വരാലിനെ പോലെ വഴുതി മാറും, പരമാവധി പബ്ലിസിറ്റി കൊടുത്തിട്ടും വളർന്നപ്പോൾ ജയറാം ചെയ്തത്: പല്ലിശ്ശേരി
നടൻ ജയറാമിനെതിരെ വിമർശനവുമായി സിനിമാ മാധ്യമപ്രവർത്തകൻ പല്ലിശ്ശേരി. ജയറാമിനെ താൻ കള്ളന് കഞ്ഞി വെച്ചവൻ എന്ന് വിശേഷിപ്പിക്കുമെന്ന് പല്ലിശ്ശേരി പറയുന്നു. ജയറാം കള്ളനാണോ എന്ന് ഒരാൾ ചോദിച്ചു. അല്ലെന്ന് ഞാൻ പറഞ്ഞു. കള്ളന് കഞ്ഞി വെച്ചവനാണെന്നാണ് ജയറാമിനെക്കുറിച്ച് പറയുന്നത്. ജയറാമിനെ പോലെ സിനിമയ്ക്കുള്ളിൽ അഭിനയിക്കുന്ന വേറൊരു നടനെയും ഞാനിത് വരെ കണ്ടിട്ടില്ല. അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. അപരൻ എന്ന സിനിമയാണ് അയാളുടെ ആദ്യത്തേത്. അന്ന് ഞങ്ങളൊക്കെ കത്തി നിൽക്കുന്ന മാധ്യമപ്രവർത്തകരാണ്.
വളരെ വിനയത്തോടെ നിൽക്കുന്നു ജയറാം. പാർവതിയെ പരിചയപ്പെടാം എന്ന് ഞങ്ങൾ പറഞ്ഞു. അവർ തലക്കനമുള്ള സ്ത്രീയല്ലേ, പുതിയ ആൾക്കാരുടെ അടുത്ത് വരുമോ എന്ന് ജയറാം. ഞങ്ങൾ പാർവതിക്കടുത്ത് കൊണ്ട് പോയി. പാർവതി ഗൗനിച്ചില്ല. പാർവതിക്ക് മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ജയറാം. അങ്ങനെ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്.

അന്ന് രാത്രി തന്നെ ഞങ്ങൾ മദ്യപിച്ചു. കുറേ കാര്യങ്ങൾ പറഞ്ഞു. ജയറാം ഞങ്ങളുടെ ടീമിലെ ഒരംഗം തന്നെയായിരുന്നു. അയാൾക്ക് പരമാവധി പബ്ലിസിറ്റി കൊടുത്തു. വളർന്നു എന്ന് തോന്നിയപ്പോൾ സ്വഭാവം മാറ്റി. തിരക്കായി. കാണാൻ സമയമില്ല. വിളിച്ചാൽ ഫോണെടുക്കില്ല. പിന്നീട് രാജസേനന്റെ സിനിമകൾ ചെയ്ത് ശ്രദ്ധ നേടി. എന്നാൽ പിന്നീട് രാജസേനനുമായും ജയറാം അകന്നെന്ന് പല്ലിശ്ശേരി പറയുന്നു.
ജയറാം വരാലിനെ പോലെ വഴുതി പോകും. പിടി തരില്ല. പാവമാണ്, മാന്യനാണ് എന്നൊക്കെ നമ്മൾ വിചാരിക്കും. അല്ല. ചതിക്കാൻ പഠിച്ചൊരു നടനായി ജയറാമിന്റെ പേര് പറയാൻ എനിക്ക് മടിയില്ല. ഞങ്ങൾ തമ്മിൽ വേറെ പ്രശ്നമില്ല. ജയറാമേ അടുത്ത പടങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ച് വിളിച്ചാൽ നാല് വർഷം എന്തൊരു തിരക്കാണ് എനിക്ക് എന്ന് പറയും. പക്ഷെ രണ്ട് പടം പോലും കയ്യിലുണ്ടാകില്ല. അങ്ങനെ വലിയ കാര്യങ്ങൾ പറഞ്ഞ് പാര വെച്ചും സ്വന്തമായി രാജവീഥി തന്നെ ഉണ്ടാക്കി നടക്കുന്നു.
ഒരിക്കലും ജയറാം കള്ളനാണെന്ന് ഞാൻ പറയില്ല. പക്ഷെ കള്ളന് കഞ്ഞി വെച്ചവനാണെന്ന് പറയും. അതുകൊണ്ടാണ് മലയാളത്തിൽ സിനിമകൾ കുറയാൻ കാരണം. ഞാൻ പറഞ്ഞത് തെറ്റായെങ്കിൽ വെല്ലുവിളിയോടെ നിർത്തുന്നു. കാര്യ കാരണ സഹിതം കുറേ കാര്യങ്ങൾ എന്റെ കയ്യിലുണ്ട്. തൽക്കാലം ഇത്ര മതിയെന്നും പല്ലിശ്ശേരി വെള്ളിനക്ഷത്രം ഓൺലെെൻ യൂട്യൂബ് ചാനലിൽ പറഞ്ഞു. ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ട് ജയറാം നടത്തിയ പരാമർശം ചർച്ചയായിരിക്കെയാണ് പല്ലിശ്ശേരിയുടെ വിമർശനം.
ട്വന്റി ട്വന്റി സിനിമയിലെ അവസാന സീനിൽ ഇല്ലാതെ പോയതിനെക്കുറിച്ച് ജയറാം ഒരു തമിഴ് അഭിമുഖത്തിൽ സംസാരിക്കുകയുമുണ്ടായി. ദീപാവലി ദിനത്തിൽ ചെന്നെെയിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വേണ്ടിയാണ് ആ സീനിൽ അഭിനയിക്കാതിരുന്നതെന്നാണ് ജയറാം പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ശബരിമലയ്ക്ക് പോകേണ്ടത് കൊണ്ടാണെന്നാണ്. സംസ്ഥാനം മാറിയപ്പോൾ ആഘോഷവും മാറിയല്ലോ എന്നാണ് രണ്ട് അഭിമുഖങ്ങളും കണ്ടവരുടെ ചോദ്യം. നിരവധി ട്രോളുകൾ ജയറാമിന് നേരെ വന്നു.


Click it and Unblock the Notifications

