ബ്രെയിൻ ഡെത്ത് സംഭവിച്ചു... പിന്നെങ്ങനെ യെസ് എന്ന വാക്ക് ഡെലുലു കേട്ടു?; വീണ്ടും സർവം മായയെ കുറിച്ച് ചർച്ചകൾ!
ഇക്കഴിഞ്ഞ ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തി വൻ വിജയമായി മാറിയ സിനിമയാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ. നിവിൻ പോളി നായകനായ സിനിമ താരത്തിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി. റിയ ഷിബു നായികയായ സിനിമ അടുത്തിടെയാണ് ഒടിടിയിൽ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിച്ചശേഷം പതിവുപോലെ സിനിമയെ പ്രേക്ഷകർ ഇഴകീറി പരിശോധിച്ച് തുടങ്ങി.
സിനിമ ഓവറേറ്റഡാണ് എന്നാണ് ഒടിടി റിലീസിനുശേഷം ഏറ്റവും കൂടുതൽ ഉയർന്നുകേട്ട ഒരു അഭിപ്രായം. പ്രേതമായി അഭിനയിച്ച റിയ ഷിബുവിന്റെ പ്രകടനത്തെയും സിനിമയിലെ ചില കോമജഡി രംഗങ്ങളേയും വരെ ഒരു വിഭാഗം ആളുകൾ ട്രോളിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

ബ്രെയിൻ ഡെത്ത് സംഭവിച്ച ഡെലുലു എങ്ങനെ സഹോദരൻ പറയുന്ന യെസ് കേട്ടു എന്നതാണ് ചിലരിൽ ചില ചോദ്യങ്ങൾ ഉയരാൻ കാരണമായത്. യെസ്... ആ ഒറ്റ വാക്ക്! ഡെലുലു അത് എങ്ങനെ കേട്ടു?. റിലീസ് കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസിൽ നിന്ന് മാറാത്ത സർവ്വം മായയെ ചുറ്റിയുള്ള ഏറ്റവും വലിയ സംശയം ഇതാണ്.
അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ സർവ്വം മായ തിയേറ്ററുകൾ കുലുക്കിയ വിജയമായിരുന്നു. നിവിൻ പോളിയുടെ കംബാക്ക്, ക്യൂട്ട് യക്ഷിയായ ഡെലുലു, നിവിൻ-അജു കോമ്പിനേഷൻ എല്ലാം ചേർന്ന് പ്രേക്ഷകർ ആഘോഷിച്ച സിനിമ. പക്ഷെ... കയ്യടി അവസാനിച്ചിട്ടും ഒരു ചോദ്യം മാത്രം മുറിവായി ശേഷിക്കുന്നു.
ബ്രെയിൻ ഡെത്ത് സംഭവിച്ച ഡെലുലു അവസാനം സഹോദരൻ പറഞ്ഞ 'യെസ്'എങ്ങനെ കേട്ടു?. സിനിമ തിയേറ്ററിൽ കണ്ട നിമിഷം തന്നെ ഈ സംശയം തോന്നി. ഒടിടി റിലീസിന് ശേഷം വീണ്ടും കണ്ടപ്പോഴും തോന്നി. മറുപടി എവിടെയും കണ്ടില്ല. ഫ്ലാഷ്ബാക്കിൽ ഡോക്ടർമാർ വ്യക്തമായി പറയുന്നു ബ്രെയിൻ ഡെത്ത് സംഭവിച്ചാൽ തിരികെ വരാനാകില്ലെന്ന്. അങ്ങനെയൊരു അവസ്ഥയിലുള്ള ഒരാൾ യെസ് എന്ന വാക്ക് കേൾക്കുമോ?. അത് ഓർമ്മിക്കുമോ?.
ശാസ്ത്രീയമായി സാധ്യമോ?. ഇത് സംവിധായകന്റെ പിഴവല്ലേ?. ഇത്ര വലിയ സിനിമയിൽ ഇത്ര വലിയ ലൂപ്പ് ഹോൾ? എന്നായിരുന്നു സംശയം പ്രകടിപ്പിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്. ആത്മാവ് ഫോൺ എടുത്ത് ഡിപി മാറ്റുന്നതും ഓൺലൈനിൽ കാർഡ് ഉപയോഗിച്ച് ഡ്രസ് ഓർഡർ ചെയ്യുന്നതും വിശ്വസിക്കാമെങ്കിൽ ഇതും വിശ്വസിച്ചാൽ പോരേ?.
പ്രേതപ്പടത്തിന്റെ ലോജിക് ചോദിക്കണോ? എന്നായിരുന്നു കുറിപ്പിന് വന്ന ചില പ്രതികരണങ്ങൾ. ഇത് അർത്ഥമില്ലാത്ത ഒരു വാദമാണ്. ബ്രെയിൻ ഡെത്ത് എന്ന അവസ്ഥയെക്കുറിച്ച് നമുക്ക് അറിയുന്നത് ഡോക്ടർമാർ പറയുന്ന വിശദീകരണം മാത്രമാണ്. യഥാർത്ഥത്തിൽ ബ്രെയിൻ ഡെത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് വ്യക്തമായി ആർക്കും അറിയില്ല. കാരണം ആ അവസ്ഥയിൽ നിന്ന് ആരും തിരികെ വന്നിട്ടില്ല.
അതിനാൽ ഫാന്റസി സിനിമകളിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അർത്ഥശൂന്യമാണ്. സിനിമയിൽ പറയുന്ന കഥകൾ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ യെസ് എന്ന് പറയുന്നത് ഡെലുലു കേട്ടുവെന്നത് വിശ്വസിക്കുന്നതിൽ എന്താണ് പ്രശ്നം?. മരണത്തിന് ശേഷം ജീവിതമുണ്ടോ പുനർജന്മമുണ്ടോ എന്നതിനെക്കുറിച്ച് ആർക്കും ഉറപ്പായി പറയാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നിങ്ങനെയും പ്രതികരണങ്ങൾ കുറിപ്പിന് ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളിയെ ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നായിരുന്നു സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ മൗത്ത് പബ്ലിസിറ്റി. അതുകൊണ്ട് തന്നെയാണ് സിനിമ വലിയ കളക്ഷൻ നേടിയതും


Click it and Unblock the Notifications











