'അമ്മൂമ്മയ്ക്കൊപ്പം വിട്ടിട്ട് പോയി, അച്ഛനെ കുറിച്ച് പറയും, അമ്മ സ്നേഹിച്ചിട്ടില്ല, സിന്ധുവിനെപ്പോലെയല്ല'
കൃഷ്ണ സിസ്റ്റേഴ്സിന്റെ കസിനായ തൻവി സുധീർ ഘോഷും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയായി മാറി കഴിഞ്ഞു. സിന്ധു കൃഷ്ണയുടെ അനിയത്തി സിമിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് തൻവി. വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ തൻവി കുടുംബസമേതം കാനഡയിൽ സെറ്റിൽഡാണ്. ദിയയുടെ വിവാഹത്തിന് തൻവി മകനൊപ്പം എത്തിയിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് പഠിക്കാനായി കാനഡയിൽ എത്തിയതായിരുന്നു തൻവി.
പിന്നീട് പഠനം പൂർത്തിയാക്കി അവിടെ തന്നെ ജോലി നേടി. ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ ഭർത്താവ് പോലും തൻവിക്കൊപ്പം ഉണ്ടായിരുന്നില്ല. അന്ന് ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഒരു വർഷം മുമ്പാണ് പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച് ഇരുവരും വീണ്ടും ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്.

കൈക്കുഞ്ഞുമായി കഷ്ടപ്പെട്ടിരുന്ന കാലത്ത് തന്നെ സഹായിച്ചത് കനേഡിയൻ വനിത ഡെബിയാണെന്ന് തൻവി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമ്മയുടെ സ്ഥാനമാണ് ഡെബിക്ക് ജീവിതത്തിലെന്ന് അടുത്തിടെയും തൻവി പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സ്വന്തം അമ്മ ഒരിക്കലും മകൾ എന്ന രീതിയിൽ തന്നെ ചേർത്ത് നിർത്തിയിട്ടില്ലെന്ന് തൻവി പറയാതെ പറയുന്നുണ്ട്.
ഡെബി എന്റെ ലൈഫിൽ വന്നതിനെ എന്റെ ജീവിതത്തിലേക്ക് ഒരു മാലാഖ വന്നുവെന്ന രീതിയിലാണ് ഞാൻ കാണുന്നത്. എയ്ഞ്ചൽ പോലുള്ള സാധനങ്ങളിൽ വിശ്വസിച്ചിരുന്നയാളല്ല ഞാൻ. ഡെബി എന്റെ ജീവിതത്തിൽ വന്നശേഷമാണ് ഒരു അമ്മ എങ്ങനെയാണ് ഒരു കുട്ടിയോട് പെരുമാറേണ്ടത് എന്ന് ഞാൻ പഠിച്ചത്. എന്നെ നോക്കി വളർത്തിയത് എന്റെ അമ്മൂമ്മയാണ്.
അമ്മൂമ്മ എന്ന രീതിയിലായിരുന്നു അത്. അമ്മയും മോളും എന്ന ബോണ്ട് ആരോടും എന്റെ ലൈഫിൽ എനിക്ക് തോന്നിയിരുന്നില്ല. ഡെബിയുടെ കയ്യിൽ നിന്നാണ് ഞാൻ ഒരുപാട് പഠിച്ചത്. ഡെബിയുടെ വീട്ടിലാണ് കാനഡയിൽ വന്നശേഷം ഞാൻ ഏറെയും സമയം ചിലവഴിച്ചിട്ടുള്ളത്. മകൻ ജനിച്ചതിനുശേഷവും അങ്ങനെയായിരുന്നു. അവർ എന്റെ ആരുമല്ല. ഇവരെ പേഴ്സണലായി മുമ്പ് എനിക്ക് അറിയില്ലായിരുന്നു.
എന്റെ കുടുംബാംഗം പോലുമല്ല. പക്ഷെ ഡെബി എന്റെ ജീവിതത്തിലേക്ക് വന്നതിനേയാണ് വലിയൊരു നേട്ടമായി ഞാൻ കാണുന്നത് എന്നാണ് തൻവി പറഞ്ഞത്. തൻവിയുടെ പിതാവുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അമ്മ സിമി മറ്റൊരു വിവാഹം കഴിച്ചു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുമുണ്ട്. തൻവി സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്താണ് അച്ഛൻ ഹൃദയാഘാതം മൂലം മരിക്കുന്നത്.

പിന്നീട് സിന്ധുവിന്റെ മാതാപിതാക്കളാണ് തൻവിയെ വളർത്തിയതും വിവാഹം നടത്തി കൊടുത്തതുമെല്ലാം. ഡെബിയെ കുറിച്ച് തൻവി സംസാരിക്കുന്ന വീഡിയോ വൈറലായതോടെ തൻവിക്ക് ജന്മം നൽകിയ അമ്മ സിമിയെ കുറിച്ചായി കമന്റ് ബോക്സിൽ ചർച്ചകൾ. ദിയയേയും അശ്വിനേയും എല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് ട്രീറ്റ് ചെയ്യുന്ന സിമി എന്തുകൊണ്ട് തൻവിയോട് ആ അടുപ്പം കാണിക്കുന്നില്ല.
എന്തൊക്കെ നേടിയാലും അമ്മയെന്ന രീതിയിൽ സിമി ഒരു പരാജയമാണ് എന്നായിരുന്നു ഒരാൾ കുറിച്ചത്. മക്കൾക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്ന അമ്മയാണ് സിന്ധു. അവരെ കണ്ട് പഠിക്കാമായിരുന്നു സിമിക്ക്. എങ്കിൽ തൻവി ഇത്രയേറെ ട്രോമകൾ അനുഭവിക്കുമായിരുന്നില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്. വിവാഹശേഷം മകളെ അമ്മൂമ്മയ്ക്കൊപ്പം സിമി ഉപേക്ഷിച്ച് പോയി.
അച്ഛനെ കുറിച്ച് വാതോരാതെ തൻവി പറയാറുണ്ട്. എന്നാൽ പ്രസവിച്ച അമ്മയെ കുറിച്ച് എവിടേയും പറയാറില്ല. അതിന് അർത്ഥം അമ്മ ആ മകളെ സ്നേഹിച്ചിട്ടില്ല എന്നാണ്, അമ്മയുടെ സ്നേഹം തരുന്നതിന് പ്രസവിക്കണമെന്നില്ലെന്ന ഡെബി തെളിയിച്ചിരിക്കുന്നു.
തൻവി ഭാഗ്യം ചെയ്ത കുട്ടിയാണ്. ഈ വാക്കുകൾ കേട്ടിട്ടെങ്കിലും തൻവിയുടെ യഥാർത്ഥ അമ്മയ്ക്ക് കുറ്റബോധം ഉണ്ടാവട്ടെ എന്നിങ്ങനെയായിരുന്നു കമന്റുകൾ. അടുത്തിടെയാണ് തൻവി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിലും ഡെബി തൻവിക്കൊപ്പം ഉണ്ടായിരുന്നു.


Click it and Unblock the Notifications


