പൃഥ്വിരാജ് വീരവാദം പറയുന്നോ, ബോളിവുഡ് കമ്പനികൾ ആദ്യമായല്ല ഇങ്ങോട്ട് വരുന്നത്; നടന് വിമർശനങ്ങൾ
മലയാള സിനിമാ രംഗത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജിനേക്കാൾ എത്രയോ വർഷങ്ങൾ അധികം സീനിയോരിറ്റിയും താരമൂല്യവുമുള്ള മോഹൻലാലാേ മമ്മൂട്ടിയോ പോലും പൃഥ്വിയെ പോലെ മലയാള സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് ഇത്രയധികം വാചാലരാകാറില്ല. വാക്കുകൾ കൊണ്ട് അമ്മാനമാടാൻ മിടുക്കുള്ള പൃഥ്വിരാജ് മോളിവുഡിന്റെ ബ്രാൻഡ് അംബാസിഡർ ആയത് പോലെയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ സംസാരിക്കാറെന്ന് അഭിപ്രായങ്ങളുണ്ട്. കഴിഞ്ഞ ദിവസം തന്റെ വരാനിരിക്കുന്ന ചിത്രം ഒടിയനെക്കുറിച്ച് സംസാരിക്കവെ പൃഥ്വിരാജ് ഒരു പരാമർശം നടത്തി.
ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ബോളിവുഡ് പ്രൊഡക്ഷൻ ഹൗസ് മലയാളത്തിലേക്ക് വരുന്നതിൽ തനിക്ക് അഭിമാനമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഞാനില്ലെങ്കിലും ധർമ്മ മലയാളത്തിലേക്ക് വരുമായിരുന്നു. അത് എന്റെ സിനിമയിലൂടെ സംഭവിക്കുന്നതിൽ സന്തോഷമുണ്ട്. നിരവധി നിർമാതാക്കൾ മലയാള സിനിമയെ നോക്കുന്നുണ്ട്. നിങ്ങൾക്കെല്ലാം മലയാളത്തിലേക്ക് വരാൻ സാധിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും മാറ്റാതെ, ഇവിടെ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ബോളിവുഡ് പ്രൊഡക്ഷൻ ഹൗസുകൾ മലയാളത്തിലേക്ക് വന്ന് മോളിവുഡിന്റെ സ്റ്റോറി ടെല്ലിംഗ് രീതി മാറ്റുമെന്ന ധ്വനിയായിരുന്നു പൃഥ്വിരാജിന്റെ വാക്കുകളിൽ. ബോളിവുഡ് പ്രൊഡക്ഷൻ ഹൗസുകൾ ആദ്യമായല്ല മോളിവുഡിലേക്ക് വരുന്നത്. 2025 ൽ പുറത്തിറങ്ങിയ റോന്ത് എന്ന മലയാള സിനിമ നിർമ്മിച്ചത് ബോളിവുഡ് പ്രൊഡക്ഷൻ ഹൗസായ ജംഗ്ലീ പിക്ചേർസും ചേർന്നാണ്. ഏറെ നിരൂപക പ്രശംസ നേടിയ സിനിമയാണിത്. ഫോക്സ്റ്റാർസ് സ്റ്റുഡിയോസ്, ഇറോസ് ഇന്റർനാഷണൽ സ്റ്റുഡിയോസ് തുടങ്ങിയ ബോളിവുഡ് പ്രൊഡക്ഷൻ ഹൗസുകളും നേരത്തെ തന്നെ മലയാള സിനിമകളുമായി സഹകരിച്ചിട്ടുണ്ട്.
തന്നിലൂടെ മലയാളത്തിലേക്ക് ബോളിവുഡ് പ്രൊഡക്ഷൻ ഹൗസുകൾ എത്തുന്നെന്ന പ്രതീതി ഉണ്ടാക്കാനാണ് പൃഥ്വിരാജ് ശ്രമിക്കുന്നതെന്ന് പൊതുവെ അഭിപ്രായങ്ങളുണ്ട്. ഇത് ഏറ്റുപിടിക്കാൻ പിആർ, ഫാൻ പേജുകളും. മലയാള സിനിമകൾക്ക് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ലഭിക്കുന്ന ശ്രദ്ധ മനസിലാക്കിയ പൃഥ്വിരാജ് ഇതിന്റെ പങ്കുപറ്റാനുള്ള ശ്രമമാണിപ്പോൾ നടത്തിയതെന്നും വാദമുണ്ട്. മലയാളത്തിൽ ഏറ്റവും നന്നായി സ്വയം മാർക്കറ്റ് ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. ഇത് ചിലപ്പോഴൊക്കെ സ്വയം പുകഴ്ത്തലായി ജനം കാണാറുമുണ്ട്. വൻ ഹെെപ്പ് കൊടുത്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. ഈ ചിത്രം സാമ്പത്തിക വിജയമായെങ്കിലും സംവിധാനത്തിലും തിരക്കഥയിലുമുള്ള പോരായ്മകൾ ചർച്ചയായി. അന്നും വലിയ ട്രോളുകൾ പൃഥ്വിരാജിന് നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications
