പ്രായം ഒന്നുമല്ലെന്ന് മഞ്ജു, പ്രശ്നങ്ങൾ ഓരോന്നായി നിരത്തി രഞ്ജിനി; തുറന്ന് പറച്ചിൽ ഗൗരവമുള്ളത്
കഴിഞ്ഞ ദിവസമാണ് ആങ്കർ രഞ്ജിനി ഹരിദാസ് തന്റെ പെരിമെനോപോസ് ഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ജീവിതം തന്റെ നിയന്ത്രണത്തിൽ അല്ലാതായെന്ന് തോന്നുന്നെന്ന് രഞ്ജിനി പറയുന്നു. ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിൽ തന്റെ ബുദ്ധിമുട്ടുകൾ രഞ്ജിനി തുറന്ന് പറയുന്നത്. തോളുകൾ മരവിക്കുന്ന അവസ്ഥ, വേദന, മൂഡ് സ്വിംഗ്സ് എന്നിവയൊക്കെയാണ് രഞ്ജിനി നേരിടുന്ന പ്രശ്നങ്ങൾ. പലരുടെയും കണ്ണ് തുറപ്പിക്കുന്ന തുറന്ന് പറച്ചിലാണ് രഞ്ജിനിയുടേത്.
പെരിമെനോപോസ് ഘട്ടത്തെക്കുറിച്ച് പല സ്ത്രീകളും തുറന്ന് സംസാരിക്കാറില്ല. പ്രത്യേകിച്ച് സെലിബ്രിറ്റികൾ. ഹോർമോണൽ വ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. രഞ്ജിനി വിവാഹിതയോ അല്ല. തന്റെ മാറ്റങ്ങൾ മനസിലാക്കാനും അത് പ്രതിരോധിക്കാനുള്ള വഴികളും രഞ്ജിനി തേടുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് അമ്മയായി കുടുംബ ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും പെരിമെനോപോസിനെക്കുറിച്ച് അവബോധമില്ല. ഇവരെ മനസിലാക്കുന്ന കുടുംബാന്തരീക്ഷവുമല്ല മിക്കവർക്കും. രഞ്ജിനിയുടെ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഇതിന് തെളിവാണ്. പലർക്കും തങ്ങളുടെ മുപ്പതുകളുടെ പകുതിയിൽ തന്നെ ഈ മാറ്റം വരുന്നു.

പ്രായം വെറും നമ്പറാണ് എന്ന വാചകം അടുത്ത കാലത്ത് വ്യാപകമായി സ്വീകാര്യത നേടിയതാണ്. എന്നാൽ പ്രായം ഉണ്ടാക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അതിനായി തയ്യാറെടുക്കാനും സമൂഹം പഠിപ്പിക്കുന്നില്ല. നടി മഞ്ജു വാര്യർ ഒരിക്കൽ പ്രായത്തെക്കുറിച്ച് പറഞ്ഞതും ഇതോടൊപ്പം ചർച്ചയാകുന്നു.
എനിക്കിപ്പോൾ 46 വയസാണ്. 46 ഒരു പ്രായമല്ല. ചെറുപ്പത്തിൽ 30 വയസ് എന്ന് പറഞ്ഞാൽ വളരെ പ്രായമായെന്ന് തോന്നും. എന്നാൽ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. 46 എന്ന വയസ് ഒന്നുമല്ല. നാൽപതുകൾ വളരെ ചെറുപ്പമാണ്. എനർജറ്റിക്കായി ഇരിക്കാം. ഇപ്പോൾ ഞാനെന്റെ അമ്പതുകളിലേക്ക് നോക്കുന്നു. അമ്പതുകളിൽ ഇതിലും ഊർജസ്വലയായി ഇരിക്കാമല്ലോ എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. എന്നാൽ മഞ്ജുവിന്റെ അഭിപ്രായമല്ല രഞ്ജിനി ഹരിദാസിന്. നാൽപതുകളിലേക്ക് കടന്ന ശേഷം താനനുഭവിക്കുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ രഞ്ജിനിയെ അലോസരപ്പെടുത്തുന്നുണ്ട്.
രഞ്ജിനിയുടെ തുറന്ന് പറച്ചിൽ ഉത്തരവാദിത്ത ബോധത്തോടെയുള്ളതാണെന്നും മഞ്ജുവിന്റെതേ് ഒരു പരിധി വരെ ഭംഗിവാക്കുകളാണെന്നും അഭിപ്രായമുണ്ട്. അതേസമയം രണ്ട് പേരും കടന്ന് വന്ന വഴികൾ വ്യത്യസ്തമാണ്. വളരെ ചെറിയ പ്രായം മുതൽ സ്വതന്ത്രയായി ജീവിക്കുന്ന ആളാണ് രഞ്ജിനി. നാൽപതുകളിൽ തന്റെ ജീവിതത്തിന്റെ നിയന്ത്രണം കയ്യിൽ നിന്ന് പോകുന്നെന്ന ആശങ്ക രഞ്ജിനിക്കുണ്ട്. എന്നാൽ മറുവശത്ത് മഞ്ജു വാര്യർ തന്റെ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അമ്മയായ ആളാണ്. ഹോർമോണൽ വ്യതിയാനുമുണ്ടാക്കുന്ന പ്രശ്നങ്ങൾ ആ പ്രായത്തിലേ മഞ്ജു അഭിമുഖീകരിച്ചു. മറുവശത്ത് രഞ്ജിനി ഈ ജീവിത പാതയല്ല തെരഞ്ഞെടുത്തത്. പെട്ടെന്നുള്ള ഈ മാറ്റങ്ങൾ ഉൾക്കാെള്ളാൻ രഞ്ജിനിക്ക് സാധിക്കുന്നില്ല.


Click it and Unblock the Notifications