പേട്രിയറ്റിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താമായിരുന്നു, കഥ കേട്ടെന്ന് ഞാൻ പറഞ്ഞത് ട്രോളായി: പൃഥ്വിരാജ്
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കണ്ട സിനിമയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയേറ്റ്. മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തെക്കുറിച്ച് നടൻ പൃഥ്വിരാജ് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വ്യക്തിപരമായി എനിക്ക് പേട്രിയറ്റ് വർക്കായി. ഒരുപാട് പ്രസക്തിയുള്ള കഥയാണ് പേട്രിയേറ്റിന്റേത്. സിനിമകളുടെ റിലീസിന് മുമ്പ് ഞാൻ കഥ കേൾക്കുന്നു എന്നത് ഇപ്പോൾ മീംമ് ആണ്. പക്ഷെ ശരിക്കും എനിക്ക് ഈ സിനിമയുണ്ടാക്കുന്നതിന് എത്രയോ മുമ്പേ പേട്രിയേറ്റിന്റെ തിരക്കഥ വായിക്കാനായിട്ടുണ്ട്. മഹേഷ് എനിക്ക് നരേറ്റ് ചെയ്ത് തന്നു. ആദ്യ നരേഷനിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ മികച്ച എഴുത്ത്. പെർഫെക്ട് സിനിമയല്ലെന്നത് ശരിയാണ്.
തിരക്കഥയിൽ നിന്നും സിനിമയിലേക്ക് വന്നപ്പോൾ മെച്ചപ്പെടുത്താൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് തോന്നി. സിനിമയിൽ ഒരുപാട് സ്റ്റാർഡത്തിന്റെ ബാധ്യതയില്ലായിരുന്നെങ്കിൽ നന്നായേനെ. അതേസമയം മഹേഷ് നാരായണൻ വളരെ നന്നായി സീനുകളും നിമിഷങ്ങളുമുണ്ട്. ഇന്റർനാഷണൽ സിനിമയുടെ നിലവാരത്തിലേക്കെത്തിച്ച ഒന്നിലേറെ നിമിഷങ്ങൾ പേട്രിയേറ്റിലുണ്ട്. സിനിമയിൽ എനിക്ക് വർക്ക് ചെയ്യാത്ത ഘടകങ്ങളുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

വരാനിരിക്കുന്ന ഒടിയൻ എന്ന സിനിമയെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. രാഹുലാണ് ഈ തോട്ട് എന്നോട് പറഞ്ഞത്. ഈ ഫോക്ക്ലോറിനെക്കുറിച്ചുള്ള വളരെ മികച്ച ടേക്കാണിതെന്ന് എനിക്ക് തോന്നി. ഇപ്പോൾ രാഹുലിന് വലിയ ഫാൻ ഫോളോയിംഗ് ഉണ്ട്. കഥ കേട്ട നിമിഷം ഞാൻ പറഞ്ഞത് ഇതെനിക്ക് പ്രൊഡ്യൂസ് ചെയ്യാൻ പറ്റുമെങ്കിൽ ഞാൻ ചെയ്യുമെന്നാണ്. കരൺ കഥ കേട്ടപ്പോൾ കോ പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറായി. ധർമ്മ പ്രൊഡക്ഷനെ മലയാളത്തിലേക്ക് കൊണ്ട് വരുമെന്ന് കരണിനോട് ഞാൻ തമാശ പറയുന്നുണ്ടായിരുന്നു.
പ്രൊഡ്യൂസറില്ലാതെ കഥയുമായി വന്നത് കൊണ്ടാണ് ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞതിന് ഒരു കാരണം. ഒരു കഥ ഇഷ്ടപ്പെട്ടാൽ അത് സംരക്ഷിക്കാനുള്ള തോന്നൽ എനിക്ക് ചിലപ്പോൾ വരും. നന്നായി ഈ സിനിമയെടുക്കണം, നല്ല രീതിയിൽ റിലീസ് ചെയ്യണം എന്ന തോന്നൽ. ആ പ്രൊജക്ടിൽ കൺട്രോൾ വേണം. കാരണം അത്രയും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് പറഞ്ഞു. ഐ നോ ബഡിയാണ് പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഈ ചിത്രത്തിന്റെയും നിർമാതാക്കളിൽ ഒരാളാണ് പൃഥ്വിരാജ്.
അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ഭാഗമാകുന്ന സിനിമകളെല്ലാം കോ പ്രൊഡ്യൂസ് ചെയ്യാൻ എനിക്കിഷ്ടമാണ്. സിനിമയിലെ ഏറ്റവും വലിയ സിംഗിൾ ഇൻവെസ്റ്റ്മെന്റ് ലീഡ് ആക്ടറുടെ പ്രതിഫലമാണ്. സ്റ്റേക്ക് ഹോൾഡറാകാൻ ഞാൻ തയ്യാറാണ്. പ്രതിഫലക്കാര്യം മാറ്റാം. അപ്പോൾ സിനിമ ചെറുതാകും. സിനിമ നന്നായെടുക്കാനുള്ള ബ്രീത്തിംഗ് സ്പേസ് ലഭിക്കും. സിനിമ വർക്കായാൽ നമ്മളെല്ലാവരും പണമുണ്ടാക്കും. സിനിമ മോശമായാൽ പ്രതിഫലമില്ലാതെ പോകാൻ ഞാൻ തയ്യാറാണ് എന്നാണ് നിർമാതാക്കളോട് പറയാറെന്ന് കഴിഞ്ഞ ദിവസവും പൃഥ്വിരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications
