക്കാണ് മറ്റുള്ളവർ സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുക. എന്നാൽ ഇവിടെ ഒരു പിറന്നാളുകാരനാണ് മറ്റുള്ളവർക്ക് ട്രീറ്റ് നൽകുന്നത്. തന്റെ സിനിമയിലൂടെ എന്നാണ് ഫേസ്ബുക്ക് യൂസറായ സനൽ കുമാർ പദ്മനാഭൻ സിനിമ കണ്ടശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്. ആദ്യ ഷോ കണ്ടിറങ്ങിയവരിൽ നിന്നെല്ലാം പോസിറ്റീവായ പ്രതികരണങ്ങൾ മാത്രമാണ് വരുന്നത്.

ജീത്തു ജോസഫ് പ്രമോഷനിടെ പറഞ്ഞതുപോലെ ഇമോഷണൽ സൈഡിലൂടെ പോകുന്ന എന്നാൽ ട്വിസ്റ്റും ടേൺസും പിന്നെ കിടു പെർഫോമൻസും ഉള്ള സിനിമയാണ് മൂന്നാം ഭാഗമെന്നും ചിലർ കുറിച്ചു. ജോർജ് കുട്ടിയല്ല സിനിമയുടെ സംവിധായകൻ ജീത്തു ജോസഫാണ് അപകടകാരിയെന്നത് മൂന്നാം ഭാഗം കണ്ടപ്പോൾ മനസിലായിയെന്നും ചിലർ അഭിപ്രായപ്പെട്ടു.
പുറത്തുള്ള വേർഡ് ഓഫ് മൗത്ത് ദൃശ്യം മൂന്നിന്റെ കാര്യത്തിൽ എല്ലാവരും കരുതിയതിനേക്കാൾ അപ്പുറത്താണെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മണിക്കൂറിൽ 40k ടിക്കറ്റ് വെച്ച് ബുക്ക് ആകുന്നുണ്ടത്രെ. പോസ്റ്റ് റിലീസിൽ ഒരു മലയാള സിനിമയുടെ ചരിത്ര ബുക്കിങാണത്. മണിക്കൂർ 40000 ടിക്കറ്റുകൾ... മൗത്ത് പബ്ലിസിറ്റി ഒരു സിനിമയുടെ ഭാവിയെ എങ്ങനെ മാറ്റി മറിക്കുന്നുവെന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
സിനിമയിലെ പ്രധാന താരങ്ങളായ മോഹൻലാൽ, മീന, എസ്തർ തുടങ്ങിയവരും നിർമാതാവുമെല്ലാം ആദ്യ ഷോ കാണാൻ എറണാകുളത്തെ തിയേറ്ററിൽ എത്തിയിരുന്നു. ഷോയ്ക്കുശേഷം പിറന്നാൾ കേക്ക് മുറിച്ച് ആരാധകർക്കൊപ്പം ആഘോഷിച്ചശേഷമാണ് മോഹൻലാൽ മടങ്ങിയത്. പാട്രിയേറ്റ് വേണ്ടത്ര വിജയമായില്ലെങ്കിലും ദൃശ്യം 3 വൻ വിജയമാകും.


Click it and Unblock the Notifications